UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം: ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹയ്ക്ക് വധഭീഷണി

അധോലോക നായകന്‍ രവി പൂജാരി എന്ന് അവകാശപ്പെട്ടയാളാണ് വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. എഴുത്ത് നിര്‍ത്തിയില്ലെങ്കില്‍ വെടി വച്ച് കൊല്ലുമെന്നാണ് ഭീഷണി. പ്രതീക് സിന്‍ഹ ഇത് സംബന്ധിച്ച് അഹമ്മദാബാദ് പൊലീസില്‍ പരാതി നല്‍കി.

മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുടേയും വാര്‍ത്തകളുടേയും പേരില്‍ ആള്‍ട്ട് ന്യൂസ് (altnews.com) സ്ഥാപക എഡിറ്റര്‍ പ്രതീക് സിന്‍ഹയ്ക്ക് വധഭീഷണി. അധോലോക നായകന്‍ രവി പൂജാരി എന്ന് അവകാശപ്പെട്ടയാളാണ് വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. എഴുത്ത് നിര്‍ത്തിയില്ലെങ്കില്‍ വെടി വച്ച് കൊല്ലുമെന്നാണ് ഭീഷണി. പ്രതീക് സിന്‍ഹ ഇത് സംബന്ധിച്ച് അഹമ്മദാബാദ് പൊലീസില്‍ പരാതി നല്‍കി.

ഗുജറാത്തിലെ പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച മുകുള്‍ സിന്‍ഹയുടെ മകനാണ് പ്രതീക് സിന്‍ഹ. ആള്‍ട്ട് ന്യൂസിന് പുറമെ ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന് വെബ്‌സൈറ്റും പ്രതീക് സിന്‍ഹയുടേതാണ്. തന്റെ പിതാവ് ഉപയോഗിച്ചിരുന്ന നമ്പര്‍ അദ്ദേഹത്തിന്റെ മരണ ശേഷം അമ്മയുടെ പേരിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായും ഈ നമ്പറിലേയ്ക്കാണ് ഭീഷണി സന്ദേശങ്ങള്‍ വന്നതെന്നും പ്രതീക് സിന്‍ഹ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഓസ്ട്രേലിയയില്‍ കഴിയുന്നതായി സംശയിക്കുന്ന രവി പൂജാരിയില്‍ നിന്നെന്ന് പറഞ്ഞ് നേരത്തെ ബിസിനസ്, രാഷ്ട്രീയ പ്രമുഖര്‍ക്ക് വധ ഭീഷണി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതീക് സിന്‍ഹയ്‌ക്കെതിരെയുള്ള ഭീഷണി. കോണ്‍ഗ്രസ് എംഎല്‍എ സികെ രാഹുല്‍ജിക്കും കഴിഞ്ഞ ദിവസം പൂജാരിയില്‍ നിന്നെന്ന് പറഞ്ഞ് ടെക്സ്റ്റ് മെസേജ് ആയി വധഭീഷണി വന്നിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍ സിംഗ് വഗേലയും ഈ പ്രശ്‌നം ഉയര്‍ത്തിയിട്ടുണ്ട്. 10 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൂജാരിയില്‍ നിന്ന് വധഭീഷണി വന്നതായാണ് പറയുന്നത്. ഗുരുദാസ് കാമത്ത്, ശക്തി സിംഗ് കോഹില്‍, അമിത് ചവ്ദ, ഹീരാഭായ് പട്ടേല്‍, ഗോവന്‍ഭായ് റാബറി തുടങ്ങിയ നേതാക്കള്‍ക്കെല്ലാം വധഭീഷണി വന്നിട്ടുണ്ട്.

അതേസമയം ബിജെപി നേതാക്കള്‍ക്കും രവി പൂജാരിയുടെ പേരില്‍ വധഭീഷണി വരുന്നുണ്ടെന്ന് പൊലീസ് പറയുന്നു. നവ്‌സരി ജില്ലയില്‍ ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രേംചന്ദ് ലാല്‍വാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുംബയ് സ്വദേശി അക്തര്‍ മര്‍ച്ചന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍