UPDATES

വിദേശം

സിറിയന്‍ പ്രസിഡന്റ് ബാഷര്‍-അല്‍-അസദ് 13,000 പേരെ രഹസ്യമായി തൂക്കിക്കൊന്നതായി വെളിപ്പെടുത്തല്‍

ആംനസ്റ്റി ഇന്റര്‍നാഷണലാണ് വെളിപ്പെടുത്തല്‍ നടത്തിയത്

സിറിയന്‍ പ്രസിഡന്റ് ബാഷര്‍-അല്‍-ആസദിന്റെ എതിരാളികളായ 13,000 പേരെ രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന്റെ ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ തൂക്കിക്കൊന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ വെളിപ്പെടുത്തി. സിറിയയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലുകളില്‍ ഒന്നായ സെയ്ദാനായ തടവറയില്‍ വച്ചാണ് ഇവര്‍ പീഢനത്തിനും പട്ടിണിക്കും ഇടയായതെന്ന് അന്താരാഷ്ട്ര സംഘടന പറയുന്നു. ഡമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള രണ്ട് പടുകൂറ്റന്‍ ശ്മശാനങ്ങളിലായി ശവശരീരങ്ങള്‍ മറവുചെയ്യുകയായിരുന്നു.

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ കുറഞ്ഞപക്ഷം നാല്‍പതിനായിരം പേരെങ്കിലും കൊല്ലപ്പെടുകയും മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പലായനം ചെയ്യുകയും ചെയ്തതായാണ് കണക്ക്. 2015ന് ശേഷവും സെയ്ദാനയ ജയിലില്‍ വീണ്ടും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാമെന്നും പറയപ്പെടുന്നു. ജയിലിന് രണ്ട് കെട്ടിടങ്ങളാണ് ഉണ്ടായിരുന്നതെന്ന് അവിടെ നേരത്തെ കാവല്‍ക്കാരായി ജോലി നോക്കിയിരുന്നവര്‍ പറയുന്നു. ചുവന്ന കെട്ടിടം സിവിലിയന്‍ തടവുകാര്‍ക്കും വെള്ളക്കെട്ടിടം മുന്‍ സൈനീകര്‍ക്കും ഉള്ളതായിരുന്നു. കെട്ടിടത്തിന്റെ നിലവറയില്‍ വച്ചായിരുന്നു വധശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത്. 31 മുന്‍തടവുകാര്‍, ഒരു സൈനിക ജഡ്ജി, ജയിലിലെ മുന്‍ കാവല്‍ക്കാര്‍ തുടങ്ങി 84 പേരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഒരു സൈനിക കോടതിയില്‍ നടക്കുന്ന വിചാരണ പ്രസഹനത്തിന് ശേഷം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഒറ്റയടിക്ക് 20 മുതല്‍ 50 വരെ പേരെ ഒന്നിച്ച് തൂക്കിലേറ്റിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് അവരുടെ ശവശരീരങ്ങള്‍ തൊട്ടടുത്തുള്ള തിഷ്രീന്‍ സൈനിക ആശുപത്രിയില്‍ എത്തിക്കുന്നു. അവിടെ വച്ച് ശ്വാസകോശ സംബന്ധമോ ഹൃദ്രോഗമോ ആണ് മരണ കാരണം എന്ന് രേഖപ്പെടുത്തുന്നു. ഡമാസ്‌കസിന് തെക്കുള്ള സൈനിക ഭൂമിയായ നഹ്ജയിലും പടിഞ്ഞാറുള്ള പട്ടണമായ ക്വട്ടാനയിലുമാണ് ശ്മശാനം തയ്യാറാക്കിയത്. കുറഞ്ഞ പക്ഷം 5,000വും പരമാവധി 13,000വും ആയിരിക്കും കൊല്ലപ്പെട്ടവരുടെ എണ്ണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ നിക്കൊളൈറ്റ് വാല്‍ഡ്മാന്‍ പറയുന്നു.

തൂക്കിക്കൊലകള്‍ ഇപ്പോഴും അവസാനിച്ചിട്ടുണ്ട് എന്ന് കരുതാന്‍ ന്യായമില്ലെന്ന് അവര്‍ പറയുന്നു. എല്ലാ തിങ്കളാഴ്ചകളിലും അവര്‍ ആളുകളെ അറസ്റ്റ് ചെയ്യുന്നു. ശിക്ഷ വിധിക്കുന്നതിന് മുമ്പ് രണ്ടോ മൂന്നോ മിനിട്ട് നേരത്തെ വിചാരണ മാത്രമാണ് നടത്തുന്നത്. പ്രസിഡന്റ ആസാദിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ മന്ത്രിയാണ് വധശിക്ഷ വിധിയില്‍ ഒപ്പുവെക്കുന്നത്. എല്ലാ ഉന്നതോദ്യോഗസ്ഥരും വിവരങ്ങളെല്ലാം അറിഞ്ഞിരിക്കണമെന്നില്ല. ഉന്മൂലനനയമാണ് സിറിയയില്‍ നടപ്പിലാക്കുന്നതെന്നും വാല്‍ഡ്മാന്‍ പറയുന്നു.

2011 മാര്‍ച്ചിനും 2013 ഓഗസ്റ്റിനും ഇടയില്‍ കൊല്ലപ്പെട്ട 11,000 തടവുകാരെ കുറിച്ചുള്ള വിവരങ്ങളില്‍ നിന്നും ഭിന്നമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ കൊലകള്‍ സീസര്‍ എന്ന് കള്ളപ്പേരുള്ള ഒരു സൈനീക ഫോട്ടോഗ്രാഫര്‍ ചിത്രീകരിച്ചിരുന്നു. ആസദ് വിരുദ്ധ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് മുതല്‍, പീഢനം മൂലവും സിറിയന്‍ തടവറകളിലെ ശോചനീയ അവസ്ഥ മൂലവും 60,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന കഴിഞ്ഞ മേയില്‍ അവകാശപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍