UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ വധിക്കാന്‍ പദ്ധതിയിടുന്നത് ഗഡ്കരി എന്ന ട്വീറ്റ്: ഷെഹ്ലയ്ക്കെതിരെ നിയമ നടപടിയെന്ന് ഗഡ്കരി; നിലവാരം മനസിലായി എന്ന് ഷെഹ്ല

ഒരു ആക്ഷേപ ഹാസ്യ ട്വീറ്റിന് കേസ് കൊടുക്കുന്ന ഗഡ്കരിയുടെ നിലവാരം തീരെ ചെറുതാണെന്ന് ഷെഹ്ല റാഷിദ് തിരിച്ചടിച്ചു.

മോദിയെ വധിക്കാന്‍ പദ്ധതിയിട്ടത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നേതാവ് നിതിന്‍ ഗഡ്കരിയോ, ആര്‍എസ്എസോ ആയിരിക്കാം എന്ന് ഷെഹ്ല റാഷിദ് ആക്ഷേപഹാസ്യ രൂപേണ ട്വീറ്റ് ചെയ്തിരുന്നു. മോദിയെ വധിച്ച ശേഷം ആ കുറ്റം മുസ്ലീങ്ങളുടെയും കമ്മ്യുണിസ്റ്റുകളുടെയും തലയില്‍ കെട്ടിവെച്ച് അവരെ രാജ്യദ്രോഹികള്‍ ആയി ചിത്രീകരിക്കുകയാണ് ലക്ഷ്യം എന്നും ഷെഹ്ല ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് ഇപ്പോള്‍ ഗഡ്‌കരി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പൂനെ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഭീമ കോറേഗാവ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാവോയിസ്റ്റ് അനുകൂലികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചുവെന്നായിരുന്നു പൂനെ പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്ത വന്നത്. എന്നാല്‍ ഇത് മോദിയുടെ തകര്‍ന്ന പ്രതിച്ഛായ ശരിപ്പെടുത്തുന്നതിനുള്ള ഒരു കുതന്ത്രമാണ് എന്ന് പറഞ്ഞു നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതാണ് പറഞ്ഞത്. പൂനെ പൊലീസിന്റെ ആരോപണം തള്ളി മാവോയിസ്റ്റ് നേതാവ് പി.വരാവര റാവു രംഗത്ത് വന്നിരുന്നു. മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് ഈ ആരോപണമെന്നും പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തുന്ന കത്ത് പിടിച്ചെടുത്തുവെന്ന പൂനെ പോലീസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും റാവു പറഞ്ഞിരുന്നു.

തുടര്‍ന്നായിരുന്നു ഗഡ്കരിയുടെ പ്രതികരണം. മോദി വിവാദവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ തന്നെ ലക്ഷ്യം വെച്ചുള്ള കമന്റുകള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നതായി ഗഡ്കരി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിക്കെതിരെയുള്ള വധഭീഷണി ഗൗരവം ഉള്ള വിഷയം ആണെന്ന് നേരത്തെ ഗഡ്കരി പറഞ്ഞിരുന്നു. എന്നാല്‍ ഒരു ആക്ഷേപ ഹാസ്യ ട്വീറ്റിന് കേസ് കൊടുക്കുന്ന ഗഡ്കരിയുടെ നിലവാരം തീരെ ചെറുതാണെന്ന് ഷെഹ്ല റാഷിദ് തിരിച്ചടിച്ചു. ഉമര്‍ ഖാലിദിനെ പോലെയുള്ളവരെ മാധ്യമങ്ങള്‍ വേട്ടയാടിയത് മറന്നുപോകരുതെന്നും ഷെഹ്ല റാഷിദ് ഓര്‍മ്മിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍