UPDATES

വായിച്ചോ‌

യുപിയില്‍ മോദിയുടെ ഗുജറാത്ത് പ്രേതം

2002ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ചെയ്തതിന് സമാനമായ വര്‍ഗീയധ്രൂവീകരണം നടത്താനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെ കുറിച്ച് പുസ്തകം എഴുതിയ വ്യക്തിയുമായ റാണ അയൂബ്

2002ലെ ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ചുള്ള ആരോപണങ്ങളില്‍ തന്നെയാണ് സ്വതന്ത്രചിന്തകര്‍ നില്‍ക്കുന്നതെന്ന് മോദിയുടെ ആരാധകര്‍ ഇപ്പോള്‍ ആരോപിക്കുന്നു. എന്നാല്‍ 2002ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ചെയ്തതിന് സമാനമായ വര്‍ഗീയധ്രൂവീകരണം നടത്താനാണ്, ഇപ്പോഴത്തെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിലും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തിലെ മോദിയുടെയും അമിത് ഷായുടെയും പങ്കിനെ കുറിച്ച് പുസ്തകം എഴുതിയ വ്യക്തിയുമായ റാണ അയൂബ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച യുപിയിലെ ഫത്തേപ്പൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് എന്‍ഡിടിവി.കോമില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ പറയുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് റാണ അയൂബ് തന്റെ ലേഖനം ആരംഭിക്കുന്നത്. ‘ശ്രാവണ മാസത്തില്‍ നര്‍മ്മദയില്‍ നിന്നും എനിക്ക് വെള്ളം ലഭിച്ചെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ അവരുടെ വഴിയിലായിരുന്നെങ്കില്‍ റംസാന്‍ മാസത്തില്‍ അവര്‍ക്കത് ലഭിക്കുമായിരുന്നു. നമ്മള്‍ എന്താണ് ചെയ്യേണ്ടത്? അവര്‍ക്ക് വേണ്ടി ദുരിതാശ്വാസ കാമ്പുകള്‍ ആരംഭിക്കണോ? നമ്മള്‍ ശിശു ഉല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങണോ? നമ്മള്‍ അഞ്ച് പേര്‍ നമുക്ക് 25 കുട്ടികള്‍ എന്നാണ് കണക്ക്. അതിന്റെ ജനസംഖ്യ വളര്‍ച്ച നിയന്ത്രിക്കാനും പാവങ്ങള്‍ക്ക് പണം എത്തിക്കാനും ഗുജറാത്തിന് സാധിക്കുന്നില്ല.’

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും മോദിയുടെ വാക്കുകള്‍ മാറുന്നില്ല. 2002ലെ പ്രേതത്തെ ഉറങ്ങാന്‍ വിടാന്‍ ശ്രമിക്കുന്നവരെ അദ്ദേഹം നിരാശരാക്കുന്നു. ഒരു ഗ്രാമത്തില്‍ ഒരു കബറിസ്ഥാന്‍ ഉണ്ടെങ്കില്‍ അവിടെ ചിതയൊരുക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണമെന്നും റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ അത് ദീപവലിക്കും ലഭിക്കണമെന്നും മോദി വാചാലനാവുന്നു. മതത്തിന്റെ അതിസ്ഥാനത്തില്‍ വിവേചനം ഉണ്ടാവരുതെന്ന് അദ്ദേഹം ഉത്‌ഘോഷിക്കുന്നു. യുപിയിലെ അഖിലേഷ് യാദവ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെയാണ് മോദി ശബ്ദമുയര്‍ത്തിയത് എന്നാണ് വിശദീകരണം. സ്വതന്ത്ര്യം ലഭിച്ച അന്നുമുതല്‍ വലതുപക്ഷ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ആരോപണമാണ് ഇത്. മറ്റൊരു യോഗത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ധ്യക്ഷ അമിത് ഷായും സമാനമായ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചു. അഖിലേഷ് യാദവ് സര്‍ക്കാരില്‍ നിന്നും ലാപ്‌ടോപ് ലഭിച്ചോ എന്ന് അദ്ദേഹം മധുരയിലെ ആള്‍ക്കൂട്ടത്തോട് ചോദിച്ചു. ഇല്ല എന്ന ഉത്തരമാണ് കിട്ടിയത്. എന്നാല്‍ ‘അവര്‍ക്ക്’ അഖിലേഷ് സര്‍ക്കാരില്‍ നിന്നും ലാപ്‌ടോപ് കിട്ടി എന്ന ഒരു നീഗൂഢ പരാമര്‍ശം അമിത് ഷാ നടത്തി. എന്നാല്‍ ലാപ്‌ടോപുകളുടെ വിതരണത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ വിവേചനം നടന്നു എന്ന് തെളിയിക്കുന്ന ഒരു രേഖയും നിലവിലില്ല എന്നിരിക്കെ ഇരുവരുടെയും ഗൂഢലക്ഷ്യം വ്യക്തമാവുന്നു.

ഇതാദ്യമായല്ല മോദിയും സംഘവും തിരഞ്ഞെടുപ്പിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. ബിഹാറില്‍ തങ്ങള്‍ ജയിച്ചില്ലെങ്കില്‍ പാകിസ്ഥാനില്‍ പടക്കം പൊട്ടും എന്നൊരു വിവാദപരാമര്‍ശം അന്ന് അമിത് ഷാ നടത്തിയിരുന്നു. അഖിലേഷ് യാദവ് അധികാരദുര്‍വിനിയോഗം നടത്തുകയാണെന്ന് പറയുന്നതിനോ തന്റെ സര്‍ക്കാരിന്റെ വികസന അജണ്ട സ്ഥാപിക്കാനോ ആണ് മോദി ശ്രമിക്കുന്നതെങ്കില്‍ നോട്ട് നിരോധനത്തെയും മടക്കിക്കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട കള്ളപ്പണത്തെയും കുറിച്ചല്ലേ അദ്ദേഹം യോഗങ്ങളില്‍ സംസാരിക്കേണ്ടതെന്നും റാണ അയൂബ് ചോദിക്കുന്നു.

കൂടുതല്‍ വായിക്കൂ: https://goo.gl/kKunnh

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍