UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണി ആവശ്യപ്പെട്ടു; ബാര്‍ കോഴ കേസിലെ പബ്‌ളിക് പ്രോസിക്യൂട്ടറെ മാറ്റി

കെപി സതീശന്‍ കേസില്‍ ഹാജരാകുന്നതില്‍ മാണിയുടെ അഭിഭാഷകനും വിജിലന്‍സ് നിയമോപദേശകനും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് വാദത്തെ എതിര്‍ത്ത സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശനെ സ്ഥാനത്ത് നിന്ന് മാറ്റി. ഇന്ന് വൈകീട്ടോടെ സര്‍ക്കാരിന്റെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവില്‍ ഒപ്പ് വച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരാണ് സതീശനെ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. സതീശന്‍ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ മാണിയുടെ അഭിഭാഷകനും വിജിലന്‍സ് നിയമോപദേശകനും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

അതേസമയം മാണിയുടെ അഭിഭാഷകന്റെ ആവശ്യം കോടതിയെ ചൊടിപ്പിച്ചിരുന്നു. സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുള്ള ഉത്തരവ് കോടതിക്കുമുന്നിലുണ്ടെ്. സതീശന്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്നും കോടതി ചോദിച്ചു. സതീശന്‍ ഹാജരാകരുതെന്ന് മാണിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോപണവിധേയര്‍ക്കെന്താണ് ഇതില്‍ കാര്യമെന്നായിരുന്നു കോടതിയുടെ ചോദ്യം. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള വിജിലന്‍സിന്റെ മൂന്നാമത്ത റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയായിരുന്നു തര്‍ക്കം. മാണിക്കെതിരെ തെളിവുണ്ട്. ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടിന് പിന്നില്‍ ഒത്തുകളിയുണ്ടെന്ന പരസ്യനിലപാടാണ് നേരത്തെ കെപി സതീശന്‍ സ്വീകരിച്ചത്.

വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് നേരത്തെ ആവശ്യപ്പെട്ട ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ അഭിഭാഷകന്‍ ഹാജരായില്ല. അതേസമയം റിപ്പോര്‍ട്ട് തള്ളണമെന്ന് വിഎസ് അച്യുതാനന്ദന്റേയും ബിജെപി നേതാവ് വി മുരളീധരന്റേയും ബാറുടമ ബിജുരമേശിന്റെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കടുതല്‍ സമയംതേടി. മന്ത്രി വിഎസ് സുനില്‍കുമാറിന് പകരം സിപിഐ നേതാവ് പികെ രാജു കേസില്‍ കക്ഷി ചേര്‍ന്നു. മാണിയോട് സിപിഎം അടുക്കുന്നതിടെയാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍