UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിഎയുടെ നിര്‍ഭയ ആകുമോ യുഡിഎഫിന് ജിഷ

Avatar

അഴിമുഖം പ്രതിനിധി

ജിഷയ്ക്ക് നീതി നല്‍കിയിട്ട് മതി ഭരണം തുടരുന്നതും കേരളത്തെ വളര്‍ത്തുന്നതും, അല്ലാതെ ആരും വന്നിട്ട് ഒന്നും ശരിയാക്കേണ്ട, വഴി മുട്ടിയ ഈ സഹോദരിയുടെ കുടുംബത്തിന് വഴി കാണിക്കാന്‍ ആരുമില്ലേ. രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യവും ചോദ്യവുമാണിത്. ഡല്‍ഹിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വലിയ ദൂരമില്ലെന്നും അവിടെ നിന്ന് തങ്ങളുടെ വീടുകളിലേക്കും ദൂരമേറെയില്ലെന്നും വീണ്ടും കേരളത്തിലെ സ്ത്രീകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പെരുമ്പാവൂരില്‍ മാനഭംഗത്തിനും കൊടും ശാരീരിക ആക്രമണങ്ങള്‍ക്കും വിധേയയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അനുഭവം.

ഡല്‍ഹിയില്‍ നിന്നും പെരുമ്പാവൂരിലേക്കുള്ള ദൂരം കുറവാണെന്നതു പോലെ തന്നെയാണ് രണ്ടാം യുപിഎ സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും തമ്മിലെ ദൂരവും. ഡല്‍ഹിയില്‍ 2012 ഡിസംബറില്‍ നിര്‍ഭയ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും അതിക്രമങ്ങള്‍ക്കും വിധേയമാകുമ്പോള്‍ പൊതുതെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷത്തോളമേ അവശേഷിച്ചിരുന്നുള്ളൂ. 2016 ഏപ്രില്‍ 28-ന് പെരുമ്പാവൂരിലെ അടച്ചുറപ്പില്ലാത്ത ഒറ്റ മുറി വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ജിഷയുടെ പ്രതിരോധവും നിലവിളിയും ജീവനും മാനത്തിനും വേണ്ടിയുള്ള അപേക്ഷയും ഞെരിഞ്ഞമര്‍ന്ന് തീര്‍ന്നപ്പോള്‍ കേരളത്തെ അടുത്ത അഞ്ചു കൊല്ലം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പിന് അവശേഷിച്ചത് കേവലം അര മാസത്തിന്റെ ദൂരം മാത്രവും. പത്ത് കൊല്ലം ഇന്ത്യയെ ഭരിച്ച യുപിഎയ്ക്കും അഞ്ചു കൊല്ലമായി കേരളം ഭരിക്കുന്ന യുഡിഎഫിനും നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. അതുമാത്രമല്ല സാമ്യതകള്‍. രണ്ടു സര്‍ക്കാരുകളും ജനരോഷത്തിന്റെ ചൂടില്‍ പൊരിയുന്ന സമയവുമായിരുന്നു ഇരു സംഭവങ്ങളും നടക്കുമ്പോഴത്തെ രാഷ്ട്രീയ സാഹചര്യം. വോട്ടെടുപ്പ് ദിനത്തിനായി അക്ഷമരായി കാത്തിരുന്ന നാളുകള്‍.

ഇന്ത്യയിലെമ്പാടും സ്ത്രീപീഡനങ്ങള്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും സ്ത്രീ സംഘടനകള്‍ തെരഞ്ഞെടുപ്പ് സമയത്തടക്കം അത് ഉയര്‍ത്തുമ്പോള്‍ വനരോദനമായി മാത്രം ഒതുങ്ങുകയാണ് പതിവ്. എന്നാല്‍ നിര്‍ഭയയും ജിഷയും തെരഞ്ഞെടുപ്പ് വിഷയമായി മാറി. ഇത് തിരിച്ചറിഞ്ഞതിനാലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രിയും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയതും പ്രതിയെ എത്രയും വേഗം പിടികൂടുമെന്ന് ആവര്‍ത്തിക്കുന്നതും. സ്ത്രീ വോട്ടര്‍മാരെ വളരെപ്പെട്ടെന്ന് സ്വാധീനിക്കാന്‍ ജിഷയുടെ കൊലപാതകത്തിന് കഴിയുമെന്നത് യുഡിഎഫ് തെരഞ്ഞെടുപ്പ് മാനേജര്‍മാരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.

രണ്ടാം യുപിഎ സര്‍ക്കാരും യുഡിഎഫും അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോഴാണ് ഡല്‍ഹിയും പെരുമ്പാവൂരും നടന്നത്. അതിനാല്‍ തന്നെ സര്‍ക്കാരിന് എതിരായ വികാരത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ ഉയര്‍ന്നു വന്ന പ്രതിഷേധമാണ് പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തത്.

ഡിസംബര്‍ 16-ന് പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം
ബലാല്‍സംഗം ചെയ്തശേഷം പുറത്തേക്കെറിയുകയായിരുന്നു. 18-ന് നാല് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ജിഷയുടെ കൊലപാതകിയെ പിടികൂടാന്‍ ഒരാഴ്ചയായിട്ടും കേരള പൊലീസിന് കഴിഞ്ഞിട്ടില്ല. നിര്‍ഭയക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധത്തിന് സമാനമായി കേരളത്തിലും ജിഷയ്ക്ക് നീതിയുറപ്പു വരുത്താന്‍ ജനം തെരുവിലിറങ്ങുന്ന കാഴ്ചയും കണ്ടു.


ടു ജി, കല്‍ക്കരി അഴിമതികള്‍ യുപിഎയുടെ പ്രതിച്ഛായ കെടുത്തിയിരുന്നപ്പോള്‍ ബാര്‍ കോഴയും സോളാറും സരിതയുമൊക്കെയാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഈ ക്രൂരമായ കൊലപാതകത്തിന്റെ തീവ്രത കുറച്ചു കാണിക്കാന്‍ പൊലീസ് തുടക്കത്തില്‍ സ്വീകരിച്ച തിടുക്കം സര്‍ക്കാരിന് വിനയായിട്ടുണ്ട്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രതിയെ അന്വേഷിച്ച് ഇരുട്ടില്‍ തപ്പുകയാണ് അവര്‍.

കേരളത്തില്‍ ഇടപെടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും ഒരു വെടിക്കുള്ള മരുന്ന് കൈയില്‍ കരുതുന്നുണ്ട്. കേരളത്തിന്റെ റിപ്പോര്‍ട്ട് തേടുമെന്ന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ നഗര വികസന, പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു കഴിഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം തന്നെ ബിജെപി നേതാവ് മീനാക്ഷി ലേഖി കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിടുകയും ചെയ്തു. അടുത്ത ദിനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേരളത്തില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. നിര്‍ഭയ സംഭവത്തില്‍ നിന്നും ധാരാളം വോട്ടുകള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ പെട്ടിയിലാക്കിയവരാണ് ഇരുവരും. അതിനാല്‍ ജിഷയുടെ വോട്ടു മൂല്യം തന്നെയാകും മറ്റു രാഷ്ട്രീയക്കാരേയും പോലെ ഇവരുടേയും ലക്ഷ്യം. പ്രശ്‌നം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് വെങ്കയ്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ യുഡിഎഫിന് എതിരെ ഉപയോഗിക്കാന്‍ ലഭിച്ച ആയുധം ബിജെപി വെറുതെ കളയില്ല.

ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനായില്ലെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷേ നേതാവ് വിഎസ് അച്യുതാനന്ദനും അവരെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി  സര്‍ക്കാരിനെ പ്രതിരോധിച്ചപ്പോള്‍ വിഎസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

നിര്‍ഭയ തിരിച്ചടി നല്‍കിയത് കോണ്‍ഗ്രസിനാണ്. എങ്കിലും ഇന്ത്യയിലെ സ്ത്രീ സുരക്ഷ വിഷയത്തില്‍ നിയമപരമായും മറ്റും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ നിര്‍ഭയ പ്രതിഷേധത്തിന് കഴിഞ്ഞിരുന്നു. ഇവിടേയും തിരിച്ചടി പ്രതീക്ഷിച്ചു നില്‍ക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. കൂടെ സ്ഥലം എംഎല്‍എയായ സിപിഐഎമ്മിന്റെ സാജു പോളും. സാമാന്യജനം ആഗ്രഹിക്കുന്നത്‌ വരുംനാളുകളിലെങ്കിലും സൗമ്യ, നിര്‍ഭയ, ജിഷ എന്നീ പട്ടികയില്‍ പുതിയ ഇരകള്‍ ചേര്‍ക്കപ്പെടാതിരിക്കട്ടെയെന്നതാണ്‌.
.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍