UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ സിഎജി വിനോദ് റായ് ‘വാടക കൊലയാളി’യെന്ന് എ രാജ

അധികാരം ദുര്‍വിനിയോഗം ചെയ്യുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്തതിന്റെ പേരില്‍ റായിയെ വിചാരണയ്ക്ക് വിധേയനാക്കണമെന്നും രാജ ആവശ്യപ്പെട്ടു

യുപിഎ സര്‍ക്കാരിനെ കൊല്ലുന്നതിനായി വാടകയ്ക്ക് എടുക്കപ്പെട്ട ‘കരാര്‍ കൊലപാതകിയാണ്’ മുന്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെന്ന് മുന്‍ ടെലികോം മന്ത്രി എ രാജ. അധികാരം ദുര്‍വിനിയോഗം ചെയ്യുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്തതിന്റെ പേരില്‍ റായിയെ വിചാരണയ്ക്ക് വിധേയനാക്കണമെന്നും രാജ ആവശ്യപ്പെട്ടു. ‘2ജി സാഗ അണ്‍ഫോള്‍ഡ്‌സ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ശക്തികള്‍ യുപിഎ സര്‍ക്കാരിനെതിരെ പ്രവര്‍ത്തികുകയായിരുന്നുവെന്നും റായ് അവരുടെ കൈയിലെ പാവയായിരുന്നുവെന്നും രാജ ആരോപിച്ചു.

രാജ ടെലികോം മന്ത്രിയായിരുന്ന 2008ല്‍ 2ജി സ്‌പെക്ട്രം പങ്കുവെക്കലുമായി ബന്ധപ്പെട്ട് ദേശീയ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി 2010ല്‍ പാലമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്നത്തെ സിഎജി ആയിരുന്ന വിനോദ് റായ് ആരോപിച്ചിരുന്നു. സിഎജി റിപ്പോര്‍ട്ടിന് അമിത പ്രാധാന്യം നല്‍കിയതുകൊണ്ടാണ് സുപ്രീം കോടതി 2ജി ലൈസന്‍സുകള്‍ റദ്ദാക്കിയതെന്നാണ് രാജയുടെ പക്ഷം. പുതിയ ടെലികോം കമ്പനികള്‍ രംഗത്തുവരാതിരിക്കുന്നതിനായി ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അതിനാലാണ് ഒരു കൂട്ടം സേവന ദാതാക്കള്‍ക്ക് മാത്രം ലൈസന്‍സ് ലഭിച്ചതെന്നും രാജ വിശദീകരിക്കുന്നു.

അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നല്‍കിയ സംരക്ഷണവും രക്ഷകര്‍തൃത്വവും മൂലമാണ് താരിഫുകള്‍ കുറഞ്ഞപ്പോള്‍ തനിക്ക് സേവന ദാതാക്കളുടെ കൂട്ടത്തെ ഭിന്നിപ്പിക്കാന്‍ സാധിച്ചതെന്ന് രാജ പറയുന്നു. സെപ്ക്ട്രം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവണമെന്ന് മന്‍മോഹന്‍ സിംഗിന് നിര്‍ബന്ധമുണ്ടായിരുന്നു. മിനിട്ടിന് രണ്ട് മുതല്‍ നാല് രൂപ വരെയുണ്ടായിരുന്ന ടെലിഫോണ്‍ നിരക്കുകള്‍ രാജയുടെ കാലത്താണ് 25 പൈസയായി കുറഞ്ഞത്.

2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും പ്രത്യേക സിബിഐ കോടതി രാജയെ അടുത്തിടെ കുറ്റവിമുക്തനാക്കിയിുന്നു. സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നതായി രാജ വെളിപ്പെടുത്തി. സ്‌പെക്ട്രം അനുമതികള്‍ക്കെതിരെ സുനില്‍ ഭാരതി മിത്തല്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം മന്‍മോഹന്‍ സിംഗിനെയും അന്നത്തെ നിയമ മന്ത്രിയെയും സമീപിച്ചു. സര്‍ക്കാര്‍ നടപടികള്‍ നിറുത്തിവെക്കണമെന്നായിരുന്നു മിത്തലിന്റെ ആവശ്യം. ഈ ഘട്ടത്തിലാണ് മന്ത്രിസഭയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നത്. ധനമന്ത്രാലയം ഇടപാടുകള്‍ സംബന്ധിച്ച് ചില സംശയങ്ങള്‍ ഉന്നയിച്ചു. ഇടപാട് പരിശോധിക്കുന്നതിന് മന്ത്രിസഭ ഉപസമിതി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് അന്നത്തെ ക്യാബിനറ്റ് മന്ത്രി കമല്‍നാഥ് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. 2ജി വിവാദം ബിജെപിയെയാണ് സഹായിച്ചതെന്ന് രാജ പറഞ്ഞു. തന്റെ പാര്‍ട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയാണ് രാജയുടെ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍