UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടാളക്കാരുമായി സംസാരിക്കരുത്: കാശ്മീരി സ്ത്രീകള്‍ക്ക് ഹിസ്‌ബുള്‍ കമാന്‍ഡറുടെ ഉത്തരവ്

പട്ടാളം സ്‌പോണ്‍സര്‍ ചെയ്യുന്ന വിനോദ യാത്രകള്‍ക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കളോടും അധ്യാപകരോടും ജാഗ്രത പാലിക്കണമെന്നും, അങ്ങനെ ചെയ്യുന്നവരെ തങ്ങള്‍ വെറുതെ വിടില്ലെന്നും റിയാസ് നൈക്കോ പറയുന്നുണ്ട്.

സൈനികരുമായും അപരിചിതരുമായും സമൂഹ മാധ്യമങ്ങളിലൂടെ സംസാരിക്കരുതെന്ന് കാശ്മീര്‍ പെണ്‍കുട്ടികളോട് ഹിസ്ബുള്‍ കമാന്‍ഡര്‍ റിയാസ് നൈക്കോ. കുപ്രസിദ്ധിനായ സൈനികന്‍ മേജര്‍ നിതിന്‍ ലീതുല്‍ ഗൊഗോയിയെ പെണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ എത്തിയപ്പോള്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് ഹിസ്ബുള്‍ തലവന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭീകരരെക്കുറിച്ച് വിവരം ലഭിക്കുന്നതിന് പുരുഷന്മാരെ പട്ടാളം നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ അവരോട് അതേകുറിച്ചുള്ള വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാനും ഹിസ്ബുള്‍ ഭീകരന്‍ നിര്‍ദേശിക്കുന്നുണ്ട്.

‘തീവ്രവാദികളുടെ വിവരം ലഭിക്കുന്നതിനായി സ്ത്രീകളുമായി, പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമായി, സൈന്യവും പോലീസും സൗഹൃദം സ്ഥാപിക്കുന്നുണ്ടെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ തെറ്റായ മാര്‍ഗങ്ങളിലേക്ക് നയിക്കാനാണ് പട്ടാളം ശ്രമിക്കുന്നത്’ പത്ത് മിനുട്ട് ദൈര്‍ഘ്യംവരുന്ന ശബ്ദസന്ദേശത്തില്‍ റിയാസ് നൈക്കോ പറഞ്ഞു. 2016ല്‍ കാശ്്മീര്‍ താഴ്വരയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്കൊപ്പം തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന ഭീകരനാണ് റിയാസ്. ഹിസ്ബുളില്‍ അവശേഷിക്കുന്ന വാനിയുടെ ഏക സമകാലികന്‍ ഇയാള്‍ മാത്രമാണ്. ‘സൈന്യത്തെയും പോലീസിനേയും അകറ്റി നിര്‍ത്തണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ അപരിചിതരുമായി സംസാരിക്കരുതെന്നും നമ്മുടെ സഹോദരിമാരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ രഹസ്യങ്ങള്‍ അന്യരുമായി പങ്കുവെക്കരുത്. അത് നിങ്ങളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചേക്കാം’, അദ്ദേഹം പറഞ്ഞു.

പട്ടാളം സ്‌പോണ്‍സര്‍ ചെയ്യുന്ന വിനോദ യാത്രകള്‍ക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കളോടും അധ്യാപകരോടും ജാഗ്രത പാലിക്കണമെന്നും, അങ്ങനെ ചെയ്യുന്നവരെ തങ്ങള്‍ വെറുതെ വിടില്ലെന്നും റിയാസ് നൈക്കോ പറയുന്നുണ്ട്. കൂടാതെ, ജയിലിലടക്കപ്പെട്ട തീവ്രവാദികളെ ജയില്‍ സൂപ്രണ്ടുമാര്‍ അനാവശ്യമായി മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അത്തരം അധികാരികള്‍, അത് മുസ്ലിമായാലും ഹിന്ദുവായാലും, അവര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന ഭീഷണിയും ശബ്ദ സന്ദേശത്തിലുണ്ട്. അതേസമയം, തനിക്ക് പ്രായപൂര്‍ത്തി ആയിട്ടുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഹോട്ടലിലേക്ക് വന്നതെന്നും മേജര്‍ ഗൊഗോയ്‌ക്കൊപ്പം പിടിയിലായ ബഡ്ഗാം സ്വദേശിയായ യുവതി പോലീസിനോട് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഗൊഗോയിയെ പരിചയപ്പെട്ടതെന്ന് നേരത്തേ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം കാശ്്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് വിവാദത്തില്‍ അകപ്പെട്ട സൈനികനാണ് മേജര്‍ നിതിന്‍ ലീതുള്‍ ഗൊഗോയ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍