UPDATES

സിനിമ

എല്ലാവരുടെയും ഉള്ളിലെ കുട്ടിത്തത്തിന് വേണ്ടിയാണ് ഈ സിനിമ; ‘ജോണി ജോണി യെസ് അപ്പ’യുടെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍/അഭിമുഖം

ഏറെനാളിന് ശേഷം നടി ഗീതയുടെ തിരിച്ചു വരവ്; അപ്പനും മകനുമായി വിജയ രാഘവനും കുഞ്ചാക്കോ ബോബനും

അനു ചന്ദ്ര

അനു ചന്ദ്ര

പൃഥ്വിരാജ് ചിത്രം പാവാടയിലൂടെ ഹിറ്റ്മേക്കര്‍ പദവിയില്‍ എത്തിയ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത് അനു സിതാര, മംമ്ത മോഹന്‍ദാസ് എന്നിവരാണ്. ചിത്രത്തിന്റ വിശേഷങ്ങള്‍ സംവിധായകന്‍ അഴിമുഖത്തോട് പങ്ക് വെക്കുന്നു.

ചിത്രത്തിന്റെ പേരില്‍ തന്നെ ഒരു കൗതുകമുണ്ടല്ലോ..? കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു സിനിമയാണെന്ന രസകരമായ ചിത്രമാണെന്ന സൂചനയും?

എല്ലാവരുടെയും മനസില്‍ തീര്‍ച്ചയായും ഒരു കുട്ടിയുണ്ടല്ലോ. കുട്ടിയില്‍ നിന്നു തന്നെയാണ് എല്ലാവരും വളരുന്നത് തന്നെ. അപ്പൊ പിന്നെ എത്രയൊക്കെ വളര്‍ന്നു കഴിഞ്ഞാലും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു കുട്ടിസ്വഭാവം കിടപ്പുണ്ടാകും എന്നത് ഒരു യാഥാര്‍ഥ്യം നിറഞ്ഞ കാര്യമാണ്. ജോണി ജോണി യെസ് പപ്പ എന്നാണ് നമ്മള്‍ എല്ലാം ചെറുപ്പത്തില്‍ കേട്ട് കൊണ്ടിരുന്നത്. പക്ഷെ ഈ സിനിമയുടെ ടൈറ്റില്‍ ജോണി ജോണി യെസ് അപ്പ എന്നാണ് നമ്മള്‍ കൊടുത്തിട്ടുള്ളത്. എന്താണെന്ന് വെച്ചാല്‍, ഒരു അപ്പന്റെയും അയാളുടെ മൂന്ന് ആണ്മക്കളുടെയും കഥയാണിത്. അപ്പനായി എത്തുന്നത് വിജയരാഘവന്‍ ആണ്. മക്കളായി കുഞ്ചാക്കോ ബോബന്‍, ടിനി ടോം, ഷറഫുദ്ധീന്‍ എന്നിവരും. അവരുടെ അമ്മയായി ഗീത ചേച്ചിയും എത്തുന്നു. അതില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ജോണിയുടെയും അയാളുടെ അപ്പന്റെയും കഥ പറയുമ്പോള്‍ ജോണി ജോണി യെസ് അപ്പ എന്ന പേരാണ് ഏറ്റവും നന്നായി ചേരുക എന്ന് തോന്നി. അത് തന്നെ കൊടുത്തു. പിന്നെ സ്വാഭാവികമായും നല്‍കുന്ന പേര് ആളുകളിലേക്ക് പെട്ടെന്ന് എത്തണമെന്നുണ്ടായിരുന്നു. ഭാഗ്യവശാല്‍ അത് സംഭവിച്ചു. കുട്ടികള്‍ വരെ ഈ പേര് ഏറ്റെടുത്തു. കുട്ടികള്‍ക്ക് വേണ്ടി മാത്രമല്ല എല്ലാവര്‍ക്കും വേണ്ടി തന്നെയാണ് ഈ സിനിമ എടുത്തത്. എല്ലാവരുടെയും ഉള്ളില്‍ കുട്ടിത്തം ഉണ്ടല്ലോ. അപ്പോ അവര്‍ക്കെല്ലാം ഇഷ്ടപ്പെടുന്ന പോലെ ട്രീറ്റ് ചെയ്യാനാണ് നമ്മള്‍ ശ്രമിച്ചിരിക്കുന്നതും.

എത്രത്തോളം നര്‍മ്മ പ്രധാനമാണ് ഈ സിനിമ?

നര്‍മ്മത്തിന് വലിയ പ്രാധാന്യം ഉണ്ട്. ആദ്യം തൊട്ട് അവസാനം വരെ നര്‍മ്മത്തിനു പ്രാധാന്യം നല്‍കി ചെയ്ത സിനിമ തന്നെയാണ് ഇത്. ഒപ്പം കണ്ണു നനയിക്കുന്ന മുഹൂര്‍ത്തങ്ങളും ഉണ്ട്. നല്ലൊരു കഥ കൂടി നമ്മള്‍ പറയുന്നുണ്ട് ഇതിലൂടെ. അത് ഈ ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് മനസിലാകും.

വെള്ളിമൂങ്ങയുടെ തിരകഥാകൃത്ത് ജോജി തോമസുമായുള്ള കൂട്ടുകെട്ട് തരുന്ന ഒരു പ്രതീക്ഷ കൂടിയില്ലേ ചിത്രത്തിന്?

എന്റെ കഴിഞ്ഞ ചിത്രമായ പാവാട 100 ദിവസം ഓടിയ ഒരു ചിത്രമായിരുന്നു. സ്വാഭാവികമായും ഒരു സിനിമ ഹിറ്റ് ആകുമ്പോള്‍ നമ്മുടെ പ്രേക്ഷകര്‍ക്ക് നമുക്ക് മേലുള്ള വിശ്വാസം കൂടും. പിന്നെ നമ്മള്‍ ചെയ്യേണ്ടത് ആ വിശ്വാസം നിലനിര്‍ത്തുക എന്നതാണ്. അതുകൊണ്ട് തന്നെ രണ്ട് വര്‍ഷത്തെ ഗ്യാപ്പ് വേണ്ടി വന്നു എനിക്ക് ഈയൊരു സിനിമ ചെയ്യാന്‍. ജോജി എനിക്കിഷ്ടപ്പെട്ട ഒരു എഴുത്തുകാരനാണ്. ജോജിയുടെ വെള്ളിമൂങ്ങ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ്. അതുകൊണ്ട് തന്നെ ഞാന്‍ ജോജിയെ സമീപിച്ചു, കഥ പറഞ്ഞു, ചെയ്യാമെന്നേറ്റു. അങ്ങനെ ഒന്നര വര്‍ഷം കൊണ്ടാണ് ഞങ്ങള്‍ ഈ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുന്നത്. അതിന് ശേഷം ചാക്കോച്ചനെ കണ്ടു, ചാക്കോച്ചന് കഥ വളരെ ഇഷ്ടപ്പെട്ടു. പിന്നീട് വൈശാഖ് രാജനെ പോലെ ഒരു നിര്‍മ്മാതാവ് ചിത്രം പ്രൊഡ്യൂസ് ചെയ്യാം എന്നു പറഞ്ഞു. അങ്ങനെ എല്ലാം കൊണ്ടും വേറെ ഒരു ലെവലിലേക്ക് മാറുകയായിരുന്നു സിനിമ.

ഏറെനാളിന് ശേഷം നടി ഗീതയുടെ തിരിച്ചു വരവ് കൂടി സംഭവിക്കുകയാണല്ലോ ഈ സിനിമയിലൂടെ..

നമ്മള്‍ മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റിയ ഒരുപാട് കഥാപാത്രങ്ങളെ ചെയ്തയാളാണ് ഗീതചേച്ചി. അന്യഭാഷയില്‍ നിന്നും വന്ന് ഒരുപാട് നല്ല കഥാപാത്രവും അഭിനയവും കാഴ്ച വെച്ചയാള്‍. ഇതിലെ മൂന്നു മക്കളുടെ അമ്മയായാണ് ഗീതചേച്ചി എത്തുന്നത്. ഞങ്ങള്‍ ഈ കഥാപാത്രം ആര് ചെയ്യുമെന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് ഗീതചേച്ചിയുടെ പേര് വരികയും. ഞങ്ങളങ്ങനെ ചേച്ചിയെ ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചു. ആ സമയത്തു ചേച്ചി അമേരിക്കയില്‍ ആയിരുന്നു. കഥ ഇഷ്ടപ്പെട്ട ചേച്ചി ഇവിടെ വന്ന് പൂര്‍ണ്ണ സഹകരണത്തോടെ നന്നായി തന്നെ അഭിനയിച്ചു തിരിച്ചുപോവുകയും ചെയ്തു. സാധാരണ അവര്‍ ചെയ്യുന്ന പോലത്തെ കരഞ്ഞു നില്‍ക്കുന്ന കഥാപാത്രമല്ല ഇതില്‍. വളരെ തമാശയൊക്കെയുള്ള മൂന്നു ആണ്‍മക്കളുടെ ഒരു അമ്മ. ഗ്രെയ്സി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്.

ഭാസ്‌കര്‍ ദി റാസ്‌കലിനു ശേഷം മാസ്റ്റര്‍ സനൂപ് ബേബി അനിക കോമ്പിനേഷന്‍ വീണ്ടും വരികയാണല്ലോ ഈ ചിത്രത്തിലൂടെ?

പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെട്ട കുട്ടികളാണ് അവര്‍. ഇഷ്ടപ്പെട്ട കോമ്പിനേഷനും. അവര്‍ ഈ സിനിമയില്‍ ഉണ്ട്. അവര്‍ അഭിനയിച്ച ഷാന്‍ റഹ്മാന്‍ ചെയ്ത ഇതിലെ ഗാനം ഇപ്പോള്‍ ഹിറ്റ് ആയിരിക്കുകയാണ്. ട്രെന്‍ഡ് സോങ് എന്ന് തന്നെ പറയാം. അതൊക്കെ ചിത്രത്തില്‍ നമുക്ക് ഒരുപാട് പ്രതീക്ഷ തരുന്ന കാര്യങ്ങളാണ്.

നായികാ പ്രാധാന്യം ഉള്ള സിനിമ കൂടിയാണോ ജോണി ജോണി യെസ് അപ്പ?

തീര്‍ച്ചയായും. ഗീത ചേച്ചി, അനു സിതാര, മംമ്ത മോഹന്‍ദാസ്, ലെന എന്നിങ്ങനെ നാലുപേര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട് ഈ ചിത്രത്തില്‍. അവരുടെയെല്ലാം മികച്ച, ശക്തമായ കഥാപാത്രങ്ങളാണ് ഇതില്‍ ഉള്ളത്.

നായകനായ ചാക്കോച്ചനെ കുറിച്ച്..

ചാക്കോച്ചന്‍ വളരെ സപ്പോര്‍ട്ട് ആണ് നമുക്ക്. കഥ കേട്ട് ഇഷ്ടപ്പെട്ടത് മുതല്‍ നമുക്കൊപ്പം ഉണ്ട്. പിന്നെ ആ മുഖം പോലെ തന്നെ വളരെ സൗമ്യനാണ് ആള്‍. 25 വര്‍ഷമായി നമുക്ക് ഒക്കെ അറിയുന്ന ആള്‍. ഇതുവരെയും ഒരു കോട്ടവും തട്ടാത്ത, ആരെയും വെറുപ്പിക്കാത്ത, സെറ്റില്‍ ഒക്കെ നന്നായി ഇടപഴകുന്ന മനുഷ്യന്‍. അതുകൊണ്ട് തന്നെ വളരെ സന്തോഷമുണ്ട് അദ്ദേഹത്തെ പോലെ ഒരാള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍..

ചിത്രത്തിന്റ മറ്റു വിശേഷങ്ങള്‍?

ഷാന്‍ റഹ്മാന്റെ മനോഹരമായ അഞ്ചു ഗാനങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍. പിന്നെ മലയാളത്തിലെ മികച്ച ടെക്നീഷ്യന്മാരെയാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്യാമറമാന്‍ വിനോദ് ഇല്ലംപിള്ളി, എഡിറ്റര്‍ ലിജോ പോള്‍ തുടങ്ങിയവര്‍. അതുകൊണ്ട് തന്നെ ഒരു മികച്ച ടെക്നീഷ്യന്മാരുടെ കൂട്ടായ്മ കൂടിയാണ് ഈ സിനിമ.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍