UPDATES

സയന്‍സ്/ടെക്നോളജി

കര്‍ണാടക തിരഞ്ഞെടുപ്പ്: വാര്‍ത്തകളുടെ വസ്തുതാപരിശോധന തുടങ്ങിയെന്ന് ഫേസ്ബുക്ക്

സ്വതന്ത്ര ഡിജിറ്റല്‍ ജേണലിസം സംരംഭമായ BOOMഉമായി ചേര്‍ന്നാണ് ഫേസ്ബുക്ക് വസ്തുതാപരിശോധന നടത്തുന്നത്.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളുടെ വസ്തുതാപരിശോധന തുടങ്ങിയതായി ഫേസ്ബുക്ക്. വാര്‍ത്ത വ്യാജമാണെന്ന് ഫാക്ട് ചെക്കര്‍ കണ്ടെത്തിയാല്‍ ഈ വാര്‍ത്ത ന്യൂസ് ഫീഡില്‍ താഴേക്ക് പോകുമെന്ന് ബ്ലോഗ് പോസ്റ്റില്‍ ഫേസ്ബുക്ക് പറയുന്നു. ഈ വാര്‍ത്തയുടെ വിതരണത്തില്‍ 80 ശതമാനം കുറവ് ഫേസ്ബുക്ക് വരുത്തും. ഇതിലൂടെ കൂടുതല്‍ പേരിലേയ്ക്ക് ഈ വാര്‍ത്ത എത്തുന്നത് ഒഴിവാകും. തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന പേജുകള്‍ക്കും ഡൊമെയ്‌നുകള്‍ക്കും ഇത് ബാധകമായിരിക്കും. വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന വ്യക്തികള്‍ക്കും പേജ് അഡ്മിന്‍മാര്‍ക്കും ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ നല്‍കും.

സ്വതന്ത്ര ഡിജിറ്റല്‍ ജേണലിസം സംരംഭമായ BOOMഉമായി ചേര്‍ന്നാണ് ഫേസ്ബുക്ക് വസ്തുതാപരിശോധന നടത്തുന്നത്. അന്താരാഷ്ട്ര വസ്തുതാപരിശോധന ശൃംഘലയായ പോയിന്ററിന്റെ അംഗീകാരമുള്ള സ്ഥാപനമാണ് BOOM. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഇംഗ്ലീഷ് വാര്‍ത്തകളുടെ വസ്തുതാപരിശോധനയാണ് ഇത് നടത്തുക. മുംബൈയിലെ പിംഗ് ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണിത്. ഒരു മാസം 217 മില്യണ്‍ (21.7 കോടി) ഉപയോക്താക്കളാണ് ഇന്ത്യയില്‍ ശരാശരി ഫേസ്ബുക്കിനുള്ളത്.

ഇന്ത്യയിലേതടക്കമുള്ള തിരഞ്ഞെടുപ്പുകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും തെറ്റ് പറ്റിയെന്നും യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുമ്പില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞയാഴ്ച സമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ഇത്തരം ഇടപെടലുകള്‍ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ് എന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിലും ഫേസ്ബുക്കിന്റെ സ്വാധീനം പരിശോധിച്ച ശേഷം ഭാവി ഉല്‍പ്പന്നങ്ങളും നയങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കും എന്നാണ് സുക്കര്‍ബര്‍ഗ് യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍