UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഒഖി’ ചുഴലിക്കാറ്റ്: മുന്നറിയിപ്പ് നല്‍കുന്നതിലും ദുരിതനിവാരണം നടത്തുന്നതിലും സര്‍ക്കാര്‍ നിഷ്‌ക്രിയമെന്ന് പ്രതിപക്ഷനേതാവ്

കടലില്‍ കുടുങ്ങിയവര്‍ക്ക് ബോട്ടുകള്‍ ഉപേക്ഷിച്ച് നാവിക സേനയുടെ കപ്പലില്‍ മടങ്ങുന്നതിന് വേണ്ടി അവര്‍ക്ക് ബോട്ടുകളുടെ പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തണമെന്ന് രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു

‘ഒഖി’ ചുഴലിക്കാറ്റിനെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകളെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തമിഴ്നാട്ടിലെ കന്യാകുമാരി മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപം പൂണ്ടിട്ടുണ്ടെന്നും ഒന്നാം തീയതിയോടെ തെക്കന്‍ കേരളത്തില്‍ അതിശക്തിയായി കാറ്റ് അടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും നവംബര്‍ 29 ന് 5 മണിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് തന്നെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഹൈദരാബാദിലെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ബുധനാഴ്ച തന്നെ ചുഴലി കൊടുങ്കാറ്റിനെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയപ്പ് സംസ്ഥാന ദുരന്ത അതോറിറ്റിക്കും കൈമാറിയിരുന്നു.

ഇത്രയും മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് അത്യന്തം ഗുരുതരമായ വീഴ്ചയാണ്. ലോകത്തെവിടെയും ചുഴലിക്കൊടുങ്കാറ്റ് വീശുന്നതിന് മുന്‍പ് തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാറാണ് പതിവ്. ഇവിടെ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയുന്നതിന് പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. ചുഴലിക്കൊടുങ്കാറ്റ് അടിച്ചു കഴിഞ്ഞതിന് ശേഷമാണ് സര്‍ക്കാര്‍ അനങ്ങിയതു തന്നെ. സര്‍ക്കാരിന്റെ വീഴ്ച കാരണം നൂറ്റമ്പതിലേറെ മത്സ്യത്തൊളിലാളികളാണ് കടലില്‍ കുടുങ്ങിയത്. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച ശേഷവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നതിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി. കടലില്‍ നിന്ന് രക്ഷപ്പെടുത്തികൊണ്ടു വരുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് തീരപ്രദേശത്ത് ഒരു സംവിധാനവും ഒരുക്കിയിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കടലില്‍ മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ കുടുങ്ങിയ പൂന്തുറ പ്രദേശത്ത് പ്രതിപക്ഷ നേതാവ് സന്ദര്‍ശനം നടത്തി. കടലില്‍ കുടുങ്ങിയവരുടെ ബന്ധുക്കളെ അദ്ദേഹം കണ്ടു. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ഫിഷറീസ് മന്ത്രി എന്നിവരുമായി രമേശ് ചെന്നിത്തല ഫോണില്‍ ചര്‍ച്ച നടത്തി. തീരപ്രദേശത്ത് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കടലില്‍ കുടുങ്ങിയവര്‍ക്ക് ബോട്ടുകള്‍ ഉപേക്ഷിച്ച് നാവിക സേനയുടെ കപ്പലില്‍ മടങ്ങുന്നതിന് വേണ്ടി അവര്‍ക്ക് ബോട്ടുകളുടെ പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തണമെന്ന് രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു. പൂന്തുറയില്‍ അടിയന്തിരമായി മെഡിക്കല്‍ ക്യാമ്പ് തുറക്കണം. തീര ദേശത്ത് ആവശ്യമായത്ര ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശശി തരൂര്‍ എം.പി, മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ എം.എല്‍.എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍