UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാമിയ മിലിയ ഇസ്ലാമിയയ്ക്ക് ന്യൂനപക്ഷ പദവി വേണ്ട: കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്‍കിക്കൊണ്ടുള്ള ദേശീയ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപന കമ്മീഷന്റെ (എന്‍സിഎംഇഐ) ഉത്തരവിനെ എതിര്‍ത്തുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. 2011 ഓഗസ്റ്റ് 29ന് കപില്‍ സിബല്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരിക്കെ എന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്റെ ഉത്തരവ് അംഗീകരിച്ച് യുപിഎ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

മാര്‍ച്ച് അഞ്ചിന് നല്‍കിയ സത്യവാങ്മൂലത്തില്‍ 1968ലെ അസീസ് ബാഷ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ എതിര്‍ത്ത നിലപാടിനെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചത്. പാര്‍ലമെന്റ് ആക്ട് പ്രകാരം നിലവില്‍ വന്ന ഒരു യൂണിവേഴ്‌സിറ്റിക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ കഴിയില്ലെന്നാണ് അസീസ് ബാഷ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമിയ മിലിയ ബോര്‍ഡ് തിരഞ്ഞെടുക്കപ്പെടുന്നതാണ്. ഭൂരിപക്ഷം പേരും മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ ആയിരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു.

കേന്ദ്രസര്‍വകലാശാലയെ ഇത്തരത്തില്‍ ന്യൂനപക്ഷ സ്ഥാപനമായി കാണാനാവില്ല. ജെഎംഐ ഒരു ന്യൂനപക്ഷ സ്ഥാപനമല്ല. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ സ്ഥാപിച്ച സര്‍വകലാശാലയല്ല. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന, പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം നിലവില്‍ വന്നതാണ്. സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് 2016ല്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി എച്ച്ആര്‍ഡി മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ഇതേതുടര്‍ന്ന് മന്ത്രാലയം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവിയുടെ കാര്യത്തിലും സമാനമായ നിലപാടാണ് 2016 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.

1920ല്‍ മുസ്ലീം ദേശീയവാദി നേതാക്കളാണ് അലിഗഡില്‍ ജാമിയ മിലിയ സര്‍വകലാശാല സ്ഥാപിച്ചതെന്നാണ് ജാമിയ മിലിയ ഇസ്ലാമിയ ആക്ട് സെക്ഷന്‍ രണ്ട് പറയുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം നടത്തുന്നതോ അത് പിന്തുണയ്‌യ്ക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാനുള്ള മഹാത്മ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടായിരുന്നു ഇത്. സര്‍വകലാശാല പിന്നീട് ഡല്‍ഹിയിലേയ്ക്ക് മാറ്റുകയും ജാമിയ മിലിയ ഇസ്ലാമിയ സൊസൈറ്റി എന്ന പേരിലുള്ള രജിസ്റ്റേര്‍ഡ് സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുകയുമായിരുന്നു. 1962ല്‍ ജെഎംഐ കല്‍പ്പിത സര്‍വകലാശാലയായി മാറി. 1988ല്‍ ജെഎംഐ ആക്ടിലൂടെ അത് കേന്ദ്ര സര്‍വകലാശാലയായി മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍