UPDATES

ട്രെന്‍ഡിങ്ങ്

വിവാദ സന്യാസി കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

രാഷ്ട്രീയ വൃത്തങ്ങളുമായി പ്രത്യേകിച്ച് ബിജെപി, സംഘപരിവാര്‍ നേതൃത്വങ്ങളുമായി അടുപ്പം പുലര്‍ത്തിയിരുന്ന ജയേന്ദ്ര സരസ്വതി വിവാദപുരുഷനായിരുന്നു. 2004ല്‍ കാഞ്ചി വരദരാജ പെരുമാള്‍ ക്ഷേത്ര മാനേജര്‍ ശങ്കരരാമന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജയേന്ദ്ര സരസ്വതിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ചി മഠാധിപതിയും കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ വിവാദപുരുഷനുമായ സന്യാസി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസായിരുന്നു. കാഞ്ചീപുരത്തെ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ അന്ത്യം. കാഞ്ചി കാമകോടി പീഠത്തിന്റെ 69ാമത് അധിപനാണ്. തമിഴ്‌നാട്ടിലെ മാന്നാര്‍ഗുഡിയിലുള്ള ഇരുള്‍നീകി ഗ്രാമത്തില്‍ 1935ലാണ് ജനനം. മഠാധിപതി സ്ഥാനത്ത് തന്റെ മുന്‍ഗാമിയായ ചന്ദ്രശേഖരേന്ദ്ര സരസ്വതിയില്‍ നിന്ന് 1954ല്‍ 19ാം വയസില്‍ സന്യാസം സ്വീകരിച്ചു.

രാഷ്ട്രീയ വൃത്തങ്ങളുമായി പ്രത്യേകിച്ച് ബിജെപി, സംഘപരിവാര്‍ നേതൃത്വങ്ങളുമായി അടുപ്പം പുലര്‍ത്തിയിരുന്ന ജയേന്ദ്ര സരസ്വതി വിവാദപുരുഷനായിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുള്ളവരുമായി അദ്ദേഹം അടുപ്പം പുലര്‍ത്തി. 1996ലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുമ്പായി ജയലളിത കാഞ്ചി മഠാധിപതിയുടെ അനുഗ്രഹം തേടിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ജയലളിതയുടെ കാലത്ത് കൊണ്ടുവന്ന നിയമത്തിന് പിന്നില്‍ ജയേന്ദ്ര സരസ്വതിയുടെ പ്രേരണയാണ് എന്നാണ് കരുതപ്പെടുന്നത്. തമിഴ്‌നാട് ക്ഷേത്ര സംരക്ഷണ സമിതിയുടെ അധ്യക്ഷനായി അദ്ദേഹം നിയമിക്കപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ മാറ്റം വരുത്തതിനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ വൈഷ്ണവ സന്യാസിമാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാറുമായുള്ള അടുപ്പം മൂലം അയോധ്യ പ്രശ്‌നത്തിലും ഇടപെട്ടു.

അതേസമയം ഒരു കാലത്ത് വലിയ അടുപ്പം പുലര്‍ത്തിയിരുന്ന ജയലളിത തന്നെ പിന്നീട് ജയേന്ദ്ര സരസ്വതിയുടെ അറസ്റ്റിന് ഉത്തരവിട്ടു. 2004ല്‍ കാഞ്ചി വരദരാജ പെരുമാള്‍ ക്ഷേത്ര മാനേജര്‍ ശങ്കരരാമന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജയേന്ദ്ര സരസ്വതിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വലിയ വിവാദമായിരുന്നു. ജയേന്ദ്ര സരസ്വതിക്കും കാഞ്ചി മഠത്തിനുമെതിരെ ശങ്കരരാമന്‍ നിരവധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നീട് പുതുച്ചേരിയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, ജയേന്ദ്ര സരസ്വതി അടക്കമുള്ളവരെ വെറുതെ വിടുകയായിരുന്നു. അതേസമയം ജയേന്ദ്ര സരസ്വതിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ലക്ഷക്കണക്കിന് ഭക്തരുടെ മനസില്‍ അദ്ദേഹം എന്നും ജീവിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍