UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയര്‍ ഇന്ത്യ സ്വകാര്യമേഖലയ്ക്ക്; 76 ശതമാനം ഓഹരിയും വില്‍ക്കുന്നു

എയര്‍ ഇന്ത്യയുടെ 115 വിമാനങ്ങളും 2500ലേറെ വരുന്ന അന്താരാഷ്ട്ര സര്‍വീസുകളും ഒപ്പം എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും കൂടി 33,392 കോടി രൂപ കടവും ബാധ്യതകളും സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കും.

ഇന്ത്യയുടെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ 76 ശതമാനവും വിറ്റഴിച്ച് സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച പ്രിലിമിനറി ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം (പിഐഎം) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. എയര്‍ ഇന്ത്യയുടെ 115 വിമാനങ്ങളും 2500ലേറെ വരുന്ന അന്താരാഷ്ട്ര സര്‍വീസുകളും ഒപ്പം എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും കൂടി 33,392 കോടി രൂപ കടവും ബാധ്യതകളും സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കും. ബാക്കിയുള്ള ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെന്‍റെ ഉത്തരവാദിത്തത്തില്‍ തന്നെയായിരിക്കും. മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 51,379.60 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും കൂടിയുള്ളത്.

എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങുന്നവര്‍ മൂന്ന് വര്‍ഷത്തേയ്ക്ക് ഇത് വില്‍ക്കാനോ മാനേജ്‌മെന്റ് നിയന്ത്രണം ഏറ്റെടുക്കാനോ പാടില്ല. മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിംഗ് അടക്കമുള്ള വസ്തുവകകള്‍ കൈമാറില്ല. എയര്‍ ഇന്ത്യ ബ്രാന്‍ഡ് കുറഞ്ഞ കാലത്തേയ്‌ക്കെങ്കിലും സ്വകാര്യ കമ്പനികള്‍ നിലനിര്‍ത്തണം. ഇതിന് ശേഷം ഇതില്‍ മാറ്റം വരുത്താം. വിവിഐപി സര്‍വീസുകളുടെ നിയന്ത്രണം സര്‍ക്കാരിന് തന്നെ ആയിരിക്കും. പിഐഎം ഇറക്കാനുള്ള തീരുമാനം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിതല ചര്‍ച്ചകളുടെ ഭാഗമായി 2017 ജൂണില്‍ തന്നെ എടുത്തിരുന്നു. സാമ്പത്തിക കാര്യ കാബിനറ്റ് സമിതി ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ഓഹരി വാങ്ങാനുള്ള അപേക്ഷകള്‍ക്ക് മേയ് 14 ആണ് അവസാന തീയതിയായി കേന്ദ്രസര്‍ക്കാര്‍ വച്ചിരിക്കുന്നത്.

കടബാധ്യത കിഴിച്ചുള്ള ആസ്തി കുറഞ്ഞത് 5000 കോടി രൂപയെങ്കിലും ഉള്ള കമ്പനികള്‍ക്കാണ് എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാനുള്ള കണ്‍സോര്‍ഷ്യം ബിഡിംഗില്‍ പങ്കെടുക്കാന്‍ അര്‍ഹത. എന്നാല്‍ ഇതില്‍ കുറവുള്ളതും നെഗറ്റീവ് നെറ്റ് വര്‍ത്ത് ഉള്ള അതായത് നഷ്ടത്തിലുള്ളതുമായ ഇന്ത്യന്‍ വിമാന കമ്പനികളേയും പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിലൂടെ നെറ്റ് വര്‍ത്തിലെ കൂറവ് പരിഹരിക്കാന്‍ കമ്പനികള്‍ക്കാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നിലവില്‍ ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാണ് പോസിറ്റീവ് നെറ്റ് വര്‍ത്ത് ഉള്ളത് (3800 കോടി). ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയവയ്‌ക്കെല്ലാം നെഗറ്റീവ് നെറ്റ് വര്‍ത്ത് ആണ് ഉള്ളത്. ഈ കമ്പനികളില്‍ ഇന്‍ഡിഗോ മാത്രമാണ് എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ താല്‍പര്യം അറിയിച്ച് ഇതുവരെ ഔദ്യോഗികമായി കത്ത് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മൂന്ന് വര്‍ഷമെങ്കിലും നികുതി അടവ് കഴിഞ്ഞ് ലാഭത്തിലുള്ളതും കുറഞ്ഞത് 5000 കോടി രൂപ നെറ്റ് വര്‍ത്ത് ഉള്ളതുമായ വിദേശ കമ്പനികള്‍ക്കേ ബിഡ്ഡിംഗില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍