UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടിയേരി തുടരും, 10 പുതുമുഖങ്ങളുമായി 87 അംഗ സിപിഎം സംസ്ഥാന കമ്മിറ്റി; ഒമ്പത് പേരെ ഒഴിവാക്കി

യെച്ചൂരിയുടെ കുറിക്ക് കൊള്ളുന്ന മറുപടി കിട്ടുകയും പാര്‍ട്ടി പരിപാടി വായിക്കണം എന്ന് ഉപദേശം ലഭിക്കുകയും ചെയ്ത പി മുഹമ്മദ് റിയാസും എഎന്‍ ഷംസീറും ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍ ഇടം പിടിച്ച 10 പുതുമുഖങ്ങളില്‍ ഉള്‍പ്പെടുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. പ്രായാധിക്യം അടക്കമുള്ള കാരണങ്ങളാല്‍ ഒമ്പത് പേരെ ഒഴിവാക്കിയും 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നത്. വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ ദാസ് എന്നിവരടക്കം 10 പേരാണ് സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പുതുതായി എത്തുന്നത്. പ്രതിനിധി ചര്‍ച്ചയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് ആരോപിച്ച് രൂക്ഷ വിമര്‍ശനം നടത്തുകയും, തിരിച്ച് യെച്ചൂരിയുടെ കുറിക്ക് കൊള്ളുന്ന മറുപടി കിട്ടുകയും പാര്‍ട്ടി പരിപാടി വായിക്കണം എന്ന് ഉപദേശം ലഭിക്കുകയും ചെയ്ത, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി മുഹമ്മദ് റിയാസും സംസ്ഥാന പ്രസിഡനറും എംഎല്‍എയുമായ എഎന്‍ ഷംസീറും ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍ ഇടം പിടിച്ച 10 പുതുമുഖങ്ങളില്‍ ഉള്‍പ്പെടുന്നു. മന്ത്രി സി രവീന്ദ്രനാഥിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.

ഗോപി കോട്ടമുറിക്കല്‍, കെ സോമപ്രസാദ്, സിഎച്ച് കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രന്‍, കെവി രാമകൃഷ്ണന്‍, ആര്‍ നാസര്‍ എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെത്തിയ മറ്റ് പുതുമുഖങ്ങള്‍. പ്രായാധിക്യം മൂലം പികെ ഗുരുദാസന്‍ അടക്കം ഒമ്പത് പേരെ ഒഴിവാക്കിയിട്ടുണ്ട്. ടികെ ഹംസ, കെ കുഞ്ഞിരാമന്‍, പിരപ്പന്‍കോട് മുരളി തുടങ്ങിയവരെയും ഒഴിവാക്കി. വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടരും. പാലൊളി മുഹമ്മദ്‌ കുട്ടി, പികെ ഗുരുദാസന്‍, കെഎന്‍ രവീന്ദ്രനാഥ്, എംഎം ലോറന്‍സ് എന്നിവരും കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാകും. പി കൃഷ്ണന്‍ ആണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍. എല്ലാ തിരഞ്ഞെടുപ്പുകളും ഏകകണ്ഠമായാണ് നടന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 175 പ്രതിനിധികളെ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുത്തു.

രൂക്ഷ വിമര്‍ശനമാണ് റിയാസിന്‍റെയും ഷംസീറിന്‍റെയും പേരെടുത്ത് പറഞ്ഞ് ഇന്നലെ യെച്ചൂരി നടത്തിയത്. മുഹമ്മദ്‌ റിയാസിനെയും ഷംസീറിനെയും പോലെ പാര്‍ട്ടി ശ്രദ്ധാപൂര്‍വം റിക്രൂട്ട് ചെയ്തവര്‍ക്ക് പാര്‍ട്ടി പരിപാടിയെ പറ്റിയും ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ധാരണയുണ്ടാകും എന്നാണ് താന്‍ കരുതിയതെന്നും ഗൂഗിളില്‍ തിരഞ്ഞ് കണ്ടുപിടിക്കാവുന്ന കാര്യങ്ങളല്ല താന്‍ പറയുന്നതെന്നും യെച്ചൂരി തുറന്നടിച്ചിരുന്നു. സിപിഐഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) ആണെന്നും അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ്‌ എന്നല്ല എന്നും യെച്ചൂരി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍