UPDATES

ട്രെന്‍ഡിങ്ങ്

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം പുനപരിശോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ആവശ്യം: ബുധനാഴ്ച കൊളീജിയം യോഗം

ജനുവരി 10ന് ചേര്‍ന്ന കൊളീജിയം യോഗം വിലയിരുത്തിയത് “രാജ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിലും മറ്റ് ജഡ്ജിമാരിലും വച്ച് സുപ്രീം കോടതി ജഡ്ജിയാകാന്‍ ഏറ്റവും യോഗ്യന്‍ കെഎം ജോസഫ് ആണ്” എന്നാണ്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായി സുപ്രീം കോടതി കൊളീജിയം ബുധനാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ യോഗം ചേരും. തിങ്കളാഴ്ചത്തെ ബുദ്ധ പൂര്‍ണിമ അവധിക്ക് ശേഷം ചൊവ്വാഴ്ചയാണ് സുപ്രീം കോടതി വീണ്ടും തുറക്കുക. ജുഡീഷ്യറിയുടെ സ്വതന്ത്ര അസ്ഥിത്വം സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളണമെന്നാണ് വലിയൊരു വിഭാഗം അഭിഭാഷകരും നിയമ വിദഗ്ധരും നിലപാട് എടുത്തിരിക്കുന്നത്.

കൊളീജിയം നിര്‍ദ്ദേശിച്ച പേരുകള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് പറഞ്ഞത്. എന്നാല്‍ ജസ്റ്റിസ് കെഎം ജോസഫിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദമേറിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അടക്കമുള്ളവര്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം വൈകിക്കുന്നതിനും തടയാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അടിയന്തരമായി കൊളീജിയം വിളിച്ചുചേര്‍ക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്യേണ്ടതെന്നും ആര്‍എം ലോധ പറഞ്ഞു.

ജസ്റ്റിസ് കെഎം ജോസഫിന് സീനിയോറിറ്റി ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ നിയമനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയ കത്തിന്റെ പകര്‍പ്പ് കൊളീജിയം അംഗങ്ങളായ മറ്റ് നാല് ജഡ്ജിമാര്‍ക്കും ചീഫ് ജസ്റ്റിസ് നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കൂടാതെ സുപ്രീം കോടതിയില്‍ നിലവിലെ ഏറ്റവും മുതിര്‍ന്ന് നാല് ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വര്‍, ജ.രഞ്ജന്‍ ഗൊഗോയ്, ജ.മദന്‍ ബി ലോകൂര്‍, ജ.കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയം അംഗങ്ങള്‍.

ജനുവരിയില്‍ ഇതേ കൊളീജിയം ആണ് ജസ്റ്റിസ് കെഎം ജോസഫിനേയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയേയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കുന്നത്. എന്നാല്‍ ഇവരുടെ നിയമനത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം സര്‍ക്കാര്‍ അംഗീകരിക്കുകയും കെഎം ജോസഫിന്റെ നിയമന കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കെഎം ജോസഫിന് സീനിയോറിറ്റിയുടെ കാര്യത്തില്‍ രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ 42ാം സ്ഥാനം മാത്രമാണുള്ളതെന്നും നിയമനം പുനപരിശോധിക്കണം എന്നും പറഞ്ഞ് രവിശങ്കര്‍ പ്രസാദ് കത്ത് നല്‍കുന്നത്. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയതിലുള്ള പ്രതികാരമാണ് ജസ്റ്റിസ് ജോസഫിന്റെ നിയമനം വൈകിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.

ജനുവരി 10ന് ചേര്‍ന്ന കൊളീജിയം യോഗം വിലയിരുത്തിയത് “രാജ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിലും മറ്റ് ജഡ്ജിമാരിലും വച്ച് സുപ്രീം കോടതി ജഡ്ജിയാകാന്‍ ഏറ്റവും യോഗ്യന്‍ കെഎം ജോസഫ് ആണ്” എന്നാണ്. ഈ വിലയിരുത്തല്‍ മാറാനുള്ള സാഹചര്യങ്ങളൊന്നും ഇതുവരെ ഉണ്ടാകാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി ജസ്റ്റിസ് ജോസഫിന്റെ നിയമനവുമായി മുന്നോട്ട് പോവുക എന്നതാണ് കൊളീജിയത്തിന് മുന്നിലുള്ള വഴി. കേന്ദ്ര സര്‍ക്കാരിന് സ്വാഭാവികമായും ഇത് അംഗീകരിക്കേണ്ടി വരുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍