UPDATES

ട്രെന്‍ഡിങ്ങ്

ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തുന്ന മന്ത്രി സത്യേന്ദ്ര ജയിന്‍ ആശുപത്രിയില്‍; പ്രതിസന്ധി രൂക്ഷം

കോണ്‍ഗ്രസ് ഒഴികെയുള്ള രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹിയിലെ പ്രതിസന്ധിയില്‍ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്.

ഡല്‍ഹിയില്‍ ഭരണ സ്തംഭനമുണ്ടാക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിനും ലെഫ്.ഗവര്‍ണര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തന്നതിനെതിരെയും നിരാഹാര സമരം നടത്തിവന്നിരുന്ന മന്ത്രി സത്യേന്ദ്ര ജയിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മന്ത്രി ഗോപാല്‍ റായ് എന്നിവരാണ് സത്യേന്ദ്ര ജയിനിനെ കൂടാതെ ലെഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ ഔദ്യോഗിക വസതിയില്‍ സമരം നടത്തി വരുന്നത്. സത്യേന്ദ്ര ജയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് മാസമായി തുടരുന്ന ഐഎഎസ് സമരം സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്.

ഇന്ന് രാവിലെ ഡല്‍ഹിയിലെ അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ പൊലീസ് അടച്ചിട്ടു. ബാഹ്യശക്തികള്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ഇതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്നലെ ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥര്‍ അസാധാരണമായ തരത്തില്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും എഎപിയുടേയും സര്‍ക്കാരിന്റേയും ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സുരക്ഷയുണ്ടാകുമെന്നും യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും കെജ്രിവാള്‍ പ്രതികരിച്ചു.

ഇന്നലെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് പകുതി വഴിയില്‍ തടഞ്ഞിരുന്നു. എഎപി പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സിപിഎം രംഗത്തെത്തിയിരുന്നു. റാലിയില്‍ പങ്കെടുത്ത് പ്രസംഗിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയിലും പുതുച്ചേരിയിലും അധികാരത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളെ അട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന, അധികാരത്തിലെ കൈകടത്തലുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കെജ്രിവാളിനും എഎപി സര്‍ക്കാരിനും പിന്തുണയുമായി മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച്ഡി കുമാരസ്വാമി, പിണറായി വിജയന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ യോഗം ചേരുകയും നിതി ആയോഗ് യോഗത്തിനിടെ, കെജ്രിവാളിന്റെ സമരം പിന്‍വലിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഒഴികെയുള്ള രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹിയിലെ പ്രതിസന്ധിയില്‍ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍