UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാമിദ് അന്‍സാരിയുടെ ‘ഭീകരബന്ധം’ അന്വേഷിക്കണമെന്ന് സംഘപരിവാര്‍

ഉപരാഷ്ട്രപതിയായിരിക്കുമ്പോള്‍ അന്‍സാരിക്ക് ഭീകരരുമായി ബന്ധമുണ്ടായിരുന്നു എന്ന് ആരോപിച്ച സുരേന്ദ്ര കുമാര്‍ ജയിന്‍,  ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ വീണ്ടും സംഘപരിവാര്‍ രംഗത്ത്. ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് കോഴിക്കോട് ഘടകം സംഘടിപ്പിച്ച വനിത സമ്മേളനം ഇന്നലെ ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ വനിതാ വിഭാഗമായ നാഷണല്‍ വിമന്‍സ് ഫ്രണ്ടിന്‍റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ അന്‍സാരി പങ്കെടുത്തതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഭീകര സംഘടനയാണെന്നാണ് സംഘപരിവാറിന്‍റെ പക്ഷം.

ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തതോടെ ഹമീദ് അന്‍സാരി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര കുമാര്‍ ജയിന്‍ ആരോപിച്ചു. വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ മുസ്ലീം സമുദായത്തിനിടയില്‍ അസംതൃപ്തി വളര്‍ത്താന്‍ അന്‍സാരി ശ്രമിച്ചു എന്നാണ് മറ്റൊരു ആരോപണം. അന്നുമുതല്‍ തന്നെ ഭീകരവാദികളുടെ അജണ്ട നടപ്പാക്കാന്‍ അദ്ദേഹം രഹസ്യ നീക്കം നടത്തിയിരുന്നതായും വിശ്വഹിന്ദു പരിഷത്ത് ആരോപിക്കുന്നു. ഉപരാഷ്ട്രപതിയായിരിക്കുമ്പോള്‍ അന്‍സാരിക്ക് ഭീകരരുമായി ബന്ധമുണ്ടായിരുന്നു എന്ന് ആരോപിച്ച സുരേന്ദ്ര കുമാര്‍ ജയിന്‍,  ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല സംഘപരിവാര്‍ അന്‍സാരിക്കെതിരെ രംഗത്തെത്തുന്നത്. അന്‍സാരിയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അദ്ദേഹത്തിനെതിരെ മുനവെച്ച് സംസാരിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ അസംതൃപ്തരാണെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ അന്‍സാരി തുറന്നടിച്ചത് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിനിടയില്‍, ഉത്തര്‍പ്രദേശിലെ അലിഗഢില്‍ അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നടത്തുന്ന മദ്രസയിലെ കുടിവെള്ളത്തില്‍ എലിവിഷം കലര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ മാസം 17ന് ആയിരുന്നു സംഭവം. ഇതിനെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍