UPDATES

സയന്‍സ്/ടെക്നോളജി

സോഷ്യല്‍ മീഡിയ നിരീക്ഷിക്കും, വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറും: ലോക് സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍

വ്യക്തി താല്‍പര്യങ്ങളും നിലപാടുകളും അഭിപ്രായങ്ങളും പരിശോധിച്ച്, അഭിപ്രായ സ്വാധീനത്തിന് കെല്‍പ്പുള്ളവരെ പിന്തുടരുന്നവരുടെ എണ്ണവും, അവരുടെ പൊതുസ്വഭാവവും തിരിച്ചറിയാന്‍ വരെ ഈ വിവരങ്ങള്‍ ഇതുപയോഗിക്കും.

ലോക് സഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ, പൗരന്മാരുടെ ഡിജിറ്റല്‍ പ്രൊഫൈലുകള്‍ സൃഷ്ടിക്കാനും, സര്‍ക്കാരിന്റെ ഔദ്യോഗിക നയങ്ങള്‍ സംബന്ധിച്ച ജനാഭിപ്രായം അറിയാനും ഉതകുന്ന തരത്തിലുള്ള ഒരു സോഷ്യല്‍ മീഡിയ അനാലിറ്റിക്കല്‍ ടൂള്‍ വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്) പുറത്തിരക്കിയിരുന്നു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള നെഗറ്റീവായ ധാരണകള്‍ ഇല്ലാതാക്കുവാനും പോസിറ്റീവായ അഭിപ്രായങ്ങളെ പ്രോത്സാഹിപ്പിക്കുവാനും വ്യക്തികത വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ക്യാമ്പയിന്‍ കൊണ്ട് സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി സ്വകാര്യ ബ്ലോഗുകള്‍ വരെ നിരീക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് എങ്ങനെ ഇത് സാധ്യമാകും എന്നതിനെകുറിച്ച് വ്യക്തമല്ല. ‘സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്’ രൂപവത്കരിച്ചാണ് സാമൂഹിക മാധ്യമങ്ങളിലെ ചെറുചലനം പോലും അപ്പപ്പോള്‍ അറിയാന്‍ ലക്ഷ്യമിടുന്നത്. വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ വായിക്കുകയും സന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തില്‍ അവയെ വ്യാഖ്യാനിച്ച് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇതുവഴി സാധിക്കും. ഡാറ്റ സംരക്ഷണം ഉറപ്പുവരുത്തുന്നതിനോ, ഡാറ്റ ഉപയോഗിക്കുന്നതിന് മുന്‍പ് വ്യക്തിയില്‍ നിന്ന് അനുമതി തേടുന്നതിനോ ഉള്ള നിയമമൊന്നും ഇന്ത്യയില്‍ ഇല്ലെന്നതിനാല്‍ സ്വകാര്യതയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നുവരുന്നുണ്ട്.

ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ എന്‍ജിനിയറിങ് വിഭാഗമായ ബി.ഇ.സി.ഐ.എല്ലിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പ്രാദേശിക മാധ്യമങ്ങള്‍, പത്രങ്ങളുടെ പ്രാദേശിക എഡിഷനുകള്‍, പ്രാദേശിക പരിപാടികള്‍, എഫ്.എം സ്റ്റേഷനുകള്‍, ചാനലുകള്‍, സാമൂഹിക മാധ്യമങ്ങളിലെ പ്രമുഖ പ്രൊഫൈലുകള്‍ എന്നിവ സ്ഥിരമായി നിരീക്ഷിച്ചാണ് വിവരശേഖരണം നടത്തുക. വ്യാജ വാര്‍ത്തകളും തെറ്റായ റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നതും നിരീക്ഷിക്കും. മീഡിയ ഹബ് സംഘങ്ങളാണ് ഈ ചുമതല നിര്‍വ്വഹിക്കുക. എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും ഇംഗ്ലീഷിലെയും ഉള്ളടക്കങ്ങള്‍ ഇതിലുള്‍പ്പെടും. വ്യക്തി താല്‍പര്യങ്ങളും നിലപാടുകളും അഭിപ്രായങ്ങളും പരിശോധിച്ച്, അഭിപ്രായ സ്വാധീനത്തിന് കെല്‍പ്പുള്ളവരെ പിന്തുടരുന്നവരുടെ എണ്ണവും, അവരുടെ പൊതുസ്വഭാവവും തിരിച്ചറിയാന്‍ വരെ ഈ വിവരങ്ങള്‍ ഇതുപയോഗിക്കും. സര്‍ക്കാരിന്റെ നിലപാടുമായി താരതമ്യപ്പെടുത്തി ഉപയോക്താക്കളുടെ അഭിപ്രായങ്ങളെ ‘അനുകൂലം, പ്രതികൂലം, നിഷ്പക്ഷം’ എന്നിങ്ങനെ വേര്‍തിരിക്കും.

20 പേരടങ്ങുന്ന സോഷ്യല്‍ മീഡിയ അനലിറ്റിക്‌സ് സംഘങ്ങള്‍ രൂപവത്കരിക്കുമെന്നും കരടുരേഖയില്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങള്‍, ഹാഷ് ടാഗുകള്‍, അതിന്റെ റീച്ച് എന്നിവയടക്കം ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ വരെ ശേഖരിച്ച് കൃത്യമായ ഇടവേളകളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ട ചുമതല ഈ സംഘത്തിനാണ്. ഇതുകൂടാതെ, പ്രാദേശിക വാര്‍ത്തകളും സംഭവങ്ങളും പിന്തുടരുന്നതിനായി രാജ്യത്തെ 716 ജില്ലകളിലും ഓരോ സോഷ്യല്‍ മീഡിയാ എക്‌സിക്യൂട്ടീവിനെ നിയമിക്കുകയും ചെയ്യും. അതേസമയം, സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുക എന്ന് പറയുന്നത് ഇതല്ലെങ്കില്‍ മറ്റെന്താണ് എന്ന് ചോദിക്കുന്നത് പ്രമുഖ അഭിഭാഷകനായ പ്രസന്നയാണ്. ‘സന്ദേശം വായിക്കുന്നത് മനുഷ്യനോ യന്ത്രമോ ആകട്ടെ, ഇവിടെ വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്’ – അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍