UPDATES

ഹാദിയ – ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരം; ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. 

ഹാദിയയുടേയും ഷെഫിന്‍ ജഹാന്റേയും വിവാഹം നിയമപരമാണെന്ന് സുപ്രീംകോടതി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

അതേസമയം ഷെഫിന്‍ ജഹാന്റെ തീവ്രവാദം ബന്ധം സംബന്ധിച്ച് ആരോപണത്തില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുൻപു പൂർത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആണ് കേസ് ഹര്‍ജി പരിഗണിച്ചത്. നിയമ പോരാട്ടം തുടരും എന്നാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ പ്രതികരണം.  കോടതി വിധി പൂര്‍ണമല്ലെന്നും തട്ടിക്കൂട്ട് വിവാഹമാണ് നടന്നത് എന്ന് കോടതിയെ ബോധിപ്പിക്കാന്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അശോകന്‍ പറഞ്ഞു.

2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ ശേഷം തട്ടിക്കൂട്ട് വിവാഹം നടത്തുകയായിരുന്നു എന്നായിരുന്നു ഹാദിയയെ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് 2016 ജനുവരി 19ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അശോകന്‍ ആരോപിച്ചിരുന്നത്. സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ഹോമിയോ കോഴ്‌സിന്റെ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മകള്‍ അഖിലയെ കാണാനില്ലെന്ന പരാതിയുമായി 2016 ജനുവരി ആറിന് അശോകന്‍ കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. രണ്ട് തവണയാണ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ തവണ താന്‍ സ്വമേധയാ മതം മാറിയതാണ് എന്ന ഹാദിയയുടെ വാദം അംഗീകരിച്ച ഹൈക്കോടതി, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള ഹാദിയയുടെ താല്‍പര്യവും അവകാശവും അംഗീകരിച്ച് ഉത്തരവിട്ടിരുന്നു. മഞ്ചേരിയിലെ സത്യസരണിയില്‍ മതപഠനത്തിന് ചേര്‍ന്ന ഹാദിയയ്ക്ക് പഠനം തുടരാനും താല്‍പര്യമുള്ള ഇടത്ത് താമസിക്കാനും കോടതി അനുമതി നല്‍കിയിരുന്നു.

ഓഗസ്റ്റ് 22ന് അശോകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും സെപ്റ്റംബര്‍ 27ന് സത്യസരണി ഭാരവാഹിക്കൊപ്പം ഹാദിയയെ വിട്ടു. 2016 ഡിസംബര്‍ 21ന് ഹൈക്കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചു. ഡിസംബര്‍ 19ന് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം നടന്നെന്നാണ് ഹാദിയ ഹൈക്കോടതിയെ അറിയിച്ചത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ നടന്ന വിവാഹത്തിന്റെ വിശദ വിവരങ്ങള്‍ അറിയാന്‍ ഡിസംബര്‍ 21ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ഹാദിയയെ എറണാകുളത്തെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

തുടര്‍ന്ന് 2017 മേയ് 24ന് വിവാഹം റദ്ദാക്കിയ ഹൈക്കോടതി, ഹാദിയയെ മാതാപിതാക്കളോടൊപ്പം അയക്കുകയായിരുന്നു. താന്‍ വീട്ടുതടങ്കലില്‍ കടുത്ത മാനസിക – ശാരീരിക പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു ഹാദിയയുടെ പരാതി. 2017 നവംബര്‍ 27ന് സുപ്രീംകോടതി ഹാദിയയെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം തുടരാന്‍ ഹോമിയോ വിദ്യാര്‍ത്ഥിനിയായ ഹാദിയയ്ക്ക് സുപ്രീംകോടതി അനുവാദം നല്‍കി. ഹാദിയുടെ വ്യക്തി സ്വാതന്ത്ര്യം അംഗീകരിച്ച കോടതി, അതേസമയം ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിന്‍റെ കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയായ വ്യക്തിയുടെ സ്വയംനിര്‍ണയാവകാശം, മനുഷ്യാവകാശം എന്നിവ സംബന്ധിച്ച് ഏറെ ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ത്തിയ ഹാദിയ കേസ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായിരുന്നു. 25 കാരിയായ സ്ത്രീയെ കേവലം ഒരു പെണ്‍കുട്ടി എന്ന നിലയില്‍ കണ്ട് വീട്ടുകാരുടെ സംരക്ഷണയിലയച്ച കോടതി നടപടി നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ഹിന്ദു – മുസ്ലീം മതമൗലികവാദ, വര്‍ഗീയ സംഘടനകള്‍  ഹാദിയ കേസില്‍ നടത്തിയ മുതലെടുപ്പും സമൂഹത്തിലുണ്ടാക്കാന്‍ ശ്രമിച്ച വലിയ തോതിലുള്ള ധ്രുവീകരണവും ഹാദിയ കേസിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍