UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2011 വരെയുള്ള മുഴുവന്‍ കാര്‍ഷിക കടവും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം; വയനാടിന് കൂടുതല്‍ പരിഗണന

നേരത്തെ 2007 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് തീരുമാനമുണ്ടായത്. കര്‍ഷക കടാശ്വാസ കമ്മീഷനാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള കാലാവധി നീട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

സംസ്ഥാനത്തെ 2011 വരെയുള്ള കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളാന്‍ മന്ത്രിസഭ യോഗ തീരുമാനം. 13 ജില്ലകളിലെ 2011 വരെയുള്ള കടം എഴുതിത്തള്ളും. അതേസമയം വയനാട് ജില്ലയ്ക്ക് കൂടുതല്‍ ഇളവും പരിഗണനയും നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ 2014 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. നേരത്തെ 2007 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് തീരുമാനമുണ്ടായത്. കര്‍ഷക കടാശ്വാസ കമ്മീഷനാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള കാലാവധി നീട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

വയനാട് ജില്ലയിലെ കര്‍ഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാര്‍ച്ച് 31 വരെയായിരിക്കും. മറ്റ് പതിമൂന്ന് ജില്ലകളിലേത് 2011 ഒക്ടോബര്‍ 31 വരെയായിരിക്കും. ഈ തീയതി വരെ എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കും.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 06-06-2018

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഏറ്റെടുക്കും

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2018 ജൂണ്‍ ഒന്നു മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 53 കോടി രൂപ ആസ്തി കണക്കാക്കിയാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേരള എന്ന പേരില്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്ത് ആസ്തികള്‍ അതിലേക്ക് മാറ്റും. ഇതിനുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ ഖനവ്യവസായ വകുപ്പിനു കീഴില്‍ രാജസ്ഥാനിലെ കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. ഇതിന്റെ മറ്റൊരു യൂണിറ്റാണ് പാലക്കാട്ടുളളത്. 1993 വരെ കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നഷ്ടത്തിലായ കമ്പനി കയ്യൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടത്. കമ്പനിയുടെ ആസ്തി ബാധ്യതകള്‍ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ആസ്തി നിര്‍ണ്ണയിച്ചത്.

ഏഴ് ആധുനിക ഖരമാലിന്യസംസ്‌കരണ പ്ലാന്റുകള്‍ക്ക് അനുമതി

ആധുനിക രീതിയില്‍ ഖരമാലിന്യ സംസ്‌കരണത്തിന് തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നീ ഏഴു ജില്ലകളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മാലിന്യസംസ്‌കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ക്കാണ് അനുമതി നല്‍കുന്നത്. ഏഴു ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കാനുളള സ്ഥലം കെ.എസ്.ഐ.ഡി.സി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശകള്‍ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവിധ മലിനീകരണവും ഇല്ലാതെ ശാസ്ത്രീയമായി സംസ്‌കരണം നടത്താനും അതില്‍നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് പദ്ധതിക്ക് പ്രയോജനപ്പെടുത്തുക. ഇതിനുവേണ്ടി ഡല്‍ഹി ആസ്ഥാനമായുളള ഐ.ആര്‍.ജി സിസ്റ്റം സൗത്ത് ഏഷ്യാ പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തിലാണ് സ്വകാര്യപങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.

നിസാന്‍ കമ്പനിയുടെ ഡിജിറ്റല്‍ ക്യാമ്പസിന് അനുമതി

സംസ്ഥാനത്ത് ജാപ്പനീസ് കമ്പനിയായ നിസാന്റെ ഡിജിറ്റല്‍ ക്യാമ്പസ് സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കുന്നതിന് ടെക്‌നോപാര്‍ക്കിന് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടമായ യമുന ഐടി കെട്ടിടത്തില്‍ സ്ഥലവും ടെക്‌നോ സിറ്റിയില്‍ ഭൂമിയും നിസാന്‍ കമ്പനിക്ക് അനുവദിക്കും.

ഇന്റല്‍ അടിസ്ഥാനമാക്കിയുളള ലാപ്‌ടോപ്പുകളും സര്‍വറുകളും നിര്‍മ്മിക്കുന്നതിന് രൂപീകരിക്കുന്ന കമ്പനിയുടെ ഓഹരിവിഹിതം നിശ്ചയിച്ചു. കെ.എസ്.ഐ.ഡി.സിക്ക് 23 ശതമാനവും കെല്‍ട്രോണിന് 26 ശതമാനവും ഓഹരിയുണ്ടാകും. യു.എസ്.ടി. ഗ്ലോബലിന് 49 ശതമാനം ഓഹരി നല്‍കും. ശേഷിക്കുന്ന 2 ശതമാനം ഐടി വകുപ്പ് ശുപാര്‍ശ ചെയ്യുന്ന ഹാര്‍ഡ് വേര്‍ സ്റ്റാര്‍ട്അപ് കമ്പനികള്‍ക്ക് നല്‍കാനും തീരുമാനിച്ചു.

കേരളത്തില്‍ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ രാം ഗോപാല്‍ മീണയുടെ അവകാശിക്ക് പത്തു ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.

പുതിയ സര്‍ക്കാര്‍ കോളേജുകള്‍, ഐടിഐകള്‍

കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പുതിയ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഈ അധ്യയന വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി പത്ത് തസ്തികകള്‍ സൃഷ്ടിക്കും. ബി.എ. ഇക്കണോമിക്‌സ്, ബി.എ. ഇംഗ്ലീഷ്, ബി.കോം എന്നീ കോഴ്‌സുകളാണ് ഈ വര്‍ഷം തുടങ്ങുക. പാലക്കാട് ജില്ലയിലെ തോലനൂരില്‍ (കുത്തന്നൂര്‍ പഞ്ചായത്ത്) പുതിയ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഈ അധ്യയന വര്‍ഷം ആരംഭിക്കും. ബി.എ. ഇംഗ്ലീഷ്, ബി.കോം, ബി.എസ്.സി (ജ്യോഗ്രഫി) എന്നീ കോഴ്‌സുകള്‍ ഉണ്ടാകും. ഇവിടെയും പത്തു തസ്തികകള്‍ സൃഷ്ടിക്കും.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മണ്ഡലത്തില്‍ പന്ന്യന്നൂരില്‍ പുതിയ സര്‍ക്കാര്‍ ഐ.ടി.ഐ. ആരംഭിക്കാന്‍ തീരുമാനിച്ചു. നാല് ട്രേഡുകളുടെ രണ്ടു യൂണിറ്റുകള്‍ വീതം അനുവദിക്കും. ഇതിനുവേണ്ടി 14 തസ്തികകളാണ് സൃഷ്ടിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ പുതിയ സര്‍ക്കാര്‍ ഐ.ടി.ഐ അനുവദിക്കും. ഇവിടെയും നാല് ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകള്‍ ഉണ്ടാകും. 14 തസ്തികകള്‍ സൃഷ്ടിക്കും.

പുതിയ തസ്തികകള്‍, ശമ്പളപരിഷ്‌കരണം

ഭാഗ്യക്കുറി വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ 15 തസ്തികകളും ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ 28 തസ്തികകളും സൃഷ്ടിക്കും.

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് ടെക്‌നോളജിയിലെ അനധ്യാപക ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കും. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് തുല്യമല്ല ശമ്പളപരിഷ്‌കരണം എന്ന വ്യവസ്ഥയോടെയാണ് തീരുമാനം.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍

കേരള തീരത്തെ കടലില്‍ ജൂണ്‍ ഒമ്പതിനു അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ട്രാവന്‍കൂര്‍ കെച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന് സര്‍ക്കാര്‍ വായ്പയായി നല്‍കിയ 13.72 കോടി രൂപയും പലിശയും അടക്കം 23.58 കോടി രൂപ ഓഹരി മൂലധനമാക്കി മാറ്റുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.

സ്ഥലംമാറ്റം

എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടര്‍ ടി. മിത്രയെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ്. അയ്യരെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

ഹയര്‍സെക്കന്ററി ഡയറക്ടര്‍ പി. സുരേഷ്ബാബുവിനെ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളറായി മാറ്റി നിയമിക്കും.

ലോട്ടറി ഡയറക്ടര്‍ എസ്. ഷാനവാസിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ.യുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

എന്‍ട്രന്‍സ് കമ്മീഷണര്‍ പി.കെ. സുധീര്‍ബാബുവിനെ ഹയര്‍സെക്കന്ററി ഡയറക്ടറായി മാറ്റി നിയമിക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ. പി.കെ. ജയശ്രീയെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍