UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ഒടുവില്‍ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് ധാരണയായി

105 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് സമാജ്‌വാദി

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ച് മത്സരിക്കാന്‍ ധാരണയായി. ഇന്ന് നടന്ന സിറ്റ് വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് 105 സീറ്റെന്ന ധാരണ ഉരുത്തിരിഞ്ഞതാണ് നിര്‍ണായകമായത്. സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളില്‍ മത്സരിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഇടപെട്ടതോടെയാണ് സഖ്യചര്‍ച്ചകള്‍ ഫലം കണ്ടത്. ‘സഖ്യമായി മത്സരിച്ചാല്‍ പരമാവധി 100 സീറ്റ് അല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരം’ എന്ന് സമാജ്‌വാദി പാര്‍ട്ടി നിലപാട് കടുപ്പിച്ചതോടെയാണ് ചര്‍ച്ചകളില്‍ സോണിയ ഇടപെട്ടത്. കുറഞ്ഞത് 121 സീറ്റുകളെന്ന നിലപാടില്‍ നിന്നും കോണ്‍ഗ്രസും പരമാവധി 100 സീറ്റുകളെന്ന നിലപാടില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതും ഗുണം ചെയ്തു.

സമാജ്‌വാദി പാര്‍ട്ടിയുമായി മികച്ച ബന്ധമുള്ള പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിട്ടും സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെയാണ് സോണിയ ചര്‍ച്ചകളുടെ ഭാഗമായത്. പ്രിയങ്ക-രാഹുല്‍ സഖ്യത്തിന് യുപിയിലെ കാര്യങ്ങള്‍ വിട്ടുകൊടുത്ത് ഇതുവരെയും അണിയറയിലായിരുന്നു സോണിയയുടെ പ്രവര്‍ത്തനം. ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി അടുത്തതോടെയാണ് സഖ്യചര്‍ച്ചകള്‍ ചൂടുപിടിച്ചത്.

യുപിയുടെ ചുമതലയുള്ള ഗുലാംനബി ആസാദ്, യുപിസിസി പ്രസിഡന്റ് രാജ് ബബ്ബര്‍ എന്നിവരും സോണിയയ്‌ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും അമേഠി, റായ് ബറേലി മണ്ഡലങ്ങളിലടക്കം കോണ്‍ഗ്രസിന്റെ ഒമ്പത് സിറ്റിംഗ് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ഇരുപാര്‍ട്ടികളും തമ്മില്‍ നേരത്തെ ഉടലെടുത്ത സഖ്യധാരണ തുലാസിലായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് 54 സീറ്റുകളില്‍ രണ്ടാമതെത്തിയിരുന്നു. പ്രിയങ്ക സജീവ പ്രചരണത്തിനെത്തുന്നതോടെ സഖ്യം ശക്തമായ മേല്‍ക്കോയ്മ നേടും എന്ന് ചൂണ്ടിക്കായായിരുന്നു കോണ്‍ഗ്രസിന്റെ വിലപേശല്‍.

സഖ്യപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെയാണ് സഖ്യം തുലാസിലായത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍