UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കിയ ഭവാനി ടീച്ചര്‍ അന്തരിച്ചു

വെങ്ങപ്പള്ളിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പീസ് വില്ലേജില്‍ വരുന്ന ട്രസ്റ്റ് അംഗങ്ങളുടെ മക്കളെ താലോലിച്ച് ഭവാനിയമ്മ പുതിയ ജീവിത പടവുകള്‍ കയറുന്നതിനിടെ മൂന്നാഴ്ച മുമ്പ് വീണ്ടും അസുഖം മൂര്‍ഛിക്കുകയും ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മരിക്കുകയുമായിരുന്നു

സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്‍മം നല്‍കിയ ഭവാനി ടീച്ചര്‍ അന്തരിച്ചു. പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസിയായിരുന്ന ഭവാനി ടീച്ചര്‍ (76) ഇന്ന് പുലര്‍ച്ചെയോടെയാണ് അന്തരിച്ചത്. മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആറ്റ് നോറ്റുണ്ടായ കുഞ്ഞ് രണ്ടാം വയസ്സില്‍ ബക്കറ്റിലെ വെള്ളത്തല്‍ വീണ് മരണപ്പെട്ടതോടെയാണ് ബന്ധുക്കളില്‍ നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞു വന്നിരുന്ന ഭവാനി ടീച്ചര്‍ തീര്‍ത്തും ഏകയായി മാറുന്നത്. ഒരായുസ്സില്‍ നേരിടാവുന്നതിലുമധികം വെല്ലുവിളികളെ അതിജീവിച്ച, അനാഥയായ ടീച്ചറേ ഒരുകാലത്ത് മലയാളികളൊന്നാകെ അമ്മയെന്നു വിളിച്ചിരുന്നു.

ആലപ്പുഴ സ്വദേശിനിയാണ് ടീച്ചര്‍. 62ാം വയസ്സില്‍ 2002ല്‍ മറ്റാരും മടിക്കുന്ന ആ പരീക്ഷണത്തിന് ടീച്ചര്‍ തയ്യാറാകുകയായിരുന്നു. മാതൃത്വം എന്ന മഹനീയതയുടെ പുണ്യം നേടുകയെന്നായിരുന്നു ടീച്ചറുടെ അഭിലാഷം. അങ്ങനെയാണ് ടെസ്റ്റ്യൂബ് ശിശുവിന് ജന്മം നല്‍കുക എന്ന ഉറച്ച തീരുമാനമെടുക്കുന്നത്. കണ്ണന്‍ എന്ന ആ കുഞ്ഞ് ഇന്നുണ്ടായിരുന്നെങ്കില്‍ സംസ്ഥാനത്തെ ആദ്യത്തെ’ ടെസ്റ്റ് ട്യൂബ് ശിശുവെന്ന പദവി അവനാകമായിരുന്നു. എന്നാല്‍ ഏറേ ത്യാഗങ്ങള്‍ സഹിച്ച് ജന്മം നല്‍കിയ കുഞ്ഞ് രണ്ടാം വയസില്‍ ബക്കറ്റില്‍ വീണ് മരിച്ചു.

ടീച്ചര്‍ക്ക് ആദ്യ വിവാഹത്തില്‍ മക്കളില്ല. ആദ്യ ഭര്‍ത്താവ് ക്യാന്‍സര്‍ വന്ന് മരണപ്പെട്ടതിന് ശേഷം വിവാഹിതയായെങ്കിലും ടീച്ചര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് ഭര്‍ത്താവിനോട് മറ്റൊരു വിവാഹം കഴിക്കാന്‍ ആവശ്യപെടുകയായിരുന്നു. എന്നാല്‍ ആ വിവാഹത്തില്‍ ജനിച്ച കുട്ടിയെ താലോലിക്കാന്‍ ടീച്ചര്‍ക്ക് അവസരം നിഷേധിക്കപെടുകയായിരുന്നു. പത്ത് വര്‍ഷം മുന്‍പ് വയനാട്ടിലെത്തിയ ഭവാനിയമ്മ മാനന്തവാടി എരുമത്തെരുവിലെ വാടകവീട്ടില്‍ കുട്ടികള്‍ക്ക് കണക്ക് ട്യൂഷനെടുത്തുവരികയായിരുന്നു. വയനാട്ടിലെ ആ പുതിയതുടക്കത്തിനും അല്‍പായുസെ ഉണ്ടായിരുന്നുളളൂ. പ്രായം തളര്‍ത്തിയ ടീച്ചര്‍ മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികില്‍സയിലായ്യിരുന്നു.

തുടര്‍ന്ന്് പീസ് വില്ലേജ് ഫൗണ്ടേഷന്‍ ടീച്ചറെ ഏറ്റെടുത്തു. ഒന്നരമാസം മേപ്പാടി ഡി.എം.വിംസ് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞു. തോല്‍ക്കാന്‍ മനസ്സില്ലാത്ത ആ അമ്മയോടൊപ്പം ഒരുപാട് നന്മമനസ്സുകള്‍ കൂടി ചേര്‍ന്നപ്പോള്‍ കിടക്കയില്‍ നിന്നും വീല്‍ചെയറിലേക്ക് മാറാനായി. വെങ്ങപ്പള്ളിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പീസ് വില്ലേജില്‍ വരുന്ന ട്രസ്റ്റ് അംഗങ്ങളുടെ മക്കളെ താലോലിച്ച് ഭവാനിയമ്മ പുതിയ ജീവിത പടവുകള്‍ കയറുന്നതിനിടെ മൂന്നാഴ്ച മുമ്പ് വീണ്ടും അസുഖം മൂര്‍ഛിക്കുകയും ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മരിക്കുകയുമായിരുന്നു. അവസാന കാലത്ത് ആ അമ്മയ്ക്ക് മക്കളായി മാറാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് പിണങ്ങോട് പീസ് പ്രവര്‍ത്തകര്‍.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍