UPDATES

വിദേശം

ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസ് പിന്മാറി

ട്രംപിന്റെ തീരുമാനം യുഎസിനെ അതിന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ക്കിടയില്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. ഉത്തരകൊറിയയുടെ ആണവ പരിപാടികളുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ചര്‍ച്ചകളേയും ഇത് ബാധിക്കും.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസ് പിന്മറുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2015ല്‍ യുഎസ് അടക്കം ആറ് രാജ്യങ്ങള്‍ ഇറാനുമായി ഒപ്പുവച്ച ആണവ കരാര്‍ പ്രകാരം ഇറാന് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയിരുന്നു. എന്നാല്‍ കരാറില്‍ നിന്ന് യുഎസ് പിന്മാറുന്നതോടെ ശക്തമായ ഉപരോധം തിരിച്ചുവരുകയാണ്. ഒബാമ ഗവണ്‍മെന്റിന്റെ വിദേശനയ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെട്ട ഈ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം യുഎസിനെ അതിന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ക്കിടയില്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. ഉത്തരകൊറിയയുടെ ആണവ പരിപാടികളുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ചര്‍ച്ചകളേയും ഇത് ബാധിക്കും.

അതേസമയം തങ്ങള്‍ കരാറില്‍ തുടരുന്നതായി ഇറാന്‍ അറിയിക്കുന്നു. പത്ത് വര്‍ഷത്തേയ്ക്കോ അതില്‍ കൂടുതല്‍ കാലത്തേയ്‌ക്കോ ആണവ പരിപാടി കര്‍ശനമായി നിയന്ത്രിക്കാനാണ് ഇറാന്റെ തീരുമാനം. ഫ്രാന്‍സും ജര്‍മ്മനിയും യുകെയും കരാറില്‍ തുടര്‍ന്നേക്കും. എന്നാല്‍ ഇറാനുമായുള്ള ബന്ധം മൂലം യൂറോപ്യന്‍ കമ്പനികള്‍ക്ക് മേല്‍ അമേരിക്കന്‍ ഉപരോധം വരാനിടയുണ്ട്. കരാറില്‍ ഒപ്പുവച്ചിട്ടുള്ള ചൈനയും റഷ്യയും കരാര്‍ ലംഘിച്ചതിന് അമേരിക്കയെ കുറ്റപ്പെടുത്തി ഇറാന് പിന്തുണ നല്‍കിയേക്കും.

ട്രംപിന്റെ തീരുമാനം ഇറാനില്‍ യാഥാസ്ഥിതിക മതമൗലികവാദ സംഘങ്ങളെ കൂടുതല്‍ ശക്തരാക്കുകയും ഇസ്രയേലിനും യുഎസിനും എതിരെ ആക്രമണോത്സുക സമീപനം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. പശ്ചിമേഷ്യയിലേയും മിഡില്‍ ഈസ്റ്റിലേയും ആയുധ മത്സരം ശക്തമാക്കുകയും സിറിയയിലേയും യെമനിലേയും തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ശക്തി പകരുകയും ചെയ്യും.

അതേസമയം ഉത്തരകൊറിയയുടെ ആണവ പരിപാടി നിര്‍ത്തി വയ്പിക്കുന്നതിന് ആവശ്യമായ കടുത്ത നിലപാടിന് സഹായകമാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ വാദം. കിം ജോങ് ഉന്നുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി ഈ തീരുമാനം യുഎസ് നിലപാടിന് കരുത്ത് നല്‍കുമെന്നും ട്രംപ് കരുതുന്നു. ഈ കരാര്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലായിരുന്നു. ഇതൊരിക്കലും സമാധാനം കൊണ്ടുവരില്ല – വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു.

ട്രംപിന്റെ തീരുമാനം പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാക്കുമെന്നും ലോകത്ത് സമാധാനമില്ലാതാക്കാന്‍ ഇടയാകുമെന്നും ഒബാമ മുന്നറിപ്പ് നല്‍കി. കരാര്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിക്കുന്ന ട്രംപിനെ വിമര്‍ശിച്ചു. അതേസമയം ട്രംപിന് പിന്തുണയുമായി സൗദി അറേബ്യയും ഇസ്രയേലും രംഗത്തെത്തി. ചരിത്രപരമായ നീക്കം, ധീരമായ നേതൃത്വം എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശഷിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍