UPDATES

മുലായത്തിന്റെ വാദം പൊളിച്ച് ബലാല്‍സംഗികള്‍; കൂട്ടബലാല്‍സംഗത്തിന്റെ കൂത്തരങ്ങായി യുപി

കൂട്ടബലാല്‍സംഗം ‘പ്രായോഗികമല്ല’ എന്ന യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിന്റെ സിദ്ധാന്തം പൊളിച്ചടുക്കി യുപി ബലാല്‍സംഗികള്‍. സംസ്ഥാനത്ത് അനുദിനം കൂട്ടബലാല്‍സംഗങ്ങള്‍ പെരുകുകയാണെന്ന് dnaindia.com പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നുള്‍പ്പെടെ ഹൃദയഭേദകമായ കൂട്ടബലാല്‍സംഗ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഇന്നലെ ലഖ്‌നൗവില്‍ കാറിലെത്തിയ ഒരു സംഘം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോവുകയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തു. കുട്ടിയെ സംഭവത്തിന് ശേഷം കണ്ണുകള്‍ കെട്ടി ലഖ്‌നൗ സര്‍വകലാശാലയ്ക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോഴും ഹസന്‍ഗഞ്ച് പോലീസ് വിസമ്മതിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഹര്‍ദോയി ജില്ലയിലെ ഫത്തിയാപൂര്‍ ഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു ദളിത് പെണ്‍കുട്ടി ബുധനാഴ്ച കൂട്ടബലാല്‍സംഗത്തിന് ഇരയായിരുന്നു. തലസ്ഥാനത്ത് നിന്നും 110 കിലോമീറ്റര്‍ അകലെ, പിതാവിന് മരുന്ന് വാങ്ങാനായി പോയ കുട്ടിയെ അജ്ഞാതര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്ത് കുട്ടിയെ കണ്ടത്തുമ്പോള്‍ സ്വകാര്യഭാഗങ്ങളും കണ്ണുകളും കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാതിരിക്കാനാണ് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതെന്നാണ് പോലീസ് ഭാഷ്യം. ഈ കേസിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ബുധനാഴ്ച അര്‍ദ്ധരാത്രി കാണ്‍പൂര്‍ ജില്ലയിലെ താക്‌സിംപൂര്‍ ഗ്രാമത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ വീടിന് സമീപത്തെ പാടത്തിനരികില്‍ കുട്ടിയെ കണ്ടെത്തുമ്പോള്‍ കൂട്ടബലാല്‍സംഗത്തിന്റെ വ്യക്തമായ സൂചനകള്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംബിള്‍ യാദവിന്റെ മണ്ഡലമായ കനൗജില്‍, പതിനഞ്ച് വയസുകാരിയെ മാതാപിതാക്കളുടെ മുന്നില്‍ വച്ച് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയതും സമീപ കാലത്താണ്. മോഷണമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

എന്നാല്‍ ഈ സംഭവങ്ങളിലൊന്നും ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാവുന്നില്ല എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത. 2013ല്‍ മാത്രം യുപിയില്‍ 3050 ബലാല്‍സംഗ കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 9737 കേസുകളും സംസ്ഥാനത്ത് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍