UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി നേഹയുടെ മരണം: കൊല്ലം ട്രിനിറ്റി സ്കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം

ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ട വിശദീകരണത്തില്‍ കിട്ടിയ റിപ്പോര്‍ട്ടില്‍ അപാകതയുള്ളതിനാലും, സ്‌കൂളിന്റെ നടപടികളില്‍ തൃപ്തിയില്ലാത്തതിനാലുമാണ് എന്‍.ഒ.സി റദ്ദാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തത്.

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ടുനടന്ന സംഭവവികാസങ്ങളുടെ ഭാഗമായി കൊല്ലം ട്രിനിറ്റി ലൈസിയം സ്‌ക്കൂളിന്റെ എന്‍.ഓ.സി റദ്ദാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കി. കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ട വിശദീകരണത്തില്‍ കിട്ടിയ റിപ്പോര്‍ട്ടില്‍ അപാകതയുള്ളതിനാലും, സ്‌കൂളിന്റെ നടപടികളില്‍ തൃപ്തിയില്ലാത്തതിനാലുമാണ് എന്‍.ഒ.സി റദ്ദാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തത്. വരുന്ന അധ്യയനവര്‍ഷം എന്‍.ഒ.സി റദ്ദാക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്.

കഴിഞ്ഞ ഒക്ടോബറിലാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നത്. ആരോപണവിധേയരായ അധ്യാപകരെ സ്‌കൂള്‍ മാനേജ്മെന്റ് ആദ്യം പുറത്താക്കിയെങ്കിലും പിന്നീട് കേക്ക് മുറിച്ചും, പൂച്ചെണ്ട് നല്‍കിയും തിരിച്ചെടുത്തത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. പ്രധാനാധ്യാപകനെ സ്‌കൂളില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ഉപഡയറക്ടറുടെ നിര്‍ദ്ദേശത്തെ ഡി.ഡി.ഇയുടെ മാനസികപീഡനം മൂലം പ്രധാനാധ്യാപകന് ശാരീരിക അസ്വസ്ഥതകള്‍ വന്നു എന്ന തരത്തിലാണ് സ്‌കൂള്‍ മാനേജ്‌മെന്റ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ പ്രിന്‍സിപ്പാള്‍ ഷെവലിയാര്‍ ജോണിനെ മാറ്റാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമാവുകയായിരുന്നു. മാനേജ്മെന്റിന്റെ ഇത്തരം പെരുമാറ്റങ്ങളാണ് വിദ്യാഭ്യാസ ഡയറക്ടറെ കടുത്ത തീരുമാനത്തിലേക്കെത്തിച്ചത്.

എന്‍.ഓ.സി റദ്ദാക്കാനുള്ള ഡി.ഡി.ഇയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തുകൊണ്ടും, സ്‌കൂള്‍ മാനേജ്മെന്റിനെ പിന്തുണച്ചുകൊണ്ടും കൊല്ലം ഡി.സി.സി വൈസ് പ്രസിഡണ്ട് പി.ജര്‍മിയാസ് രംഗത്തെത്തിയത് പ്രശ്നത്തെ കൂടുതല്‍ വഷളാക്കിയിരുന്നു. തീര്‍ത്തും കക്ഷി രാഷ്ട്രീയമായാണ് ജര്‍മിയാസ് വിഷയത്തില്‍ ഇടപെട്ടത് എന്നാണ് പരാതി. നാലായിരം കുട്ടികളുടെ ഭാവി അനിശ്ചിതത്ത്വത്തിലാക്കുന്നതാണ് ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട് എന്നും ആഭ്യന്തര വകുപ്പിന് കേസ് അന്വേഷിക്കാന്‍ കഴിയില്ലെങ്കില്‍ സ്‌ക്കൂളിന്റെ എന്‍.ഒ.സി റദ്ദാക്കുകയല്ല വേണ്ടതെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍ യാതൊരുവിധ ധാര്‍മിക മൂല്യങ്ങളും കാത്തുസൂക്ഷിക്കാത്ത ഒരു സ്‌കൂളിലെ വിദ്യഭ്യാസം നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ അപര്യാപ്തമാണെന്നായിരുന്നു ഡിഡിഇയുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍