UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതിയും മതവും പറയൂ, മതേതരവാദികള്‍ രക്തബന്ധമില്ലാത്തവര്‍: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ജാതിയും മതവും വ്യക്തമാക്കാതെ മതേതരരാണെന്ന് പറയുന്നവര്‍ക്ക് മാതാപിതാക്കളുടെ പാരമ്പര്യമോ അവരുമായുള്ള രക്തബന്ധമോ അവകാശപ്പെടാനുള്ള യോഗ്യതയില്ലെന്നും അനന്ത് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു.

തങ്ങള്‍ മതനിരപേക്ഷരാണെന്നും മതേതരരാണെന്നും മറ്റും പറഞ്ഞ് ആരും നടക്കരുതെന്നും എല്ലാവരും അവരവരുടെ ജാതിയും മതവും വിളിച്ചുപറയാന്‍ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിയായ അദ്ദേഹം തൊഴില്‍, നൈപുണ്യ വികസന വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. വര്‍ഗീതയും വെറുപ്പും ഇളക്കിവിടുന്ന പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയിട്ടുള്ള നേതാവാണ് അദ്ദേഹം. ജാതിയും മതവും വ്യക്തമാക്കാതെ മതേതരരാണെന്ന് പറയുന്നവര്‍ക്ക് മാതാപിതാക്കളുടെ പാരമ്പര്യമോ അവരുമായുള്ള രക്തബന്ധമോ അവകാശപ്പെടാനുള്ള യോഗ്യതയില്ലെന്നും അനന്ത് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും ഹെഗ്‌ഡെ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ കോപ്പലില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് അനന്ത് കുമാര്‍ ഹെഗ്‌ഡെ ഇക്കാര്യം പറയുന്നത്.

ഹെഗ്‌ഡെ പറഞ്ഞത് ദ ഹിന്ദു ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു – “മുസ്ലീം, ക്രിസ്ത്യന്‍, ബ്രാഹ്മിണ്‍, ലിംഗായത്, ഹിന്ദു എന്നിങ്ങനെയെല്ലാം ഓരോരുത്തരും സാമുദായിക സ്വത്വം വെളിപ്പെടുത്താന്‍ തയ്യാറായാല്‍ സന്തോഷം. എന്നാല്‍ മതേതരരാണ് എന്ന് പറഞ്ഞ് വരുന്നവര്‍ പ്രശ്‌നമാണ്. ഭരണഘടനയില്‍ പലപ്പോളും മാറ്റം വന്നിട്ടുണ്ട്. അതിനിയും മാറും. അത് മാറ്റാനാണ് തങ്ങള്‍ അധികാരത്തില്‍ വന്നിരിക്കുന്നത്. പുരോഗമന ചിന്തകര്‍ക്ക് ചരിത്രത്തെപ്പറ്റിയോ പാരമ്പര്യത്തേയും സംസ്‌കാരത്തേയും പറ്റിയോ ഒന്നുമറിയില്ല” – ഹെഗ്‌ഡെ പറയുന്നു.

ഹെഗ്ഡയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ രംഗത്തെത്തി. ഭരണഘടനയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ കേന്ദ്ര മന്ത്രി വിഷം ചീറ്റുകയാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 2016 മാര്‍ച്ചില്‍ അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ മുസ്ലീംവിരുദ്ധ പരാമര്‍ശം വലിയ വിവാദമുണ്ടാക്കിയിരുന്നു. മുസ്ലീങ്ങള്‍ ഉള്ള കാലത്തോളം ലോകത്ത് ഭീകരവാദവും ഭീകരപ്രവര്‍ത്തനവുമുണ്ടാകുമെന്നായിരുന്നു ഹെഗ്‌ഡെ അന്ന് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍