UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് ദലിത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു; പിന്തുണയുമായി വിവിധ സംഘടനകള്‍

യാതൊരു പ്രകോപനവുമില്ലാതെ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നും ഗീതാനന്ദന്‍ പറഞ്ഞു. ദലിതരെന്ന മുന്‍വിധിയോടെയാണ് ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് സമീപിക്കുന്നതെന്നും അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു.

വാഹനം തടയലും കടയടപ്പിക്കലുമായി സംസ്ഥാനമൊട്ടാകെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദനുള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ആറ് മണിയോടെ തുടങ്ങിയ ഹര്‍ത്താലിനോട് ആദ്യ രണ്ട് മണിക്കൂറില്‍ തണുത്ത പ്രതികരണമായിരുന്നിങ്കെിലും പിന്നീട് പലയിടത്തും പൊതുഗതാഗതം തടസപ്പെടുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ദലിത് ഹര്‍ത്താലിന് പിന്തുണയറിയിച്ചെത്തിയ യൂത്ത്ലീഗ്, ബിഎംഎസ് പ്രവര്‍ത്തകരാണ് പലയിടത്തും വാഹനം തടയുന്നതിനും കടയടപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നത്. ഹര്‍ത്താല്‍ ശക്തി പ്രാപിച്ചതോടെ ആരോഗ്യസര്‍വകലാശാലയും കണ്ണൂര്‍, കോഴിക്കോട്, കേരള, എംജി സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചു. സംസ്ഥാനത്തൊട്ടാകെ 107 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചിയില്‍ നോര്‍ത്ത് പാലം ഉപരോധിക്കുന്നതിനിടെയാണ് സി.എസ്.മുരളി, വി.സി.ജന്നി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ വാഹനം തടഞ്ഞെന്ന കാരണം പറഞ്ഞ് ഗീതാനന്ദനെ എറണാകുളത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ താന്‍ വാഹനം തടഞ്ഞില്ലെന്നും യാതൊരു പ്രകോപനവുമില്ലാതെ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നും ഗീതാനന്ദന്‍ പറഞ്ഞു. ദലിതരെന്ന മുന്‍വിധിയോടെയാണ് ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് സമീപിക്കുന്നതെന്നും അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലിന് പിന്തുണയറിയിച്ച് കെപിസിസി ഉപവാസ സമരവും തുടരുകയാണ്. ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹത്തെ ഉടനെ വിട്ടയക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്നലെ വരെ ഹര്‍ത്താലിനെ പിന്തുണക്കില്ലെന്നറിയിച്ചിരുന്ന ബിജെപി ഇന്ന് നിലപാട് മാറ്റി. ഹര്‍ത്താല്‍ നടത്തുന്ന ദളിത് സംഘടനകളുടെ ആവശ്യത്തോട് യോജിക്കുന്നതായും ഹര്‍ത്താലിനെ പിന്തുണക്കുന്നതായും സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരിട്ട് അറിയച്ചതോടെ കൊല്ലം ജില്ലയിലുള്‍പ്പെടെ വാഹനം തടയുന്നതിന് ബിഎംഎസ് പ്രവര്‍ത്തകരടക്കം നിരത്തിലിറങ്ങി.

രാവിലെ കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഭാഗികമായി സര്‍വീസ് നിര്‍ത്തിവച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. തൃശൂരിലും കൊല്ലത്തും ബസിന് നേരെ കല്ലേറുണ്ടായി. തൃശൂര്‍ വലപ്പാട് കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പല ബസുകളും പാതിവഴിയില്‍ സര്‍വീസ് ഉപേക്ഷിച്ചു. പൊതു-സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്താതിരുന്ന ഇടുക്കിയില്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. കോട്ടയം ജില്ലയിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍