UPDATES

വിപണി/സാമ്പത്തികം

ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസം, ഹോട്ടലുകളിലെ ഭക്ഷണവില കുറയും; ജി എസ് ടി ഇളവുകള്‍

കള്ളപ്പണ നിയമത്തില്‍ നിന്നും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കും.

ജിഎസ് ടിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ന്യൂഡല്‍ഹിയില്‍ ഇന്നു ചേര്‍ന്ന ജിഎസ് ടി കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഗ്യാസ് സ്റ്റൗ, നൂല്, ഹെയര്‍ ക്ലിപ്, സേഫ്റ്റി പിന്‍ തുടങ്ങിയവയ്ക്ക് വില കുറയും. കരകൗശലവസ്തുക്കളുടെയും കയര്‍ ഉത്പന്നങ്ങളുടെയും നികുതി കുറയും. സ്വര്‍ണം വാങ്ങുന്നതിന് പാന്‍ കാര്‍ഡ് വേണ്ടി വരില്ല. കള്ളപ്പണ നിയമത്തില്‍ നിന്നും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കും.

ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടായി. ഒരു കോടിവരെ വിറ്റുവരവുള്ളവര്‍ ത്രൈമാസ റിട്ടേണ്‍ നല്‍കിയാല്‍ മതി. കയറ്റുമതിക്കാര്‍ക്ക് ആറുമാസത്തേക്ക് ഐജിഎസ്ടി ഇളവ് ലഭിക്കാനും സാധ്യതയുണ്ട്. എ സി റസ്റ്ററന്റുകളില്‍ ഭക്ഷണത്തിന്റെ ജിഎസ് ടി പതിനെട്ടില്‍ നിന്നും 12 ശതമാനമാക്കും. ഇ-വേ ബി്ല്ലിഗ് ഏപ്രില്‍ മുതല്‍ ആരംഭിക്കും. ഈ-വാലറ്റ് സംവിധാനം ആറുമാസത്തനിടയില്‍ തുടങ്ങുമെന്നും യോഗത്തില്‍ തീരുമാനമായി.

അതേസമയം പ്രധാനമന്ത്രി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാന്‍ സാധ്യതയില്ല. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം കാര്യങ്ങള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ഇന്നു രാത്രി ഒമ്പതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ കൗണ്‍സില്‍ യോഗത്തിനു നേതൃത്വം നല്‍കിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയായതിനാല്‍ മോദി ഇന്നു സംസാരിക്കാന്‍ സാധ്യതയില്ല. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഉദ്ഘാന ചടങ്ങില്‍ പങ്കെടുക്കേണ്ടി വരുന്നതിനാലാണ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നത്. ജെയ്റ്റിലി തന്നെയാണ് മാധ്യമങ്ങളെ കാണുന്നതും.

ഇതിനിടയില്‍ കേന്ദ്രധനമന്ത്രിസ്ഥാനത്തു നിന്നും അരുണ്‍ ജെയ്റ്റ്‌ലി മാറിയേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നിരുന്നു. ജെയ്റ്റ്‌ലിക്ക് പകരം എസ്ബിഐ മുന്‍ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ ധനമന്ത്രിയായേക്കമെന്നുമായിരുന്നു വാര്‍ത്തകളില്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലായിരിക്കും ജയ്റ്റിലിയുടെ മാറുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം ഉണ്ടാകാന്‍ ഇന്നു സാധ്യത കുറവാണെന്നാണ് ഡല്‍ഹിയില്‍ നിന്നും വരുന്ന സൂചനകള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍