UPDATES

ട്രെന്‍ഡിങ്ങ്

വികസനവും അഴിമതി വിരുദ്ധതയും ഏശുന്നില്ല; യുപിയില്‍ ബിജെപി വീണ്ടും ധ്രുവീകരണത്തിന്?

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യു.പി രാഷ്ട്രീയത്തില്‍ രാംമന്ദിര്‍-അയോധ്യ വിഷയം ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായി ഉന്നയിക്കാറില്ലായിരുന്നു.

2014-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യു.പിയില്‍ നിന്ന് നേടിയത് 71 സീറ്റുകളാണ്. ഒന്നര വര്‍ഷത്തെ ഭരണത്തിനു പിന്നാലെ 2002-ല്‍ രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനു ശേഷം യു.പിയില്‍ ബി.ജെ.പിക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. രാഷ്ട്രീയമായി ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള സംസ്ഥാനം ഏകദേശം 15 വര്‍ഷത്തിനു ശേഷം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണ ബി.ജെ.പി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80-ല്‍ 71 സീറ്റും നേടാന്‍ ബി.ജെ.പിയെ സഹായിച്ചതിന് പിന്നില്‍ പ്രധാനമായും രണ്ടു കാരണങ്ങളുണ്ടായിരുന്നു. 1. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ ‘അച്ഛാ ദിന്‍’ മുദ്രാവാക്യമുയര്‍ത്തി നരേന്ദ്ര മോദി രാജ്യവ്യാപകമായി നടത്തിയ വമ്പന്‍ പ്രചരണം. 10 വര്‍ഷം കേന്ദ്രം ഭരിച്ച യു.പി.എ സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും സര്‍ക്കാരിനെതിരെ ഉയര്‍ന്ന വ്യാപകമായ അഴിമതി ആരോപണങ്ങളും രാഷ്ട്രീയകാലാവസ്ഥ ബി.ജെ.പിക്ക് അനുകൂലമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ഉയര്‍ത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയെ സഹായിക്കുന്നതായിരുന്നു. പ്രാദേശിക ശക്തികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും വീതം വച്ചിരുന്ന സീറ്റുകളിലേക്കാണ് ബി.ജെ.പി അങ്ങനെ കടന്നുകയറിയത്. ഇതിനു ബി.ജെ.പിയെ സഹായിച്ച രണ്ടാമത്തെ ഘടകമായിരുന്നു മുസഫര്‍നഗര്‍-ഷാംലി കലാപം. 50-ലേറെപ്പേര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്ത, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന കലാപം ഹിന്ദുത്വ വോട്ട്ബാങ്ക് ഒറ്റക്കെട്ടായി നിലനിര്‍ത്തുന്നതില്‍ ബി.ജെ.പിയെ വളരെയധികം സഹായിച്ചു.

ജാട്ട്-മുസ്ലീം കലാപത്തിന്റെ മുറിപ്പാടുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. അതിനിടെയാണ് സംസ്ഥാനം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. അപ്പോള്‍ യു.പി തെരഞ്ഞെടുപ്പിനെ എന്തൊക്കെ കാര്യങ്ങളായിരിക്കും സ്വാധീനിക്കുക, അതില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ എന്തൊക്കെയാണ് എന്നാണ് ഇവിടെ പരിശോധിക്കാന്‍ ശ്രമിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിച്ച് അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പിയെ നേരിടുന്നത്. ഇരുകൂട്ടരും സീറ്റുകളുടെ കാര്യത്തിലും ധാരണയിലെത്തിക്കഴിഞ്ഞു. അഖിലേഷിന്റെ ജനപ്രീതിയും വികസന നായകന്‍ എന്ന പ്രതിച്ഛായയുമാണ് ഇത്തവണ സഖ്യത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. സമാജ്‌വാദി പാര്‍ട്ടിയില്‍ ഉണ്ടായ  ‘കലാപ’ങ്ങള്‍ ആസൂത്രിതമായിരുന്നോ എന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണ് ഇന്ന് യു.പിയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന പേര് അഖിലേഷിന്റേതായതും. 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29 ശതമാനം വോട്ട് നേടിയാണ് സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ്-11.63, ആര്‍.എല്‍.ഡി 2.3 ശതമാനം വോട്ടും നേടിയിരുന്നു. ഇത്തവണ ഇതാവര്‍ത്തിച്ചാല്‍ 40 ശതമാനത്തിനടുത്ത് വോട്ടു നേടി എസ്.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തും.

എന്നാല്‍ മുസഫര്‍നഗര്‍ കലാപ സമയത്ത് അഖിലേഷ് ഭരണകൂടം തണുത്ത സമീപനം സ്വീകരിച്ചതില്‍ അമര്‍ഷമുള്ള മുസ്ലീം സമുദായം ഒന്നടങ്കം ഈ സഖ്യത്തിനൊപ്പം നില്‍ക്കുമോ എന്ന പേടി എസ്.പിക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മകന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം കൈമാറേണ്ടി വന്ന മുലായം സിംഗ് യാദവ് ആ ദിവസങ്ങളില്‍ നടത്തിയ ഒരു പ്രസ്താവന തന്നെ ഇതിന്റെ തെളിവാണ്. മുസ്ലീം സമുദായത്തെ വേണ്ട വിധത്തില്‍ അഖിലേഷ് പരിഗണിക്കുന്നില്ല എന്നായിരുന്നു അത്. രണ്ടു വിധത്തില്‍ ഇതിനെ വ്യാഖ്യാനിക്കാം. എസ്.പി ഇപ്പോഴും യാദവ-മുസ്ലീം എന്ന തങ്ങളുടെ പരമ്പരാഗത കൂട്ടുകെട്ടിനൊപ്പം തന്നെയാണ്. അഖിലേഷ് ശ്രദ്ധിച്ചില്ലെങ്കിലും തിരുത്താന്‍ ഒരാളുണ്ട്. എങ്കിലും ഇത് ഇത്തവണ ഫലവത്താകുമോ എന്ന സംശയം ചിലയിടങ്ങളിലെങ്കിലും നിലനില്‍ക്കുന്നുണ്ട്. അതിലാണ് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പ്രതീക്ഷ. ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ലെങ്കിലും മോശമല്ലാത്ത 19 ശതമാനം വോട്ട് നേടാന്‍ ബി.എസ്.പിക്ക് അന്നും കഴിഞ്ഞിരുന്നു. 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു ശതമാനത്തോളം വോട്ട് കുറഞ്ഞിരുന്നെങ്കിലും 26 ശതമാനം അപ്പോഴും മായാവതിയുടെ അക്കൗണ്ടിലുണ്ടായിരുന്നു. ഇത്തവണ മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് മായാവതിയും പാര്‍ട്ടിയും നിശബ്ദമായ പ്രചരണമാണ് ഏറെക്കാലമായി നടത്തുന്നത്. ചില നേതാക്കള്‍ കൊഴിഞ്ഞു പോയതും നോട്ട് നിരോധനം പാര്‍ട്ടിയുടെ പ്രചരണ പരിപാടികളെ ദോഷകരമായി ബാധിച്ചുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതും ബി.എസ്.പിയെ തളര്‍ത്തിയിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മായാവതി ഇത്തവണ മൂന്നാം സ്ഥാനത്തു മാത്രമേ എത്തൂ എന്നാണ് പല അഭിപായ സര്‍വേകളും പറഞ്ഞതും. എന്നാല്‍ അടിസ്ഥാന ദളിത് വോട്ട് ബാങ്കില്‍ വലിയ വിള്ളല്‍ വീണിട്ടില്ല എന്നതാണ് നേര്.

അതേ സമയം, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്. എസ്.പി-കോണ്‍ഗ്രസ് സഖ്യവും ബി.എസ്.പിയും പ്രധാന ശത്രുവായി കാണുന്നത് ബി.ജെ.പിയെയാണ്. കഴിഞ്ഞ ദിവസം നടന്ന യു.പി നേതാക്കളുടെ യോഗത്തില്‍ മോദി നല്‍കിയ നിര്‍ദേശം BJP X SCAM എന്നതായിരിക്കണം പ്രചരണായുധം എന്നായിരുന്നു. S എന്നാല്‍ സമാജ്‌വാദി, C-കോണ്‍ഗ്രസ്, A-അജിത് സിംഗ്, M-മായാവതി.

വളരെ നേരത്തെ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2014-ല്‍ പാര്‍ട്ടിയിലേക്ക് വരികയും രോഹിത് വെമൂല, ഉന വിഷയങ്ങളോടെ പാര്‍ട്ടിയില്‍ നിന്ന് അകന്ന് ബി.എസ്.പിയിലേക്കും കോണ്‍ഗ്രസിലേക്കും തിരിച്ചുപോയ ദളിത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി. ഇപ്പോള്‍ മായാവതിയുടെ സമുദായമായ ചമാര്‍ ഒഴിച്ചുള്ള ദളിത് വിഭാഗങ്ങളെയെങ്കിലും ഒപ്പം നിര്‍ത്താന്‍ കഴിയുമോ എന്ന ശ്രമവും പാര്‍ട്ടി നടത്തുന്നുണ്ട്. കാരണം 2014 ഒഴിച്ചു നിര്‍ത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വോട്ട് ശതമാനം ഓരോ തവണയും കുറഞ്ഞുവരികയായിരുന്നു. 2014-ല്‍ 42 ശതമാനം വോട്ടാണ് പാര്‍ട്ടി നേടിയത്. എന്നാല്‍ 1996-ല്‍ 32.51 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് 2002 ആയപ്പോള്‍ ഇത് 20.12 ശതമാനമായി കുറഞ്ഞു. 2007-ല്‍ ആകട്ടെ ഇത് 16.97 ശതമാനമായി. കഴിഞ്ഞ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് വീണ്ടും കുറഞ്ഞ് 15 ശതമാനമാവുകയും ചെയ്തിരുന്നു.

പ്രധാനമായും മോദി തന്നെയാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചരണായുധം. നോട്ട് നിരോധനം അടക്കമുള്ള ‘അഴിമതി വിരുദ്ധ നടപടി’കളും വികസന അജണ്ടയുമാണ് യു.പിയിലെ തെരഞ്ഞെടുപ്പ് വിഷയമായി ബി.ജെ.പി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നോട്ട് നിരോധനം പ്രതീക്ഷിച്ച വിധത്തില്‍ വിജയമാകാതിരിക്കുകയും പാര്‍ട്ടിക്കൊപ്പം 2014-ല്‍ നിന്ന ജാട്ട് കര്‍ഷകര്‍ അടക്കം ബി.ജെ.പിയെ തള്ളിപ്പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബി.ജെ.പി കളം മാറ്റുകയാണ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യു.പി രാഷ്ട്രീയത്തില്‍ രാംമന്ദിര്‍-അയോധ്യ വിഷയം ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായി ഉന്നയിക്കാറില്ലായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രകടന പത്രികകളില്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും പ്രായോഗികമായി ഇത് തിരിച്ചടിക്കുകയേ ഉള്ളൂ എന്ന ബോധ്യത്തിലായിരുന്നു ഈ നീക്കം. വി.എച്ച്.പി, ബജ്‌രംഗ് ദള്‍ അടക്കമുള്ള സംഘടനകള്‍ ഈ വിഷയം ശക്തമായി ഉയര്‍ത്തുമ്പോഴും ഇതില്‍ നിന്ന് തന്ത്രപരമായ അകലമാണ് ബി.ജെ.പി നേതാക്കള്‍ പാലിച്ചിരുന്നത്. എന്നാല്‍ അത് മാറുകയാണ് എന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കേശവ പ്രസാദ് മൗര്യ തന്നെ നടത്തിയ പ്രസ്താവന സൂചിപ്പിക്കുന്നത്. അതായത്, 2014-ല്‍ ധ്രുവീകരണമുണ്ടാക്കിയതിന്റെ പ്രധാന കാരണം മുസഫര്‍നഗര്‍ കലാപമായിരുന്നെങ്കില്‍ ഇത്തവണ ഹിന്ദുത്വ അജണ്ട വിവിധ രൂപത്തില്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നു വ്യക്തം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തന്നെ ആയതിനാല്‍ ഇത് പാര്‍ട്ടി നേതൃത്വമോ പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആര്‍.എസ്.എസോ അറിയാതെയല്ല എന്ന് വ്യക്തം. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് എന്ന വിശദീകരണവുമായി മൗര്യ പിന്നീട് രംഗത്തു വന്നെങ്കിലും തങ്ങള്‍ പ്രതീക്ഷിക്കുന്ന വോട്ടര്‍മാര്‍ക്ക് ആവശ്യമായ സൂചനകള്‍ ഇതിലൂടെ അദ്ദേഹം നല്‍കിക്കഴിഞ്ഞു. 2013-ല്‍ മുസഫര്‍നഗറിനു മുമ്പ് അമിത് ഷായുടെ ‘ഇത് കണക്കുകള്‍ തീര്‍ക്കാനുള്ള സമയമാണ്’ എന്ന വിവാദ പ്രസ്താവനയോടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ ഉപമിക്കുന്നത്. ഷായെ പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റവിമുക്തനാക്കിയെങ്കിലും പാര്‍ട്ടി ഉദ്ദേശിച്ച ഫലം നേടുക തന്നെ ചെയ്തു.

യു.പി പിടിക്കുക എന്നത് ബി.ജെ.പിയുടേയും മോദിയുടേയും രാഷ്ട്രീയ നിലനില്‍പ്പിന്റെ ഭാഗം കൂടിയാണ്. പഞ്ചാബില്‍ അധികാരത്തില്‍ തിരിച്ചു വരിക ഏറെക്കുറെ അസാധ്യമാണ് എന്നാണ് സൂചനകള്‍. യു.പി വിജയിക്കാന്‍ കഴിഞ്ഞാല്‍ അടുത്തതായി നടക്കാന്‍ പോകുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിക്കും. പട്ടേല്‍ സമരം, ഉനയിലെ ദളിത് പീഡനം, ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് പോരുകള്‍, ആം ആദ്മി പാര്‍ട്ടി ശക്തി പ്രാപിക്കുന്നത് ഒക്കെ മോദിയുടെ സ്വന്തം സംസ്ഥാനത്ത് ബി.ജെ.പിയെ തളര്‍ത്തിയിട്ടുണ്ട്. ഗുജറാത്ത് കഴിഞ്ഞാല്‍ പിന്നെ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ആരംഭിക്കുകയായി. യു.പി പോയാല്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാവുക 2019-ല്‍ തന്നെയായിരിക്കും. അതായത്, മോദിക്ക് ഒരു രണ്ടാമൂഴം ഉണ്ടാകില്ല എന്നു ചുരുക്കം.

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ യു.പിയിലും ബി.ജെ.പിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍. തുടക്കത്തില്‍ മോദിയുടെ വികസന അജണ്ട മുന്നോട്ട് വച്ച് പ്രചരണം തുടങ്ങിയ പാര്‍ട്ടി മഹാസഖ്യത്തിനു മുന്നില്‍ അടിയറവ് പറയുമെന്ന സൂചനകള്‍ ലഭിച്ചതോടെ ധ്രുവീകരണ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മോദിയും മോശമായിരുന്നില്ല. ബിഹാറില്‍ ബി.ജെ.പി തോറ്റാല്‍ പടക്കം പൊട്ടുന്നത് പാക്കിസ്ഥാനിലായിരിക്കുമെന്ന് അമിത് ഷാ പ്രസ്താവിച്ചതും ഇതിനെ തുടര്‍ന്നായിരുന്നു.

യു.പിയില്‍ ഇത്തവണ ജയിക്കാന്‍ ഏതറ്റം വരെയും പോകും എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ബി.ജെ.പി. കാരണം മോദിയുടെ വികസന നായകന്‍ എന്ന പ്രതിച്ഛായ ഇപ്പോള്‍ യു.പിയില്‍ ഏല്‍ക്കില്ല. കാരണം യു.പിയെ സംബന്ധിച്ചിടത്തോളം ഈ പദവിയിലുള്ളത് അഖിലേഷ് യാദവാണ്. അഴിമതി വിരുദ്ധ നായകന്‍ എന്ന പ്രതിച്ഛായ നോട്ട് നിരോധനത്തിലെ ഒളിച്ചുകളികള്‍ കൊണ്ട് ഏതാണ്ടൊക്കെ അവസാനിച്ചിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ ഓരോ ദിവസവും കൂപ്പുകുത്തുന്നു, തൊഴില്‍ നഷ്ടങ്ങള്‍ വര്‍ധിച്ചു വരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ഇപ്പോഴും യു.പിയിലേക്കും ബിഹാറിലേക്കുമൊക്കെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ അമര്‍ഷം പ്രകടമാണ്. ഈ സാഹചര്യത്തെ വഴി തിരിച്ചുവിടാനുള്ള ഏറ്റവും നല്ല ആയുധം മത ധ്രുവീകരണമാണെന്ന് ബി.ജെ.പി മുമ്പും തെളിയിച്ചിട്ടുണ്ട്.

മുസഫര്‍ നഗര്‍ കലാപ കേസിലും ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളോട് അനുബന്ധിച്ച് അവിടെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കേസുകളില്‍ പ്രതിയായ സര്‍ദാനയിലെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ ഒരു പ്രചരണ പോസ്റ്ററിലെ വാചകങ്ങള്‍ തന്നെ ഇതിന് തെളിവ്: ഏക്താ കി ശാന്‍ സംഗീത് സോം, ഹിന്ദു കി പഹ്ചാന്‍ സംഗീത് സോം. (ഹിന്ദു ഐക്യത്തിന്റെ അഭിമാനമാണ് സംഗീത് സോം).

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍