UPDATES

എന്തിനും ഏതിനും ഉപകാരി രാഘവന്‍; കണ്ണൂര്‍ രാമന്തളിയിലെ നിശബ്ദ വിപ്ലവത്തിന്റെ കഥ

Avatar

ദാവൂദ് അരീയില്‍

റേഷന്‍ കാര്‍ഡിലെ പേരുമാറ്റാന്‍ പാറുഅമ്മയുടെ പെടാപ്പാട് പറയേണ്ടതു തന്നെയാണ്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സപ്ലൈ ഓഫീസ് ഇങ്ങനെ കയറി ചെല്ലാത്ത ഓഫീസുകളില്ല. കാണാത്ത സാറന്‍മാരില്ല. ഒരത്യാവശ്യ കാര്യത്തിനായതുകൊണ്ട് മാമൂല്‍ എത്ര വേണങ്കിലും ആവാമെന്നു പറഞ്ഞിട്ടും കാര്യം നടന്നില്ല. ഇതിനിടയിലാണ് സഹായി രാഘവനെന്ന കുന്നരുകാരനെ കുറിച്ചു അയല്‍വാസികള്‍ പറഞ്ഞത്. പാറുഅമ്മ അങ്ങനെ രാഘവനെ തേടിയെത്തിയതിന്റെ മൂന്നാഴ്ച്ച തികയും മുമ്പേ പേരുമാറ്റിയ റേഷന്‍ കാര്‍ഡ് കിട്ടി.

ഇതാണ് പയ്യന്നൂര്‍ രാമന്തളിക്കാരുടെ രാഘവന്‍ എന്ന ഉപകാരി രാഘവന്‍. ചെറിയ ബാഗും കുടയുമായി മുണ്ടും മടക്കി കുത്തിയുള്ള ഈ നടത്തം കണ്ടാലറിയാം ആരുടെയോ പ്രശ്‌നവുമായി ഏതെങ്കിലും സര്‍ക്കാര്‍ ആഫീസുകള്‍ തേടിയുള്ള അലച്ചിലായിരിക്കുമെന്ന്.

ചായയും ഊണും മറന്നു ഫയലുകള്‍ക്കിടയില്‍ തപ്പിത്തടഞ്ഞു രാഘവന്റെ ഒരു ദിവസം തീരുമ്പോള്‍ നാട്ടിലെ ചിലരുടെയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടാവും. ഇതു കൊണ്ടുള്ള ആത്മനിര്‍വൃതിയില്‍ ആനന്ദം കൊള്ളുന്ന ഇയാള്‍ എന്തു നേടി എന്നു ചോദിച്ചാല്‍ കൈമലര്‍ത്തുകയല്ലാതെ മറ്റൊരു ഉത്തരമില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഈ നിശബ്ദ വിപ്ലവത്തിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികം മനസില്‍ ആഘോഷിക്കുമ്പോള്‍ ആനന്ദത്തിലാണ്. ഇതിനിടയില്‍ 500 ലേറെ ജനന സര്‍ട്ടിഫിക്കറ്റ്, എണ്ണൂറോളം പേര്‍ക്കു റേഷന്‍ കാര്‍ഡ്, ആയിരത്തോളം പേര്‍ക്ക് വിവിധ പെന്‍ഷനുകള്‍, പിന്നെ റോഡുകള്‍, ഒടുവില്‍ ഒരു പാലവും…

ഒരു പാലം വന്ന കഥ
രാമന്തളി കുന്നരു പുതിയ പുഴക്കര പാലത്തിന്റെ കഥ രാഘവന്റെ കഥകൂടിയാണ്. 28 വര്‍ഷത്തെ രാഘവന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ട് ഈ പാലത്തിന്. നീതിക്കു വേണ്ടിയുള്ള പോരാട്ട ഭൂമിയില്‍ ഒറ്റയ്ക്കു നില്‍ക്കുമ്പോഴും തിരിഞ്ഞു നടക്കാന്‍ താനില്ലെന്നു ചിന്തിച്ചതിന്റെ ഫലമാണ് ഈ പാലം. വികസനത്തിന്റെ ചിറകു വിരിച്ചു ഏഴിമല നാവിക അക്കാദമി പ്രഖ്യാപിച്ചപ്പോള്‍ മൂന്നു പാലത്തിനു ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തിരുന്നു. പാലത്തിനായി രാമന്തളി, കുഞ്ഞിമംഗലം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ സ്വാധീനം ചെലുത്തിയെങ്കിലും എല്ലാം സ്വപ്നത്തിലൊതുങ്ങി.1989 ല്‍ നാവിക അക്കാദമിയുടെ സര്‍വേ നടത്തിയപ്പോള്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രാഘവനോട്  ഒരുപാലത്തിന്റ കാര്യം പറഞ്ഞു. തുടര്‍ന്നു രാഘവന്റെ മേല്‍നോട്ടത്തില്‍ നാട്ടുകാര്‍ ഭീമ ഹര്‍ജി തയ്യാറാക്കി പറശ്ശിനിക്കടവിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്കു സമര്‍പ്പിച്ചു. പിന്നീടു മറുപടിയൊന്നും ഇല്ലാതായപ്പോള്‍ നിവേദനങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി തിരുവനന്തപുരത്തെത്തി. ഒടുവില്‍ 1993-ല്‍ 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റു തയാറാക്കിയെങ്കിലും പാലത്തിന്റെ പ്രവൃത്തി ചുവപ്പു നാടയില്‍ കുരുങ്ങി. ഒപ്പം നിന്നവര്‍ മാറിനിന്നെങ്കിലും രാഘവന്റെ ഊണിലും ഉറക്കത്തിലും പാലം മാത്രമായിരുന്നു. പലതവണ പലയിടത്തും ചെന്നുമുട്ടിയെങ്കിലും ഒരുവാതിലും തുറന്നില്ല. 1997-ല്‍ രാഘവന്റ ഭീമ ഹര്‍ജി വിണ്ടും മുഖ്യമന്ത്രിയെ തേടിയെത്തി. ഒരു പകര്‍പ്പു എം.എല്‍എയ്ക്കു അയച്ചു. ഏറെ കഴിയും മുമ്പേ ഉദ്യോഗസ്ഥര്‍ വീണ്ടും പുഴക്കരയിലെത്തി പഴയ പല്ലവി തുടര്‍ന്നു. പക്ഷേ പാലത്തിന്റെ പ്രവൃത്തി മാത്രം തുടങ്ങിയില്ല. ഒടുവില്‍ സഹികെട്ട രാഘവന്‍ നീതിക്കു വണ്ടി നീതിപീഠത്തിനു മുന്നിലെത്തി. പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയതോടെ 1999-ല്‍ സര്‍ക്കാര്‍ കണ്ണുതുറന്നു പാലത്തിനു ഭരണാനുമതിയും ലഭിച്ചു.

സ്ഥലം ഏറ്റെടുക്കുന്നതും. അനുമതി വാങ്ങിക്കലും, തര്‍ക്കം തീര്‍ക്കലും എല്ലാറ്റിലും രാഘവന്റെ സ്ഥാനം മുന്നില്‍ തന്നെയായിരുന്നു. നീണ്ട വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ 2011-ല്‍ പാലം യാഥാര്‍ത്ഥ്യമായതോടെ കെയക്കീല്‍ രാഘവനെന്ന ഒറ്റയാള്‍ പ്രസ്ഥാനത്തിന്റെ വിജയം നാട്ടുകാര്‍ ഗംഭീരമായി ആഘോഷിച്ചു.

ഇതൊരു ഒറ്റയാള്‍ പ്രസ്ഥാനം
എല്ലാവര്‍ക്കും രാഘവനെ ഇഷ്ടമാണ്. പക്ഷേ രാഷ്ടീയക്കാര്‍ക്ക് ഭയമാണ്. ഒന്നുമല്ല വാര്‍ഡ് മെമ്പറെക്കാള്‍ ചെയ്യും നാട്ടിന്. പക്ഷേ രാഷ്ടീയത്തിലേക്കില്ലെന്ന് രാഘവന്‍ പറയും. 

കുന്നെരുവിലെത്തി ആരെങ്കിലും ചോദിച്ചാല്‍ ആവര്‍ പറയും നമ്മടെ ഒറ്റയാനല്ലേയെന്ന്. മുപ്പത്തി മൂന്നു വര്‍ഷത്തിനിടയില്‍ 600 ഓളം ഫയലുകളാണ് രാഘവന്‍ കൈകാര്യം ചെയ്തത്. മൂന്നു പാലങ്ങളുടെ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ മറ്റൊരു പാലത്തിനുള്ള പോരാട്ടവും അദ്ദേഹം തുടങ്ങി. രാമന്തളി-മാടായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂലക്കീല്‍ കടവ് പാലത്തിനുള്ള പോരാട്ടം തുടങ്ങിയത് 2008 മാര്‍ച്ചിലാണ്. ആദ്യമായി മുഖ്യമന്ത്രിക്കും പൊതുമരാമത്തു വകുപ്പു മന്ത്രിക്കും അപേക്ഷ അയച്ചു. തുടര്‍ന്നു സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.

2009 ജൂലൈയില്‍ പൊതുമരാമത്തു വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ കണ്‍സെന്റ് കത്തിനായി രാഘവനെ സമീപിച്ചതോടെ പാലത്തിനുള്ള പച്ചക്കൊടി ഉയര്‍ന്നു. രാമന്തളി, മാടായി പഞ്ചായത്തു സെക്രട്ടറിമാരുടെ കണ്‍സെന്റു വാങ്ങാനും ഇതു കൃത്യസമയത്തു അധികൃതര്‍ക്കു എത്തിച്ചതും ജനപ്രതിനിധിയൊന്നുമല്ലാത്ത രാഘവന്‍ തന്നെയാണ്. മൂലക്കില്‍ കടവു പാലത്തിന്റെ ആവശ്യകത നാട്ടുകാരെ ബോധ്യപ്പെടുത്തിയതും ഇതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നതും തനിച്ചാണ്. പോരാട്ടത്തിന്റെ ഫലമായി പാലത്തിന്റെ ബേറിംഗ്, മണ്ണു പരിശോധന, ഡിസൈന്‍ അംഗീകരിക്കല്‍ എന്നിവ പൂര്‍ത്തിയായി.

പാലം പൂര്‍ത്തിയാകുമ്പോള്‍ പിതൃത്വമേറ്റെടുക്കാന്‍ തലമൂത്ത രാഷ്ടീയക്കാര്‍ ഓടിയെത്തുമെന്ന് അറിഞ്ഞു തന്നെയാണ് രാഘവന്റെ പോരാട്ടം.

ദുരിത ജീവിതം, സഹന ജീവിതം
കുട്ടിക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ കയ്‌പേറിയ ഇന്നലെകള്‍ മാത്രമാണ് രാഘവനു ഓര്‍ത്തെടുക്കാനാവുന്നത്. കുട്ടിക്കാലത്തു തന്നെ കഠിനാധ്വാനവും സഹനശേഷിയും എന്തും താങ്ങാനുള്ള കഴിവുമായിട്ടാണ് രാഘവന്‍ വളര്‍ന്നത്. ചെറിയ പ്രായത്തില്‍ തന്നെ വിറകു ചുമക്കാനും കൃഷിയിടത്തു പണിയെടുക്കാനും തുടങ്ങി. രാഘവനും മൂന്നു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തില്‍ കലഹമെന്നതു നിത്യ സംഭവമാണെന്നു ഓര്‍ത്തെടുക്കുന്വോള്‍ ഇയാളുടെ കണ്ണു നിറയുന്നു. 1961-ല്‍ കുടുംബ സ്വത്തുക്കള്‍ ഭാഗം വെച്ചതോടെയാണ് ജീവിതത്തില്‍ കരിനിഴല്‍ വീണത്. പിന്നീടു കേസും നൂലാമാലയുമായി കുടുംബ ജീവിതം തകര്‍ന്നു. പിന്നീട് മദ്രാസിലേക്കു വണ്ടികയറി. അലഞ്ഞു തിരിഞ്ഞ ജീവിതത്തിനിടയില്‍ ജോലികള്‍ പലതും ചെയ്തു. പലരെയും പച്ചപിടിപ്പിച്ച മദ്രാസ് രാഘവനോട് പുറം തിരിഞ്ഞു നിന്നു. ഒടുവില്‍ നാടുതേടി തിരിച്ചു യാത്ര. ദു:ഖങ്ങളില്‍ നിന്നു ദുരിതങ്ങളിലേക്കുള്ള ജീവിതയാത്രക്കിടയില്‍ പലപ്പോഴും മനസ്സു പതറി. ജീവിതം ഒരുകീറ് കയറിലൊതുക്കി സ്വയം തീര്‍ന്നാലോ എന്നു പലപ്പോഴും കരുതി. ഒടുവില്‍ തോല്‍വിക്കു വഴങ്ങാതെ സാമൂഹ്യ സേവനമെന്ന ലക്ഷ്യത്തിലഭയം തേടി. സഹോദരിയുടെ മകളുടെ വിവാഹത്തിനു ധനസഹായത്തിനു അപേക്ഷ നല്‍കിയായിരുന്നു തുടക്കം. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഘവന്‍ സാമൂഹ്യ സേവന രംഗത്ത് വേരുറപ്പിച്ചത്.

ജീവിതത്തില്‍ നിന്നു ഒളിച്ചോടാമെന്നു കരുതിയെങ്കിലും കൂട്ടുകാര്‍ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. പക്ഷേ വിധി മറ്റൊരു രൂപത്തില്‍ രാഘവനെ വേട്ടയാടിക്കൊണ്ടിരുന്നു. മൂന്നു വര്‍ഷത്തെ ദാമ്പത്യ ജീവിത്തിനിനൊടുവില്‍ എന്നന്നേക്കുമായി ആ ബന്ധം അവസാനിച്ചു. ശേഷം മറ്റൊരു വിവാഹം. തന്റെ താല്പര്യങ്ങള്‍ ഉള്‍ക്കൊള്ളാനാവുന്ന വെങ്ങരമൂലയിലെ വനജയാണ് ജീവിത പങ്കാളി. എല്ലാം സഹിച്ചും പൊറുത്തും ജീവിച്ചു. അങ്ങനെ സന്തോഷം പടിയിറങ്ങിപ്പോയ രാഘവനിലേക്കു സ്വസ്ഥത വിരുന്നിനെത്തി. രണ്ടു മക്കളില്‍ മൂത്തയാള്‍ക്ക് ഉയര്‍ന്ന ജോലി ലഭിച്ചതോടെ ജനസേവനത്തിനു കൂടുതല്‍ സമയം കണ്ടെത്താനാവുന്നു എന്നു രാഘവന്‍ പറയുന്നു.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍