UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യപിക്കാന്‍ 100 രൂപ നല്‍കിയില്ല; മകന്‍ അച്ഛനെ തല്ലിക്കൊന്നു

പായിപ്പാട് കൊച്ചുപള്ളിയില്‍ 17 ന് രാത്രിയാണ് സംഭവം നടന്നത്.

മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ട് മകന്‍ നടത്തിയ ആക്രമണത്തില്‍ പിതാവിന് ദാരുണാന്ത്യം. ചെങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിയില്‍ വാഴപ്പറമ്പില്‍ തോമസ് വര്‍ക്കിയെയാണ് ( കുഞ്ഞപ്പന്‍,75 ) മകന്‍ ജോസഫ് തോമസ് ( അനി, 36 ) മദ്യപിക്കാന്‍ 100 രൂപ നല്‍കാത്തതിന് അക്രമിച്ച് കൊലപ്പെടുത്തിയത്. 17 ന് രാത്രിയാണ് സംഭവം നടന്നത്.

സ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ 19ന് രാവിലെ 11ന് മൃതദേഹം സംസ്‌കരിക്കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലരുടെ സംശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് വൈകിട്ട് 6.30നാണ് സംസ്‌കാരം നടത്തിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കുഞ്ഞപ്പനും മക്കളായ അനിയും സിബിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുഞ്ഞപ്പന്റെ ഭാര്യ മകള്‍ക്കൊപ്പം റാന്നിയിലെ വീട്ടിലാണ് താമസം. ഇരട്ട സഹോദരങ്ങളായ അനിയും സിബിയും മദ്യലഹരിയില്‍ കുഞ്ഞപ്പനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.

കുഞ്ഞപ്പന്‍ 17 ന് രാവിലെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പെന്‍ഷന്‍ തുക 1000 രൂപ പിന്‍വലിച്ചിരുന്നു, വീട്ടിലെത്തി അതില്‍ നിന്നും 200 രൂപ വീതം രണ്ടുമക്കള്‍ക്കും നല്‍കി. വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തിയ അനി കുഞ്ഞപ്പനോട് വീണ്ടും 100 രൂപ കൂടി ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അനി പിതാവിനെ ആക്രമിച്ചത്. ഈ സമയത്ത് സിബി വീട്ടില്‍ ഉണ്ടായിരുന്നു. മര്‍ദ്ദനം തടയാന്‍ എത്തിയ സിബി അനി തുടയില്‍ കടിച്ചതോടെ പിന്മാറുകയും തൊട്ടടുത്ത മുറിയില്‍ പോയി വിശ്രമിക്കുകയും ചെയ്തു.

അക്രമം തുടര്‍ന്ന അനി കുഞ്ഞപ്പനെ പിടിച്ചു തളളുകയും, തല കട്ടിലിലും ഭിത്തിയിലും പല തവണ ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും, കഴുത്തു ഞെരിക്കുകയും ചെയ്തു. തുടര്‍ന്ന് കുറച്ചു സമയത്തിനകം കുഞ്ഞപ്പനെ കട്ടിലില്‍ കിടത്തി അനി ഉറങ്ങിയതായും പോലീസ് പറയുന്നു. പിറ്റേന്ന് രാവിലെ തന്നെ അനിയും സിബിയും വീട്ടില്‍ നിന്നു പോയി. ഉച്ചയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് കുഞ്ഞപ്പനെ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 19 ന് രാവിലെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും എടുക്കാന്‍ എത്തിയവരാണ് തലയുടെ പിന്‍ഭാഗത്ത് രക്തം കട്ടപിടിച്ചിരിക്കുന്നത് കണ്ടത്. സംശയം തോന്നിയ അവര്‍ പോലീസില്‍ വിവരം അറിയിക്കുകയും, പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെടുകയുമായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞപ്പന്റെ ശരീരത്തില്‍ 30 മുറിവുകളാണ് ഉള്ളത്. ഇതില്‍ 8 എണ്ണം ഗുരുതരമായിരുന്നു. കഴുത്തിലെ അസ്ഥികളും, ഇടതുവശത്തെ 2 വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. വയറില്‍ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി. തലയ്ക്കു പിന്നിലേറ്റ മുറിവാണ് മരണകാരണമായി കണ്ടത്തിയിരിക്കുന്നത്. 18 ന് രാവിലെ 9 മണിക്കാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. ചങ്ങനാശേരി ഡിവൈ എസ് പി എസ്.സുരേഷ് കുമാര്‍, തൃക്കൊടിത്താനം സിഐ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത അനിയെ കോടതി റിമാന്‍ഡ് ചെയ്തു. തൃക്കൊടിത്താനം എസ്‌ഐ സാബു സണ്ണി, എഎസ്‌ഐമാരായ ശ്രീകുമാര്‍, സാബു, ക്ലീറ്റസ്, ഷാജിമോന്‍, സിപിഒ ബിജു വരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read More : അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ച് വയസ്സുകാരന്‍, ടോയ്‌ലറ്റില്‍ കിടന്നുറങ്ങേണ്ടിവരുന്ന ആളുകള്‍; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്തെ ദളിത് കോളനികളിൽ ഇങ്ങനെയാണ് ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍