UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിക്കെതിരെ കേന്ദ്രമന്ത്രി പാസ്വാനും മകനും; ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് എകെ ഗോയലിനെ മാറ്റണം; മോദിക്ക് കത്ത്‌

പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള എസ് സി എസ് ടി ആക്ട് ശക്തിപ്പെടുത്തുന്നതിനായി ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരണമെന്ന് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുന്നു.

പട്ടികജാതി – പട്ടികവര്‍ഗ നിയമത്തിനെതിരെ ഉത്തരവിറക്കിയ, വിരമിച്ച സുപ്രീം കോടതി ജഡ്ജി എകെ ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ചെയര്‍മാനാക്കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ എംപി ചിരാഗ് പാസ്വാന്റെ കത്ത്. പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള എസ് സി – എസ് ടി ആക്ട് ശക്തിപ്പെടുത്തുന്നതിനായി ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരണമെന്ന് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുന്നു. ഇക്കാര്യമടക്കം ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒമ്പതിന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചിരാഗ് വ്യക്തമാക്കുന്നു. കേന്ദ്ര ഭക്ഷ്യ മന്ത്രിയും എല്‍ജെപി അധ്യക്ഷനുമായ രാംവിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാന്‍. ബിഹാറിലെ ജാമുയിയെ ആണ് ചിരാഗ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.

എകെ ഗോയലിനെ ഹരിത ട്രൈബ്യൂണലില്‍ കൊണ്ടുവന്നതിനെതിരെ പ്രതിഷേധവുമായി രാം വിലാസ് പാസ്വാന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്ത് നല്‍കിയിരുന്നു. ഗോയലിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് കത്തില്‍ രാംവിലാസ് പാസ്വാന്‍ ആവശ്യപ്പെടുന്നത്. ദലിത് സംഘടനകള്‍ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ത്തിയിട്ടുണ്ട്. ജസ്റ്റിസ് ഗോയലിന്റെ നിയമനം എസ് സി എസ്ടി നിയമം ദുര്‍ബലപ്പെടുത്തിയതിനുള്ള പ്രതിഫലമാണ് എന്ന തെറ്റായ സന്ദേശമാണ് ദലിതര്‍ക്ക് നല്‍കുന്നത് എന്ന് ചിരാഗ് പാസ്വാന്‍ അഭിപ്രായപ്പെട്ടു.

ജൂലായ് ആറിന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഗോയലിനെ അന്ന് തന്നെ എന്‍ജിടി ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. ജസ്റ്റിസ് എകെ ഗോയലും ജസ്റ്റിസ് യുയു ലളിതും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് മാര്‍ച്ച് 20നാണ് എസ് സി – എസ് ടി ആക്ടിലെ കര്‍ശന വ്യവസ്ഥകളില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് ഉത്തരവിട്ടത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനും കേസെടുക്കുന്നതിന് മുമ്പുള്ള പ്രാഥമിക അന്വേഷണത്തിനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി വിലയിരുത്തിയാണ് ഇളവുകള്‍ മുന്നോട്ടുവച്ചത്. ഉത്തരേന്ത്യയില്‍ വലിയ സംഘര്‍ഷവും അക്രമാസക്തമായ പ്രതിഷേധങ്ങളും പൊലീസ് അടിച്ചര്‍ത്തലുകളും വെടിവയ്പുകളുമെല്ലാമാണ് ഏപ്രില്‍ രണ്ടിന്റെ ബന്ദിനെ തുടര്‍ന്നുണ്ടായത്.

ചിരാഗ് പാസ്വാന്‍

കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭ രാം വിലാസ് പാസ്വാന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. സംഘടന മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങളാണ് പാസ്വാന്റെ കത്തിലുള്ളത്. സുപ്രീം കോടതിയില്‍ ഒരൊറ്റ ദലിത് ജഡ്ജി പോലും നിലവില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടുന്ന അംബേദ്കര്‍ മഹാസഭ, ദലിത് പ്രാതിനിധ്യം ഉറപ്പാക്കുകയും വര്‍ദ്ധിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നു. ദേശീയ സുരക്ഷ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരെ മോചിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളേയും ഈ പ്രതിഷേധം ബാധിച്ചേക്കും. നിലവില്‍ ബിജെപിയുടെ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയുവും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടിയുമെല്ലാം ബിജെപിയുമായി അസ്വാരസ്യങ്ങളിലാണ്. ബിഹാറിലെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്കെതിരെ രാം വിലാസ് പാസ്വാന്‍ നേരത്തെ തന്നെ ബിജെപി ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളും അതൃപ്തിയുമെല്ലാം ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എകെ ഗോയലിന്റെ നിയമനത്തിനെതിരെ പാസ്വാനും കൂട്ടരും ഉയര്‍ത്തുന്ന പ്രതിഷേധം ബിജെപിക്ക് തള്ളിക്കളയാനാകില്ല.

എന്തുകൊണ്ടാണ് ദലിതര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്‌?

ദളിത്-ആദിവാസി പ്രശ്‌നങ്ങളെ എന്തുകൊണ്ട് പിന്തുണയ്ക്കണമെന്ന് മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തിയ ഹര്‍ത്താല്‍

കായല്‍ സമ്മേളനങ്ങളിലൂടെ വരുന്ന കേന്ദ്രഫണ്ട് ജാതീയതയെ ഇല്ലാതാക്കില്ല; ചില ‘പാരമ്പര്യങ്ങളുടെ’ ചരമസൂചനകള്‍ നല്‍കിയ ഹര്‍ത്താല്‍

കക്കൂസ് കഴുകുന്നവര്‍ കക്കൂസ് കഴുകിയാല്‍ മതി എന്നു പറയുന്ന കോടതികളുടെ കാലം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍