UPDATES

വിധി എന്തായാലും മാര്‍ച്ച് 11 ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റും

പാര്‍ട്ടിയിലും പ്രതിപക്ഷത്തുമുള്ള വിമര്‍ശകര്‍ക്കെതിരെ കൂടുതല്‍ ഒത്തുതീര്‍പ്പിന് മോദി ശ്രമിക്കുമോ? അതോ കൂടുതല്‍ ആക്രമണോത്സുകതയും രാഷ്ട്രീയത്തിലെ ധ്രുവീകരണത്തിന്റെ ശൈലിയും തുടരുമോ?

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അടുത്ത കുറച്ചുകാലത്തേക്കുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുമെന്നത് ഇപ്പോള്‍ ഒരു തര്‍ക്കമില്ലാത്ത സാമാന്യോക്തി ആയി മാറിയിരിക്കുന്നു. രാജ്യത്തെ ആറിലൊരു പേര്‍ ഈ സംസ്ഥാനത്താണ് ജീവിക്കുന്നത്. ഒറ്റയ്ക്കെടുത്താല്‍ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകാം ഇത്. എന്നാല്‍ ഈ വമ്പന്‍ മാനദണ്ഡങ്ങളെക്കാളും യുപി തെരഞ്ഞെടുപ്പ് വലിപ്പമാര്‍ജിക്കുന്ന ചില ചരിത്ര സന്ധികളുണ്ട്. ഈ തെരഞ്ഞെടുപ്പിന്റെ സാഹചര്യവും സമയവും വെച്ചുനോക്കിയാല്‍ നമ്മള്‍ അത്തരമൊരു നിമിഷത്തിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തു വിതരണത്തിലിരുന്ന 86% നോട്ടും പിന്‍വലിച്ചതിനുശേഷം രാജ്യത്തു നടക്കുന്ന ആദ്യവട്ട നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആണിത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയതായതുകൊണ്ടു യുപിയിലെ വിധി നോട്ട് പിന്‍വലിക്കിന്‍മേലുള്ള ഒരു ഹിതപരിശോധന കൂടിയായി കണക്കാക്കും. ബിജെപി ഉത്തര്‍പ്രദേശില്‍ വിജയിക്കുകയോ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയോ ചെയ്താല്‍ പോലും അത് മോദിക്ക് അനുകൂലമായ വിധിയായി വിലയിരുത്തും. അത് മോദി ബിജെപിയിലെ ഏറ്റവും ജനപ്രിയ നേതാവാണെന്ന് മാത്രമല്ല അദ്ദേഹത്തിന് ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയ ചോദനകളുണ്ടെന്നും തെളിയും. അത്രത്തോളമില്ലെങ്കിലും പാര്‍ട്ടി തലവനും മോദിയുടെ വിശ്വസ്തനുമായ അമിത് ഷായും ഒരു പരിധിവരെ നേട്ടമുണ്ടാക്കും. അത്തരമൊരു വിധി, ഇപ്പോഴേ ദുര്‍ബലമായ പ്രതിപക്ഷത്തിനെതിരെ കൂടുതല്‍ ആക്രമണോത്സുകമായ നിലപാടെടുക്കാന്‍ പ്രധാനമന്ത്രിയെ ധൈര്യപ്പെടുത്തും.

ഇനി മറിച്ച്, ബിജെപി തെരഞ്ഞെടുപ്പില്‍ രണ്ടോ മൂന്നോ സ്ഥാനത്ത് എത്തിയാല്‍ അത് മോദിക്കും ഷായ്ക്കും വലിയ തിരിച്ചടിയാകും. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 328-ലും മുന്‍തൂക്കം നേടിയതിനുശേഷം, ഇങ്ങനെയൊരു നിയമസഭ ഫലം പാര്‍ട്ടി കുത്തനെ താഴെപ്പോന്നതായാണ് വിലയിരുത്തുക. ഇപ്പോള്‍ ബിജെപിയില്‍ ഒതുക്കപ്പെട്ട മോദിയുടെ പല എതിരാളികളും നോട്ട് പിന്‍വലിക്കല്‍ പോലൊരു കണ്ണും മൂക്കുമില്ലാത്ത രാഷ്ട്രീയ ചൂതാട്ടം നടത്തിയ ആളുടെ കയ്യില്‍ പാര്‍ട്ടിയുടെ ഭാവി ഭദ്രമാണോ എന്നു ചോദിക്കാന്‍ ധൈര്യപ്പെടും. മോദിയുടെ ഒരു പ്രതിപുരുഷന്‍ എന്ന നിലയില്‍ മിക്ക വിമര്‍ശനവും ഷായുടെ നേരെ തിരിച്ചുവിടാനാണ് സാധ്യത. പക്ഷേ യുപിയിലെ ബിജെപി തോല്‍വി സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കും ബിജെപിയെ ബാധിക്കും.

സംസ്ഥാനത്തെ രണ്ടു പ്രധാന എതിരാളികളില്‍ ആര് ഒന്നാമതെത്തിയാലും-സമാജ് വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം, ബഹുജന്‍ സമാജ് പാര്‍ട്ടി- അതവരുടെ ദേശീയ മോഹങ്ങളെ ശക്തിപ്പെടുത്തും. 2015 ഒക്ടോബറിലെ ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം 2019-ല്‍ മോദി നയിക്കുന്ന ബിജെപിക്കെതിരായി ഒരു സാധ്യത ഐക്യ സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രിയെ നിതീഷ് കുമാറിന്റെ പേര് പറഞ്ഞിരുന്നു. യുപിയില്‍ ഈ ഘട്ടത്തില്‍ ബിജെപിയെ തോല്‍പ്പിക്കുന്നത് അഖിലേഷ് യാദവിനെയോ മായാവതിയെയോ ആ സ്ഥാനത്തേക്ക് കൊണ്ടുവരും.

അത്തരമൊരു അവസ്ഥ, ബിഹാര്‍ മാതൃകയിലുള്ള ഒരു മഹാസഖ്യത്തിന് മാത്രമേ ബിജെപിയെ നേരിടാനാകൂ എന്ന ധാരണയ്ക്കുമേലും ചോദ്യങ്ങള്‍ ഉയര്‍ത്തും. എസ്പി വിജയിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ ഒന്നാമതെത്തുകയാണെങ്കില്‍ അതില്‍ യുപിയില്‍ വെറും സഹനടന്റെ വേഷമുള്ള കോണ്‍ഗ്രസിന് വലിയ പങ്കൊന്നുമുണ്ടാവില്ല.

കുടുംബരാഷ്ട്രീയത്തിന്റെ കുഴപ്പങ്ങളെ നേരെയാക്കാനുള്ള ശേഷി മാത്രമല്ല, ജനങ്ങളെയും ഒപ്പം കൊണ്ടുപോകാന്‍ ശേഷിയുള്ള നേതാവായി അഖിലേഷ് മാറും. പ്രായക്കുറവ് അയാളെ നീണ്ട ഓട്ടത്തിലേക്കുള്ള കുതിരയാക്കും. എസ്പിയുടെ അടിത്തറതന്നെ ഇളക്കിയേക്കും എന്നു തോന്നിച്ച ഒരു ആഭ്യന്തര യുദ്ധത്തില്‍ അഖിലേഷ് വ്യക്തമായ വിജയം നേടിയിരിക്കുന്നു.

2014 ഏപ്രില്‍-മെയ് ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ബഹുകക്ഷി ജനാധിപത്യത്തില്‍ വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തെ സൃഷ്ടിച്ചു എന്നു വേണമെങ്കില്‍ വാദിക്കാം. ഏതാണ്ട് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മോദി പാട്ടും പാടി ജയിക്കുകയും ചെയ്തു. പക്ഷേ ഇരുതല മൂര്‍ച്ചയൂള്ള വാളാണത്.

2015-ല്‍ ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കേജ്രീവാളും ബി ജെ പിയുടെ കിരണ്‍ ബേദിയും ഇതേപോലെ ഏറ്റുമുട്ടിയപ്പോള്‍ കേജ്രീവാള്‍ തൂത്തുവാരി. 2015-ഒക്ടോബറില്‍ നിതീഷ് കുമാറും ഇത് ചെയ്തു. അഖിലേഷിനും മായാവതിക്കുമെതിരെ ബിജെപിക്ക് യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല എന്നത് ശ്രദ്ധേയമാണ്. ബിഎസ്പി മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ അത് മായാവതിയുടെ മാത്രം ബലത്തിലാണ്; അഞ്ചുകൊല്ലം ഭരിച്ചതിനുശേഷം ഭരണവിരുദ്ധ വികാരത്തെ പിടിച്ചുനിര്‍ത്താന്‍ അഖിലേഷിനായാല്‍ അതയാളുടെ നേട്ടമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയവും സ്വത്വ രാഷ്ട്രീയവും സ്വാധീനം നിലനിര്‍ത്തുന്നുണ്ടോ എന്നും, മുസ്ലീങ്ങള്‍, ദലിതുകള്‍, മറ്റു പിന്നാക്കാ വിഭാഗങ്ങള്‍ എന്നിവര്‍ മുമ്പേ പ്രതീക്ഷിക്കുന്ന തരത്തില്‍ വോട്ട് ചെയ്യുമോ എന്നൊക്കെ യു പി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കും.

യുപിയിലെ തോല്‍വി, 2019-ലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടു വര്‍ഷം മോദിയുടെയും ഷായുടെയും പ്രവര്‍ത്തനശൈലി മാറ്റുമോ? അത്ഭുതപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് ശേഷിയുണ്ട് തനിക്കെന്ന് മോദി തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു ഒരു പ്രവചനം എളുപ്പമല്ല. പാര്‍ട്ടിയിലും പ്രതിപക്ഷത്തുമുള്ള വിമര്‍ശകര്‍ക്കെതിരെ കൂടുതല്‍ ഒത്തുതീര്‍പ്പിന് മോദി ശ്രമിക്കുമോ? അതോ ഇപ്പോഴുള്ളതു പോലെ കൂടുതല്‍ ആക്രമണോത്സുകതയും രാഷ്ട്രീയത്തിലെ ധ്രുവീകരണത്തിന്റെ ശൈലിയും തുടരുമോ? എന്തായാലും മാര്‍ച്ച് 11, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റും.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍