ലൗ ജിഹാദ് ഒഴിവാക്കാന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ് മുറികള്‍, മദ്രസയില്‍ വരുന്നത് പോലെ താടിയും മീശയും വളര്‍ത്തരുത്
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപൂര്‍വ നിര്‍ദ്ദേശങ്ങളുമായി മീററ്റിലെ ഒരു സിബിഎസ്ഇ സ്‌കൂള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശൈലിയില്‍ കുട്ടികള്‍ തല മുണ്ഡനം ചെയ്ത് സ്‌കൂളിലെത്തണം, താടിയും മീശയും വയ്ക്കാന്‍ പാടില്ല, സ്‌കൂളില്‍ സസ്യേതര ഭക്ഷണം കൊണ്ടുവരാന്‍ പാടില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ് മുറികള്‍ എന്നിങ്ങനെ പോകുന്നു വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയിരിക്കുന്ന ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍.
മീററ്റിലെ റിഷഭ് അക്കാദമി കോ-എജ്യൂക്കേഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഈ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവില്‍ പറയുന്ന വിധത്തില്‍ മുടിവെട്ടാതെ വന്ന ഏതാനും വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് സംഭവം പുറത്തുവന്നത്. അതേസമയം വിദ്യാര്‍ത്ഥികള്‍ വളരെ കുറച്ച് മുടി മാത്രം വയ്ക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് മനസിലാകാത്തതിനാലാണ് യോഗി ശൈലിയിലെ മുടിവെട്ടെന്ന് നിര്‍ദ്ദേശിച്ചതെന്നും സ്‌കൂല്‍ മാനേജ്‌മെന്റ് സെക്രട്ടറി രഞ്ജീത് ജെയ്ന്‍ അറിയിച്ചു. സൈനികരുടെ ശൈലിയിലുള്ള മുടിയാണ് തങ്ങള്‍ക്ക് വേണ്ടത്. അതേസമയം സ്‌കൂള്‍ ഒരു മദ്രസയല്ല എന്നും ഇവിടെ വരുന്നത് നമസ്‌കാരത്തിനല്ലെന്നും വ്യക്തമാക്കിയാണ് കുട്ടികളോട് താടി, മീശ വയ്ക്കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം ജെയ്ന്‍ ട്രസ്റ്റ് സ്‌കൂള്‍ നടത്തിപ്പ് ഏറ്റെടുത്തത് മുതല്‍ ഇവിടെ സസ്യേതര ഭക്ഷണം അനുവദിക്കാറില്ലെന്നും കുട്ടികള്‍ മുട്ടപോലും ഉച്ചയൂണിനൊപ്പം കൊണ്ടുവരരുതെന്നാണ് നിര്‍ദ്ദേശമെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്. ഇതുകൂടാതെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് അറിയാന്‍ മിന്നല്‍ പരിശോധനകളും നടത്താറുണ്ട്.
ഗുരുതരമായ ലിംഗ വേര്‍തിരിവാണ് സ്‌കൂളില്‍ നടപ്പാക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ഇത് പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിനും ലൗ ജിഹാദ് തടയുന്നതിനും വേണ്ടിയാണെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്.
ഹിന്ദുക്കളുടേതിന് സമാനമായ പേരുകള്‍ സ്വീകരിക്കുന്ന മുസ്ലിം ആണ്‍കുട്ടികള്‍ കൈത്തണ്ടകളില്‍ ചരടുകെട്ടി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും അവരോട് പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുമെന്നാണ് ജെയ്ന്‍ പറയുന്നത്. ഇത് സ്‌കൂള്‍ പരിസരത്ത് അനുവദിക്കാന്‍ തനിക്കാവില്ലെന്നും ഒരു സമുദായത്തിലെ ആണ്‍കുട്ടി മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത് പോലും അംഗീകരിക്കാനാകില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്.