UPDATES

ഓണക്കാലത്ത് കൂടുതല്‍ സ്പെഷല്‍ ട്രെയിന്‍ വേണം- മുഖ്യമന്ത്രി

കേന്ദ്രറെയില്‍വെമന്ത്രി സുരേഷ് പ്രഭുവിനയച്ച കത്തിലാണ് ംമുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യം ഉന്നയിച്ചത്.

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്പെഷല്‍  ട്രെയിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ബംഗ്ലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് ആഗസ്റ്റ് 25-നും സപ്തംബര്‍ 10-നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണം. കേരളത്തിന് പുറത്തു കഴിയുന്ന മലയാളികള്‍ കുടുംബത്തോടൊപ്പം നാട്ടില്‍ വരാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളാണ്. കാരണം ഭൂരിഭാഗം പേരും ഇടത്തരക്കാരും കുറഞ്ഞ വരുമാനക്കാരുമാണ്. ട്രെയിന്‍ കിട്ടാത്തതുകൊണ്ട് നാട്ടില്‍വരാന്‍ മിക്കപ്പോഴും അവര്‍ പ്രയാസപ്പെടുന്നു. ഇക്കൊല്ലം ഓണത്തോടൊപ്പം സപ്തംബര്‍ ഒന്നിന് ബക്രീദും വരികയാണ്. അതിനാല്‍ തിരക്ക് കൂടുതലായിരിക്കും. ഇതു കണക്കിലെടുത്ത് ആവശ്യത്തിന് സ്പെഷല്‍ ട്രെയിന്‍ അനുവദിക്കാന്‍ ബന്ധപ്പെട്ട റെയില്‍വെ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് 27-നും സപ്തംബര്‍ 15-നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. 15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാല്‍ ഉത്സവ സീസണുകളില്‍ തിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിയും. ഇപ്പോള്‍ ഗള്‍ഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാന്‍ കഴിയും.

മെയ് 15-ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ വിളിച്ച വിമാന കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഉറപ്പ് നല്‍കിയത്, വിമാന കമ്പനികള്‍ കൂടുതല്‍ ഫ്ളൈറ്റ്  ഏര്‍പ്പെടുത്താന്‍ തയ്യാറാണെങ്കില്‍ അനുമതി നല്‍കാമെന്നാണ്. അതിന്‍റെ തുടര്‍ച്ചയായി ജൂണ്‍ 23-ന് താന്‍ കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

ആഗസ്റ്റ് 28-നും സപ്തംബര്‍ 1-നും ഇടയ്ക്ക് കൂടുതല്‍ ഫ്ളൈറ്റ് ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് എയര്‍ അറേബ്യ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണം. മെയ് 15-ന്‍റെ തിരുവനന്തപുരത്തെ യോഗത്തിന് ശേഷം ഷാര്‍ജയിലേക്ക് കൂടുതല്‍ ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ എയര്‍ഇന്ത്യ എക്സ്പ്രസ്സിന് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആഭ്യന്തര വിമാന കമ്പനികള്‍ പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസ് വരുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ട യാത്രക്കാര്‍ കുറയുമോ എന്നാണ് ആശങ്ക. അത് തെറ്റായ വിലയിരുത്തലാണ്. ഉത്സവസീസണില്‍ നിറയെ യാത്രക്കാരെ ലഭിക്കുമെന്നതാണ് അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍