UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“സഖാക്കളെ, ഞാന്‍ ഇവിടെയുണ്ട്”: ദുബായില്‍ നിന്ന് ബിനീഷ് കോടിയേരിയുടെ ലൈവ്‌

കോടിയേരിയുടെ മൂത്തമകന്‍ ബിനോയിക്കെതിരെയുള്ള ചെക്ക് കേസ് ഒത്തുതീര്‍പ്പായതിന് പിന്നാലെയാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് കേസില്‍ പെട്ടിരുന്ന രണ്ടാമത്തെ മകന്‍ ബിനീഷും ദുബായിലെത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരി വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദുബായിലെത്തി. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ഫേസ്ബുക്ക് ലൈവും ചെയ്തു. തന്നെയും കുടുംബത്തേയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ കൂടുതലൊന്നും പറയാനില്ലെന്നും സഖാക്കളുടേയും ഫേസ്ബുക്ക് സുഹൃത്തുക്കളുടേയും അഭ്യര്‍ത്ഥന പ്രകാരമാണ് ലൈവ് ചെയ്യുന്നതെന്നും ബിനീഷ് പറയുന്നു. കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും താന്‍ നടക്കാന്‍ പഠിച്ചത് തലശേരിയില്‍ നിന്നാണ് എന്നും ബിനീഷ് പറയുന്നു. അതേസമയം തനിക്കെതിരായ കേസിനെക്കുറിച്ച് ഒന്നും പറഞ്ഞതുമില്ല.

കോടിയേരിയുടെ മൂത്തമകന്‍ ബിനോയിക്കെതിരെയുള്ള ചെക്ക് കേസ് ഒത്തുതീര്‍പ്പായതിന് പിന്നാലെയാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് കേസില്‍ പെട്ടിരുന്ന രണ്ടാമത്തെ മകന്‍ ബിനീഷും ദുബായിലെത്തിയത്. സാംബാ ഫിനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസില്‍ ഡിസംബര്‍ പത്തിന് ദുബായ് കോടതി ബിനീഷിന് രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ 2015 ഓഗസ്റ്റ് ആറിന് റജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു കോടതി വിധി. എന്നാല്‍, യുഎഇ നിയമപ്രകാരം ഇത്തരം കേസുകളില്‍ ശിക്ഷ വിധിച്ചുകഴിഞ്ഞാലും, കേസില്‍ ഉള്‍പ്പെട്ട തുക വാദിക്ക് നല്‍കി ഒത്തുതീര്‍പ്പിലാക്കാന്‍ വ്യവസ്ഥയുണ്ട്. യുഎഇയില്‍ എത്തും മുമ്പ് തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍