UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് പതിച്ചുകൊടുത്തെന്ന് ആരോപണം

സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച, 27 സെന്റ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തിരുന്നു.

സ്വകാര്യ വ്യക്തിയില്‍ നിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറമ്പോക്ക് ഭൂമി തിരികെ നല്‍കി സബ് കളക്്ടര്‍ ഉത്തരവിറക്കിയത് വിവാദമാകുന്നു. ദിവ്യ എസ് അയ്യരാണ് ഭൂമി വിവാദ ഉത്തരവിലൂടെ സ്വകാര്യ വ്യക്തിക്ക് കയ്യേറ്റ ഭൂമി തിരികെ നല്‍കിയത്. വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല – പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത് എന്ന് ജനയുഗവും ദേശാഭിമാനിയും റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിലെ കെഎസ് ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യയാണ് ദിവ്യ എസ് അയ്യര്‍.

സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച, 27 സെന്റ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തിരുന്നു. വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.

ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഉചിതമായ തീരുമാനം സബ്കളക്ടര്‍ കൈക്കൊള്ളണമെന്ന നിര്‍ദ്ദേശത്തിന്റെ മറവിലാണ് ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം സബ് കളക്ടര്‍ കൈക്കൊണ്ടിരിക്കുന്നത്. സബ്കളക്ടര്‍ കയ്യേറ്റ കക്ഷിക്ക് നോട്ടീസ് നല്‍കി വിളിപ്പിക്കുകയും അവരുടെ ഭാഗം മാത്രം കേള്‍ക്കുകയും ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയും ചെയ്യുകയുമായിരുന്നു. ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാതെയാണ് സബ് കളക്ടര്‍ തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ട്.

ഫെബ്രുവരി 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ റദ്ദാക്കലിന്റെ കാരണം വ്യക്തമായി പ്രതിപാദിച്ചിട്ടുമില്ല. സബ്കളക്ടറുടെ നടപടിക്കെതിരെ സ്ഥലം എംഎല്‍എ വി ജോയി, ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ പ്രതിഷേധം അറിയിക്കുകയും മുഖ്യമന്ത്രി, റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.

2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരന് മൂന്നുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 50,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്നതാണ്. മാത്രമല്ല, അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അത് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 50,000 രൂപയില്‍ കുറയാത്ത പിഴയും ശിക്ഷ വിധിക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍