UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി: കര്‍ണാടകയില്‍ കോണ്‍ഗ്രസുകാര്‍ സ്വന്തം ഓഫീസുകള്‍ അടിച്ചുതകര്‍ത്തു

മുതിര്‍ന്ന നേതാവ് അഞ്ജന മൂര്‍ത്തിക്ക് നെലമംഗല സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ അനുയായികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് പി രമേഷ് ‘തുഗ്ലക് കോണ്‍ഗ്രസ്’ എന്നാണ് പാര്‍ട്ടി നേതൃത്വത്തെ വിശേഷിപ്പിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള അതൃപ്തിയും പ്രതിഷേധവും കര്‍ണാടകയിലെ കോണ്‍ഗ്രസുകാര്‍ പ്രകടിപ്പിക്കുന്നത് സ്വന്തം ഓഫീസുകള്‍ അടിച്ച് തകര്‍ത്തെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കോണ്‍ഗ്രസുകാര്‍, കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാണ്ഡ്യ, മംഗളൂരു, ബംഗളൂരു റൂറല്‍, ചിക്മഗലൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചു. പല നേതാക്കളും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്.

മാണ്ഡ്യ സീറ്റ് സിറ്റിംഗ് എംഎല്‍എ അംബരീഷിന് തന്നെ നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രവി കുമാറിന്റെ അനുയായികള്‍ പാര്‍ട്ടി ഓഫീസിന്റെ വാതിലുകളും കസേരകളും തകര്‍ത്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന നേതാവ് അഞ്ജന മൂര്‍ത്തിക്ക് നെലമംഗല സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ അനുയായികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നെലമംഗലയ്ക്ക് സമീപം ഹൈവേയിലായിരുന്നു ടയറുകള്‍ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം. ഹംഗലില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് മനോഹര്‍ തഹ്‌സില്‍ദര്‍ എംഎല്‍എയുടെ അനുയായികള്‍ പ്രതിഷേധം രേഖപ്പെടുത്തി.

എഎന്‍ഐ വീഡിയോ:

സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ എംഎല്‍എ പ്രസന്നകുമാര്‍ ജനതാദള്‍ എസിലേയ്ക്കും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വിആര്‍ സുദര്‍ശന്‍ ബിജെപിയിലേയ്ക്കും പോകുമെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് ജഗലൂര്‍ എംഎല്‍എ എച്ച്പി രാജേഷ് ബംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു. കിട്ടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ അഞ്ച് തവണ എംഎല്‍എയായിരുന്ന ഡിബി ഇനാംദാറിന്റെ അനുയായികള്‍ പ്രതിഷേധത്തിലാണ്. സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് പി രമേഷ് ‘തുഗ്ലക് കോണ്‍ഗ്രസ്’ എന്നാണ് പാര്‍ട്ടി നേതൃത്വത്തെ വിശേഷിപ്പിച്ചത്. ബംഗളൂരു സിവി രാമന്‍ നഗറില്‍ ജനത ദള്‍ എസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പി രമേഷ് പ്രഖ്യാപിച്ചു.

അതേസമയം ഇതെല്ലാം സാധാരണയാണെന്നും ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഡി ഗുണ്ടുറാവു പറഞ്ഞു. ആകെയുള്ള 224 സീറ്റുകളില്‍ ഒരെണ്ണം മാത്രം ഇതര കക്ഷിക്ക് വിട്ടുകൊടുത്ത് ബാക്കി 223ലും മത്സരിക്കുകയാണ് കോണ്‍ഗ്രസ്. ഇതില്‍ 218 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ബാക്കിയുള്ള അഞ്ചിടങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍