UPDATES

ജെഎന്‍യുവില്‍ ഷൂട്ട്ഔട്ട് നടത്തി കനയ്യയേയും ഉമറിനെയും കൊല്ലുമെന്ന് ഭീഷണി

Avatar

അഴിമുഖം പ്രതിനിധി

കനയ്യ കുമാറും ഉമര്‍ ഖാലിദും ഡല്‍ഹി വിട്ടില്ലെങ്കില്‍ ജെ.എന്‍.യുവില്‍ കയറി അവരെ വെടിവച്ചു കൊല്ലുമെന്ന് മീററ്റ് കേന്ദ്രമായ രാഷ്ട്രീയ പാര്‍ട്ടി ഉത്തര്‍ പ്രദേശ് നവനിര്‍മാന്‍ സേനയുടെ ഭീഷണി. ഈ മാസം 31-ന് മുമ്പ് ഇരുവരും ഡല്‍ഹി വിട്ടിരിക്കണമെന്നാണ് സംഘടനയുടെ ദേശീയ പ്രസിഡന്റ് അമിത് ജാനിയുടെ അന്ത്യശാസനം. ഡല്‍ഹി വിടാന്‍ ഇവര്‍ക്കുള്ള സമയം പിന്നീട് ഏപ്രില്‍ എട്ട് ദുര്‍ഗാഷ്ടമി വരെ ഇദ്ദേഹം നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നുമാണ് മീററ്റ് പോലീസ് അധികൃതരുടെ നിലപാട്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇരുവരേയും വധിക്കുമെന്ന് ജാനി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. 2000-ത്തിലധികം ലൈക്കുുകളാണ് ഈ പോസ്റ്റിന് ഒരു ദിവസത്തിനുള്ളില്‍ ലഭിച്ചത്. പോസ്റ്റില്‍ പറയുന്നു- “മാര്‍ച്ച് 31-ന് മുമ്പ് ഇരുവരും ഡല്‍ഹി വിട്ടിരിക്കണം. പറയൂ, അവനെ തീര്‍ത്തുകളായാന്‍ നമുക്ക് സാധിക്കില്ലേ? നമുക്ക് അതിനുള്ള ആളുകളും ആയുധങ്ങളുമുണ്ട്. നാമത് മുന്‍കൂര്‍ നോട്ടീസില്ലാതെ ചെയ്യും. അതുകൊണ്ട് ഒവൈസിയെ പോലെ അവന് അപ്രത്യക്ഷനാകാന്‍ സാധിക്കില്ല, പോലീസിന് ഇടപെടാനും കഴിയില്ല. ഇതിനു വേണ്ടി ജയിലില്‍ പോകാനും ഞാന്‍ തയാറാണ്. ജെ.എന്‍.യുവില്‍ ഒരു ഷൂട്ട്ഔട്ട് നടത്താന്‍ കഴില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ‘മാ ഭഗവതി’യുടെ പേരില്‍ പ്രതിജ്ഞയെടുക്കുന്നു.”

 

മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് ജാനി 2012-ല്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ ഇത് ചെയ്യാതിരുന്നതോടെ ജാനിയും സംഘവും പ്രതിമകള്‍ തകര്‍ത്തിരുന്നു. “ആദ്യം ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. പിന്നീട് ജാമ്യം ലഭിച്ചപ്പോള്‍ കനയ്യ കുമാര്‍ ഇന്ത്യന്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തി. നിങ്ങള്‍ക്ക് എന്നെയോ എന്റെ കുടുംബത്തേയോ എന്റെ മതത്തേയോ വേണമെങ്കില്‍ ചീത്തവിളിക്കാം. പക്ഷേ ആര്‍മി ഈ രാജ്യത്തിന്റെ അഭിമാനമാണ്. മാര്‍ച്ച് 31-ന് മുമ്പ് ഉമര്‍ ഖാലിദും കനയ്യ കുമാറിനൊപ്പം ഡല്‍ഹി വിട്ടിരിക്കണം. അവര്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ ജെ.എന്‍.യു ആക്രമിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യും. ആര്‍ക്കും അവരെ സംരക്ഷിക്കാന്‍ കഴിയില്ല. ദുര്‍ഗാദേവിയേയും ജെ.എന്‍.യു വിദ്യാര്‍ഥികള്‍ അപമാനിച്ച സാഹചര്യത്തില്‍ ഏപ്രില്‍ എട്ടിനുള്ള ദുര്‍ഗാഷ്ടമിക്ക് മുമ്പ് ഞാനത് ചെയ്തിരിക്കും”- ജാനി പിന്നീട് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

 

നിയമം കൈയിലെടുക്കുന്നത് ശരിയോ എന്ന ചോദ്യത്തിന് “എത്രകാലം ഈ നിയമവും നോക്കിയിരിക്കും” എന്നായിരുന്നു ഇയാളുടെ മറുപടി. “ഞങ്ങള്‍ വെസ്‌റ്റേണ്‍ യു.പിയില്‍ നിന്നാണ്. പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പോലും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാറുണ്ട് ഇവിടെ. കനയ്യയും ഉമറും അപമാനിച്ചത് ഭാരത മാതാവിനെയാണ്. അവരെ ഇല്ലാതാക്കിയശേഷം ഞാന്‍ വസന്ത്കുഞ്ച് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങു”മെന്നും ജാനി വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍