UPDATES

പ്രധാനമന്ത്രിയെ വിദേശയാത്രകളില്‍ അനുഗമിക്കുന്നവരുടെ പേര് വെളിപ്പെടുത്തണം: മുഖ്യ വിവരാവകാശ കമ്മീഷണര്‍

‘ദേശീയ സുരക്ഷയുടെ’ പേരില്‍ പ്രധാനമന്ത്രിയോടൊപ്പം വിദേശയാത്രകള്‍ നടത്തുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട് തള്ളിക്കൊണ്ടാണ് വിവരാവകാശ കമ്മീഷണര്‍ പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം വിദേശയാത്രകളില്‍ അനുഗമിക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാഥുറിന്‍റെ നിര്‍ദ്ദേശം. ‘ദേശീയ സുരക്ഷയുടെ’ പേരില്‍ പ്രധാനമന്ത്രിയോടൊപ്പം വിദേശയാത്രകള്‍ നടത്തുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിലപാട് തള്ളിക്കൊണ്ടാണ് വിവരാവകാശ കമ്മീഷണര്‍ പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നും സിഐസി വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയെ വിദേശയാത്രകളില്‍ അനുഗമിക്കുന്ന സര്‍ക്കാര്‍ ഇതര വ്യക്തികളുടെ പേരുകള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന് മാഥുര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ അനുഗമിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നീരജ് ശര്‍മ്മ, അയൂബ് അലി എന്നിവര്‍ സമര്‍പ്പിച്ച വിവാരാവകാശ അപേക്ഷകളില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചത്.

പ്രധാനമന്ത്രിയോടൊപ്പം വിദേശരാജ്യം സന്ദര്‍ശിച്ച സ്വകാര്യ വ്യവസായികള്‍, അവരുടെ പങ്കാളികള്‍ സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വിവരങ്ങളാണ് നീരജ് ശര്‍മ്മ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ വീടുമായി ഔദ്യോഗിക വസതിയുമായി ബന്ധപ്പെട്ട പ്രതിമാസ ചിലവുകള്‍, ഔദ്യോഗിക വസതിയിലും ഓഫീസിലും വച്ച് പ്രധാനമന്ത്രി പൊതുജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പൊതുയോഗങ്ങള്‍, അതിനുണ്ടായ സര്‍ക്കാര്‍ ചിലവ് എന്നിവയെ സംബന്ധിച്ച വിവരങ്ങളാണ് അയൂബ് അലി ആവശ്യപ്പെട്ടത്.

അലി 2016 ഏപ്രിലിലും ശര്‍മ്മ 2017 ജൂലൈയിലുമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അപേക്ഷ നല്‍കിയത്. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചു. 30 ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍