UPDATES

വിപണി/സാമ്പത്തികം

എസ്സാര്‍ ഗ്രൂപിന് ഐസിഐസിഐയുടെ ഉദാര വായ്പ; ബാങ്ക് സിഇഒയുടെ ഭര്‍ത്താവിന് എസ്സാര്‍ മരുമകന്റെ നിക്ഷേപം

ഫസ്റ്റ്‌ലാന്‍ഡിലോ നൂപവറിലോ തങ്ങള്‍ യാതൊരു നിക്ഷേപവും നടത്തിയിട്ടില്ലെന്നാണ് എസ്സാര്‍ ഗ്രൂപ്പ് പറയുന്നത്. എന്നാല്‍ ഫസ്റ്റ്‌ലാന്‍ഡ് ഹോള്‍ഡിംഗ്‌സിന്റെ സബ്‌സിഡറി കമ്പനിയായ മാറ്റിക്‌സ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സില്‍ എസ്സാര്‍ 163.54 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള നൂപവര്‍ റിനീവബിള്‍സിന് മൗറീഷ്യസ് കമ്പനിയായ ഫസ്റ്റ്‌ലാന്റ് ഹോള്‍ഡിംഗ്‌സില്‍ നിന്ന് 325 കോടി രൂപ നിക്ഷേപമായി ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്സാര്‍ ഗ്രൂപ്പ് സഹ സ്ഥാപകന്‍ രവി റുയിയുടെ മരുമകന്‍ നിഷാന്ത് കനോദിയയാണ് ഫസ്റ്റ്‌ലാന്‍ഡ് ഹോള്‍ഡിംഗ്‌സിന്റെ ഉടമ. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ 2010-2012 കാലത്തെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. 2010 ഡിസംബര്‍ മുതലാണ് നിഷാന്ത് കനോദിയയുടെ മൗറീഷ്യസ് കമ്പനിയില്‍ നിന്ന് ദീപക് കൊച്ചാറിന്റെ കമ്പനിക്ക് നിക്ഷേപം ലഭ്യമായിരിക്കുന്നത്. ഇതേ മാസം തന്നെയാണ് എസ്സാര്‍ സ്റ്റീല്‍ മിനെസോട്ട എല്‍എല്‍സിക്ക് 530 മില്യണ്‍ ഡോളര്‍ (3545 കോടിയിലധികം ഇന്ത്യന്‍ രൂപ) ഐസിഐസിഐ വായ്പയായി അനുവദിച്ചത്.

2010 ഡിസംബര്‍ 29നാണ് എസ്സാറിന് ഐസിഐസിഐ വായ്പ അനുവദിച്ചത്. ഈ വായ്പ പിന്നീട് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 31ന് ഫസ്റ്റ്‌ലാന്‍ഡ് ഹോള്‍ഡിംഗ്‌സ് നൂപവറില്‍ 49.9 കോടി രൂപ നിക്ഷേപിച്ചു. 2011 ഓഗസ്റ്റ് മൂന്നിന് 8.69 കോടി രൂപ, ഒക്ടോബര്‍ മൂന്നിന് 99.25 കോടി രൂപ, 2012 മാര്‍ച്ച് 21ന് 165.5 കോടി രൂപ എന്നിങ്ങനെയും ഫസ്റ്റ്‌ലാന്‍ഡ്, നൂപവറില്‍ നിക്ഷേപിച്ചു. അതേസമയം കനോദിയ ഗ്രൂപ്പിന്റെ ഒരു കമ്പനിയും ഐസിഐസിഐയില്‍ നിന്ന് വായ്പ സ്വീകരിച്ചിട്ടില്ലെന്നാണ് നിഷാന്ത് കനോദിയയുടെ ഓഫീസ് ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞത്. 2010നും 2011നും ഇടയിലാണ് ഫസ്റ്റ്‌ലാന്‍ഡ് ഹോള്‍ഡിംഗ്‌സില്‍ നിക്ഷേപം നടത്തിയത്. ഈ നിക്ഷേപങ്ങള്‍ ഒരു പ്രൈവറ്റ് ഈക്വിറ്റി ഫണ്ടിന് 2013ല്‍ വിറ്റിരുന്നു. മുഴുവന്‍ നിക്ഷേപ തുകയും കമ്പനി റിക്കവര്‍ ചെയ്തിട്ടുണ്ടെന്നും കനോദിയയുടെ ഓഫീസ് പറയുന്നു.

ഫസ്റ്റ്‌ലാന്‍ഡിലോ നൂപവറിലോ തങ്ങള്‍ യാതൊരു നിക്ഷേപവും നടത്തിയിട്ടില്ലെന്നാണ് എസ്സാര്‍ ഗ്രൂപ്പ് പറയുന്നത്. എന്നാല്‍ ഫസ്റ്റ്‌ലാന്‍ഡ് ഹോള്‍ഡിംഗ്‌സിന്റെ സബ്‌സിഡറി കമ്പനിയായ മാറ്റിക്‌സ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സില്‍ എസ്സാര്‍ 163.54 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ട് തവണയായാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്. 2010 ഡിസംബറില്‍ 96.76 കോടി രൂപ, 2011 ഓഗസ്റ്റില്‍ 66.78 കോടി എന്നിങ്ങനെ.

അതേസമയം എസ്സാര്‍ ഗ്രൂപ്പ് ഉടമയുടെ മരുമകന്‍റെ കമ്പനിയുമായി ഭര്‍ത്താവിന്റെ ഇടപാടുകള്‍ സംബന്ധിച്ച് ഐസിഐസിഐ ബോര്‍ഡിനെ ചന്ദ കൊച്ചാര്‍ വിവരം ധരിപ്പിച്ചിരുന്നോ, ലോണ്‍ അനുവദിക്കുന്ന നടപടികളില്‍ നിന്ന് ചന്ദ കൊച്ചാര്‍ വിട്ടുനിന്നിരുന്നോ എന്നെല്ലാമുള്ള ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണങ്ങള്‍ക്ക് മറുപടിയായി ഐസിഐസിഐ അറിയിച്ചിരിക്കുന്നത് ഐസിഐസിഐ അടക്കമുള്ള ഏഴ് ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് എസ്സാര്‍ ഗ്രൂപ്പിന് ലോണ്‍ അനുവദിച്ചിരിക്കുന്നതെന്നാണ്. കമ്പനിയുടെ മൊത്തം കടമായ 1.02 ബില്യണ്‍ യുഎസ് ഡോളറില്‍ 25 ശതമാനത്തിലും താഴെ മാത്രമേ ഐസിഐസിഐയുടെ ഷെയര്‍ ആയി വരൂ എന്നും കണ്‍സോര്‍ഷ്യത്തിലെ എല്ലാ ബാങ്കുകളും ഈ വായ്പയെ എന്‍പിഎ (നിഷ്‌ക്രിയ ആസ്തി) ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഐസിഐസിഐ പറയുന്നു. മാറ്റിക്‌സ് കെമിക്കല്‍സിന് തങ്ങള്‍ വായ്പ നല്‍കിയിട്ടില്ലെന്നും കമ്പനി വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍