UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ ആത്മഹത്യ ശ്രമം നടത്തിയ കര്‍ഷകന്‍ മരിച്ചു

സൗരോര്‍ജ്ജ പ്ലാന്റിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കുറഞ്ഞ വില മാത്രം തന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ധര്‍മ്മ പാട്ടീലിന്റെ പ്രതിഷേധം. മതിയായ നഷ്ടപരിഹാരം കിട്ടുന്നതിന് വേണ്ടി പല തവണ ശ്രമം നടത്തിയിട്ടും ഫലം കാണാതെ വന്നപ്പോളാണ് ധര്‍മ്മ പാട്ടീല്‍ ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ (മന്ത്രാലയ) ആത്മഹത്യ ശ്രമം നടത്തിയ കര്‍ഷകന്‍ മരിച്ചു. ഭൂമിക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരത്തിലായിരുന്ന ധര്‍മ്മ പാട്ടീന്‍ (84) കര്‍ഷകന്‍ ജനുവരി 22നാണ് സെക്രട്ടറിയേറ്റില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി മുംബയ് ജെജെ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. സൗരോര്‍ജ്ജ പ്ലാന്റിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കുറഞ്ഞ വില മാത്രം തന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ധര്‍മ്മ പാട്ടീലിന്റെ പ്രതിഷേധം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതായും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. വടക്കന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളയാളാണ് ധര്‍മ്മ പാട്ടീല്‍.

വിഷം കഴിച്ച ധര്‍മ്മ പാട്ടീലിനെ ആദ്യം കൊണ്ടുപോയത് ദക്ഷിണ മുംബൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കാണ്. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തി. മന്ത്രാലയയില്‍ ഒരു കര്‍ഷകന്‍ ജീവനൊടുക്കിയിട്ട് പോലും അയാള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് സര്‍ക്കാരിന് തോന്നുന്നില്ലെന്ന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായ ധനഞ്ജയ് മുണ്ടെ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ മാത്രമാണ് കര്‍ഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി എന്ന് എന്‍സിപി നേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് നിയമസഭയിലെ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ പറഞ്ഞു. ആയിരക്കണക്കിന് കര്‍ഷകര്‍ ജീവനൊടുക്കിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും രാധാകൃഷ്ണ പാട്ടീല്‍ കുറ്റപ്പെടുത്തി.

മതിയായ നഷ്ടപരിഹാരം കിട്ടുന്നതിന് വേണ്ടി പല തവണ ശ്രമം നടത്തിയിട്ടും ഫലം കാണാതെ വന്നപ്പോളാണ് ധര്‍മ്മ പാട്ടീല്‍ ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അഞ്ച് ഏക്കര്‍ ഭൂമിക്ക് കിട്ടിയ നഷ്ടപരിഹാരം വെറും നാല് ലക്ഷം രൂപയാണെന്ന് മകന്‍ നരേന്ദ്ര പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി പല തവണ ഈ ആവശ്യത്തിനായി അദ്ദേഹം സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങിയിരുന്നു. 15 ലക്ഷം രൂപ ധനസഹായം തരാമെന്ന സര്‍ക്കാര്‍ വാഗ്ദാനം മകന്‍ നിരസിച്ചിരിക്കുകയാണ്. തന്റെ പിതാവിനെ രക്തസാക്ഷിയായി അംഗീകരിക്കുകയും അഞ്ചേക്കര്‍ ഭൂമിക്ക് മതിയായ നഷ്ടപരിഹാരം തരുകയും ചെയ്യാതെ പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് നരേന്ദ്ര പാട്ടീല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍