UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാ ആദിവാസികള്‍ക്കും 200 ദിവസം തൊഴില്‍ ഉറപ്പ്, ഭക്ഷ്യധാന്യ വിതരണത്തിന് 10 കോടി: മുഖ്യമന്ത്രി

ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തും. ഇതിനായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

അട്ടപ്പാടിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ അര്‍ഹരായ ആദിവാസികള്‍ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി. എന്‍.ആര്‍.ഇ.ജി.യില്‍ ഉള്‍പ്പെടുത്തി എല്ലാ ആദിവാസികള്‍ക്കും 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പു വരുത്തുമെന്നും ആദിവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരിച്ച മധുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കുടുംബശ്രീ ലേബര്‍ബാങ്കുകള്‍ ഉപയോഗപ്പെടുത്തി കൃഷി മേഖലയില്‍ ആദിവാസികളുടെ സാന്നിധ്യം ഉറപ്പാക്കും. ആദിവാസികളില്‍ അര്‍ഹരായവരെ കണ്ടെത്തി പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കും. ആദിവാസി വിഭാഗങ്ങള്‍ കൂട്ടമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായതിനാല്‍ കൃഷിക്കുള്ള സ്ഥലം നല്‍കുകയും കൂട്ടമായി താമസിപ്പിക്കാനുള്ള സൗകര്യം ചെയ്യുകയും ചെയ്യും. ഇക്കാര്യത്തില്‍ മെയ് മാസത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി മേഖലയില്‍ ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കും. ഇവിടെ ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ നിലവാരം മെച്ചപ്പെട്ടതല്ലെന്ന പരാതിയില്‍ അന്വേഷണം നടത്തും. കമ്മ്യൂണിറ്റി കിച്ചനെ ആശ്രയിക്കുന്നവര്‍ക്കെല്ലാം നല്ല നിലയിലുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തും. ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തും. ഇതിനായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആദിവാസി മേഖലയില്‍ മാനസികാസ്വാസ്ഥ്യം ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സംവിധാനമുണ്ടാക്കും. അത്തരക്കാര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തും. ആദിവാസികളെ മദ്യപാന ശീലത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മധുവിന്റെ മരണം സംബന്ധിച്ച് പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കി. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് മധുവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കരുതെന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍