UPDATES

ട്രെന്‍ഡിങ്ങ്

ബനാറസ് യുണിവേഴ്സിറ്റി വിദ്യാര്‍ത്ഥി പ്രക്ഷോഭം: മോദിയുടെ മണ്ഡലത്തില്‍ പൊലിസ് മര്‍ദ്ദനത്തിനെതിരെ പ്രതിഷേധം

മോദി ഭക്തരായ ദേശീയ മാധ്യമങ്ങള്‍ അവഗണിച്ച സംഭവം പക്ഷെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വ്യാപക പ്രചാരം നേടി. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തി

ചില പ്രധാന പരിപാടികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ലോക്‌സഭ മണ്ഡലമായ വരാണസി സന്ദര്‍ശിക്കുന്നതിനിടയില്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അതിശക്തമായ ഒരു പ്രക്ഷോഭത്തിലായിരുന്നു. ഭൂരിപക്ഷവും പെണ്‍കുട്ടികള്‍. തങ്ങള്‍ക്ക് പഠിക്കുന്നതിന് സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് പക്ഷെ അക്രമാസക്തമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മുഖ്യധാര മാധ്യമങ്ങളും തീവ്ര ദേശീയവാദ ചാനലുകളും അവഗണിച്ച സമരം പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക ശ്രദ്ധ നേടി. ബൈക്കിലെത്തിയ രണ്ട് പേര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ പരാതി സ്വീകരിക്കുന്നതിന് പകരം അവരെ ഹോസ്റ്റലില്‍ എത്തി ചോദ്യം ചെയ്യുകയാണ് അധികൃതര്‍ ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി സമരം ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ ശനിയാഴ്ചയാണ് പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തത്. വെള്ളിയാഴ്ച കാമ്പസിന് പുറത്ത് സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ കാമ്പസിലേക്കുള്ള വഴി തടയുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നടത്തിയ പ്രതിഷേധമാണ് അധികൃതരെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്ന് ആരോപണമുണ്ട്. പൊലീസ് തങ്ങളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍ കാവല്‍ക്കാരുടെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് വൈസ് ചാന്‍സലറുടെ വസതിയില്‍ വിദ്യാര്‍ത്ഥികള്‍ തള്ളിക്കേറാന്‍ ശ്രമിച്ചതാണ് ലാത്തിച്ചാര്‍ജ്ജിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

മോദി ഭക്തരായ ദേശീയ മാധ്യമങ്ങള്‍ അവഗണിച്ച സംഭവം പക്ഷെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വ്യാപക പ്രചാരം നേടി. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തി. ബനാറസ് ഹിന്ദു സര്‍വലാശാലയില്‍ ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത് പ്രതിഷേധാര്‍ഹമാണെന്ന് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ വരാണസിയിലുള്ള സ്ഥലം എംപി കൂടിയായ പ്രധാനമന്ത്രി തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

മാധ്യമങ്ങളുടെ മുന്നില്‍ വച്ച് വിദ്യാര്‍ത്ഥികളെ കാണാന്‍ വിസി തയ്യാറാവണമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഐശ്വര്യ എസ് അയ്യര്‍ ട്വീറ്റ് ചെയ്തു. സമരത്തിന്‍റെ ചിത്രവും ഇതോടൊപ്പം അവര്‍ ചേര്‍ത്തിട്ടുണ്ട്. ലൈംഗീക പീഡനത്തിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തത് അപമാനകരമാണെന്ന് സിപിഐ (എംഎല്‍) പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍ ട്വീറ്റ് ചെയ്തു. ഇതാണോ ‘ബേട്ടി ബചാവോ’ എന്നും അവര്‍ ചോദിച്ചു. ലിംഗനീതിക്ക് വേണ്ടി സമരം നടത്തുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ക്ക് ഷെഹ്ല റാഷിദ് അഭിവാദ്യം അര്‍പ്പിച്ചു. ഇത് വിപ്ലവമാണെങ്കിലും ചാനലുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബി എച്ച് യു വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് മര്‍ദ്ദനത്തിനെതിരെ ന്യൂഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍