UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോയയുടെ മരണം സ്വാഭാവികമെന്ന് സുപ്രീം കോടതിക്ക് എങ്ങനെ മനസിലായി എന്ന് കോണ്‍ഗ്രസ്; പുന:പരിശോധനയും അന്വേഷണവും വേണമെന്ന് സിപിഎം

ലോയയുടെ മരണത്തില്‍ പുനരന്വേഷണമില്ലെന്ന വിധിയുടെ പകര്‍പ്പ് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് ‘നേരത്തേ’ ലഭിച്ചതിനെ ഗൂഢാലോചനയുടെ ഭാഗമെന്നും സുര്‍ജേവാല വിമര്‍ശിച്ചു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റമുട്ടല്‍ കൊല കേസ് പരിഗണിക്കവേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തില്‍ തുടരന്വേഷണമില്ലെന്ന സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഎമ്മും. വിധി പുനപരിശോധിക്കണമെന്നും കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കി വച്ചുകൊണ്ടാണ് വിധി വന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമാണിന്ന്. മരണത്തില്‍ ക്രിമിനലുകളുടെ ഇടപെടലോ മറ്റു ശ്രമങ്ങളോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. ഒരു മരണം സ്വഭാവികമാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയല്ലാതെ എങ്ങനെ പറയാനാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏഴ പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. ദുഷ്യന്ത് ദാവേ, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍ എന്നീ അഭിഭാഷകരെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു. ലോയയുടേത് സ്വാഭാവിക മരണം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ‘രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങള്‍’ എന്ന് കാണിച്ച് വാര്‍ത്താക്കുറിപ്പും കോണ്‍ഗ്രസ് പുറത്തിറക്കി.

ലോയയുടെ മരണത്തില്‍ പുനരന്വേഷണമില്ലെന്ന വിധിയുടെ പകര്‍പ്പ് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് ‘നേരത്തേ’ ലഭിച്ചതിനെ ഗൂഢാലോചനയുടെ ഭാഗമെന്നും സുര്‍ജേവാല വിമര്‍ശിച്ചു. ‘പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ അഭിഭാഷകര്‍ക്കോ ലഭിക്കുന്നതിന് മുന്‍പ് എങ്ങനെയാണ് നിയമ മന്ത്രിക്ക് മാത്രമായി വിധിയുടെ പകര്‍പ്പ് ലഭിച്ചത്? മാത്രമല്ല, സുപ്രീംകോടതിയുടെ വെബ് സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എത്ര ന്യായവും സുതാര്യവുമായ കാര്യം…!’ സുര്‍ജേവാല ട്വിറ്ററില്‍ വിമര്‍ശിച്ചു. ട്വീറ്റിന് പിന്നാലെ ലോയ കേസുമായി ബന്ധപ്പെട്ട വിധിപ്പകര്‍പ്പ് സുപ്രീംകോടതി പുറത്തുവിടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍