UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം റദ്ദാക്കണം: തിരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി നേതാവ്

ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷനും മാതൃകാ പെരുമാറ്റ ചട്ടവും ലംഘിക്കുന്നതാണ് ഈ ചിഹ്നം അനുവദിക്കുന്നതിലൂടെ ചെയ്യുന്നതെന്ന് അശ്വിനി ഉപാധ്യായ അഭിപ്രായപ്പെടുന്നു.

1980ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഉപയോഗിച്ച് വരുന്ന കൈപ്പത്തി ചിഹ്നം റദ്ദാക്കണമെന്ന് ബിജെപി നേതാവ് അശ്വനി ഉപാധ്യായ. ഇക്കാര്യം ആവശ്യപ്പെട്ട് അശ്വനി ഉപാധ്യായ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറ് പേജുള്ള അപേക്ഷയാണ് അശ്വിനി ഉപാധ്യായ നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷനും മാതൃകാ പെരുമാറ്റ ചട്ടവും ലംഘിക്കുന്നതാണ് ഈ ചിഹ്നം അനുവദിക്കുന്നതിലൂടെ ചെയ്യുന്നതെന്ന് അശ്വിനി ഉപാധ്യായ അഭിപ്രായപ്പെടുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്തിനേയും കമ്മീഷന്റെ ലീഗല്‍ അഡൈ്വസറേയും കണ്ടാണ് അശ്വനി ഉപാധ്യായ കത്ത് നല്‍കിയത്.

മനുഷ്യശരീരത്തിന്റെ ഭാഗമായ ഒരേയൊരു തിരഞ്ഞെടുപ്പ് ചിഹ്‌നം കൈപ്പത്തിയാണെന്ന് അശ്വനി ഉപാധ്യായ പറയുന്നു. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കണമെന്നാണ് പെരുമാറ്റ ചട്ടം വ്യക്തമാക്കുന്നത്. പോളിംഗ് സ്‌റ്റേഷന്റെ 100 മീറ്റര്‍ പരിധിയില്‍ പോളിംഗ് സമയത്ത് തിരഞ്ഞെടുപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കരുതെന്നാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 130 പറയുന്നതെന്നും അശ്വനി ഉപാധ്യായ കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷവും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ദുരുപയോഗിച്ച് വരുന്നു. സ്ഥാനാര്‍ത്ഥികള്‍, ഇവരെ പിന്തുണയ്ക്കുന്നവര്‍, തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ തുടങ്ങിയവരെല്ലാം വോട്ടെടുപ്പ് ദിവസം ഇത്തരത്തില്‍ ദുരുപയോഗം നടത്തുന്നു.

കോണ്‍ഗ്രസ് ആദ്യം തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിച്ചിരുന്നത് ഇരട്ടക്കാളകളെയാണ്. പിന്നീട് പശുവും കിടാവും 1980ല്‍ എങ്ങനെയാണ് ഈ കൈപ്പത്തി ചിഹ്നം ഇന്ദിര ഗാന്ധി നേടിയെടുത്തത് എന്ന കാര്യം ദുരൂഹമാണ് എന്ന് അശ്വനി ഉപാധ്യായ അഭിപ്രായപ്പെട്ടു. ഈ ചിഹ്നം എത്രയും പെട്ടെന്ന് പിന്‍വലിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസിന് നോട്ടീസ് അയയ്ക്കാന്‍ ഒരുങ്ങുന്നു എന്നാണ് ഉപാധ്യായയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വിഷയം പോള്‍ പാനല്‍ പരിഗണിക്കുമെന്നും പറയുന്നു. വേണ്ട നടപടിയുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അശ്വിനി ഉപാധ്യായയുടെ മുന്നറിയിപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍