UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസുമായി “ഒരു ധാരണയും പാടില്ലെ”ന്ന ഭാഗം സിപിഎം ഒഴിവാക്കി; യെച്ചൂരിയുടെ നിലപാടിന് വിജയം

യെച്ചൂരിയുടെ ന്യൂനപക്ഷ ലൈനിനെ നേരത്തെ പൊളിറ്റ് ബ്യൂറോ തള്ളിയിരുന്നു. കേന്ദ്ര കമ്മിറ്റിയിലും ഭൂരിഭാഗം പേരും പിന്തുണച്ചത് പ്രകാശ് കാരാട്ട് മുന്നോട്ട് വയ്ക്കുന്ന ലൈനിനെയാണ്. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ധാരണയും വേണ്ടെന്ന കേരള ഘടകത്തിന്റെ നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചിരുന്നു.

കോണ്‍ഗ്രസുമായി യാതൊരു സഖ്യവും ധാരണയും വേണ്ടെന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭാഗത്തില്‍ മാറ്റം വരുത്തി. “യാതൊരു ധാരണയും പാടില്ല” എന്ന ഭാഗം ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഒഴിവാക്കിയതോട് കൂടി ബിജെപിയെ നേരിടാന്‍ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുമായും ധാരണ എന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് വിജയം നേടിയിരിക്കുകയാണ് എന്ന് പറയാം. “കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല” എന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നത്. രാഷ്ട്രീയ പ്രമേയം സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള രണ്ട് ലൈനുകളില്‍ ന്യൂനപക്ഷ ലൈനിനെയാണ് താന്‍ പ്രതിനിധീകരിക്കുന്നത് വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി തുറന്നുപറഞ്ഞത് ശ്രദ്ധേയമായിരുന്നു.

തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കുന്ന വിധം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത് എന്നും ബിജെപിയും സംഘപരിവാറും ഉയര്‍ത്തുന്ന ഫാഷിസ്റ്റ് ഭീഷണിയെ നേരിടാന്‍ എന്ത് രാഷ്ട്രീയ അടവ് നയം സ്വീകരിക്കാമെന്നും ഇതില്‍ ജനാധിപത്യ മതനിരപേക്ഷ കക്ഷികളോട് എന്ത് സമീപനം സ്വീകരിക്കണം എന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യക്തമായ നയം വേണമെന്നും ഇതാണ് താന്‍ മുന്നോട്ട് വയ്ക്കുന്ന പ്രശ്‌നം എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഏതായാലും പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്ന ഭിന്നതയില്‍ ഒത്തുതീര്‍പ്പ് സാധ്യമാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിരിക്കുന്നു. വോട്ടെടുപ്പിലേക്ക് നീങ്ങും എന്ന് കരുതിയ സാഹചര്യം തല്‍ക്കാലം പാര്‍ട്ടി കോണ്‍ഗ്രസ് ഒഴിവാക്കിയിരിക്കുന്നു. വോട്ടെടുപ്പിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.

യെച്ചൂരിയുടെ ന്യൂനപക്ഷ ലൈനിനെ നേരത്തെ പൊളിറ്റ് ബ്യൂറോ തള്ളിയിരുന്നു. കേന്ദ്ര കമ്മിറ്റിയിലും കൂടുതല്‍ പേരും പിന്തുണച്ചത് പ്രകാശ് കാരാട്ട് മുന്നോട്ട് വയ്ക്കുന്ന ലൈനിനെയാണ്. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ധാരണയും വേണ്ടെന്ന കേരള ഘടകത്തിന്റെ നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചപ്പോള്‍ ബിജെപിയെ നേരിടുന്നതിനായി എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുമായും അവരുമായുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആവശ്യമായ ധാരണകള്‍ ഉണ്ടാക്കണം എന്നാണ് മുതിര്‍ന്ന നേതാവും സിപിഎമ്മിന്‍റെ സ്ഥാപക അംഗങ്ങളിലൊരാളും ആദ്യ കേന്ദ്ര കമ്മിറ്റിയിലെ അംഗവുമായ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍