UPDATES

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.42; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; മഴ തുടരുന്നു

ജലനിരപ്പ് 2399 അടിയായാല്‍ അതീവ ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2395 അടി കടന്നതോടെ അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്)പുറപ്പെടുവിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ നടത്തിയ പരിശോധനയിലാണ് ജലനിരപ്പ് 2395 അടിയായതായി കണ്ടെത്തിയത്. ജലനിരപ്പ് 2395.42 അടിയായെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേമയം അണക്കെട്ടിനും പരിസര പ്രദേശത്തുമുള്ള സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതർ പറയുന്നത്. കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ജലനിരപ്പ് 2399 അടിയാകുമ്പോഴാണ് റെഡ് അലർട്ട് (അതീവ ജാഗ്രത നിർദ്ദേശം) പുറപ്പെടുവിക്കുകയുള്ളൂ.

പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്ന് രാവിലെയും അതിശക്തമായ മഴ തുടരുന്നതിനാൽ രണ്ട് ദിവസത്തിനകം റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. മൈക്ക് അനൗൺസ്മെന്റ് വഴിയും നേരിട്ടുമാണ് ജാഗ്രതാ നിർദ്ദേശം നൽകുക. തുടർന്ന് 24 മണിക്കൂറിനകം ഷട്ടറുകൾ തുറക്കും.

ഇതിന് മുന്നോടിയായി ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി ട്രയൽ റൺ നടത്തും. ട്രയൽ റണ്ണിൽ ഒരു സെക്കൻഡിന് 1750 ഘനയടി വെള്ളം പുറത്തേക്കൊഴുകും. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് നടത്തിയ പരിശോധനയിൽ 2394.80 അടി ആയിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. വൈകിട്ട് ആറ് മണിയോടെ ഇത് 2394.90 ആയി. രാത്രി ഒമ്പത് മണിയോടെ 2395 കടന്നതോടെ കെഎസ്ഇബി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ആലുവയിൽ തയ്യാറായി നിൽക്കുകയാണ്. ഇന്നലെ രാത്രിയോടെ മറ്റൊരു സംഘം ഇടുക്കിയിലെത്തി. തൃശൂരിലും ഒരു സംഘം തയ്യാറായി നിൽപ്പുണ്ട്. സംസ്ഥാന സർക്കാർ കര, നാവിക, വ്യോമ സേനകളുടെയും തീരദേശസേനയുടെയും സഹായവും തേടി.

ഇതിനിടെ ജലനിരപ്പ് 2497 അടിയിലെത്തുമ്പോഴേക്കും റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നും ഷട്ടറുകൾ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഷട്ടറുകൾ നേരത്തെ തുറക്കാൻ മൂന്ന് കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലവിൽ 135.80 അടിയാണ്. 142 അടിയാണ് അനുവദനീയമായ സംഭരണ ശേഷി. ഡാം നിറഞ്ഞാൽ സ്പിൽവേയിലൂടെ പരിയാറിലേക്ക് എത്ര വെള്ളം എത്തിച്ചേരുമെന്ന് കണക്കാക്കാനാകില്ല. ഇതു സംബന്ധിച്ച കേരളത്തിന്റെ ആശങ്ക തമിഴ്നാട് കണക്കാക്കുന്നുമില്ല. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഇടുക്കി സംഭരണിയിലാണ് എത്തിച്ചേരുക. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് വേഗത്തിൽ ഉയർന്നാൽ ചെറുതോണിയിലെ അഞ്ച് ഷട്ടറുകൾ ഒരുമിച്ച് തുറക്കേണ്ടതായി വരും. ഇത് വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടത്തിനും കാരണമാകും. നിയന്ത്രിതമായ അളവിൽ നേരത്തെ തുറന്നാൽ ഇത് ഒഴിവാക്കാൻ സാധിക്കും.

ചെറുതോണി അണക്കെട്ട് 1992ലാണ് അവസാനമായി തുറന്നത്. അതിന് ശേഷം പെരിയാറിന്റെ തീരത്ത് വൻതോതിൽ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും നടന്നിട്ടുണ്ട്. ഇതുമൂലം പലയിടത്തും പുഴയുടെ സ്വാഭാവിക ഒഴുക്കിന് മാറ്റമുണ്ടായി.

ഷട്ടറുകൾ തുറക്കുമ്പോൾ ചെറുതോണി ഡാമിൽ നിന്നും ജലം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിലെത്തും. തടിയമ്പാട്, കരിയൻ ചപ്പാത്തുകളിലൂടെ ഒഴുകുന്ന വെള്ളം എറണാകുളം ജില്ലയുടെ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടിലെത്തും. നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂരിലേക്കും വെള്ളമെത്തും.

എറണാകുളം ജില്ലയിൽ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനവുകാട്, വല്ലാർപാടം, പൊന്നാരിമംഗലം എന്നിവിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകും. നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാൻ സാധ്യതയുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദ്ദേശം ( ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ചു. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓറഞ്ച് അലർട് (രണ്ടാം ഘട്ട ജാഗ്രതാ നിർദേശം) നൽകി എന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ല. മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം ( റെഡ് അലർട്ട് ) ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണാധികാരികളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണം.

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

അണക്കെട്ട് തുറന്നേക്കും ജാഗ്രത; അല്ലാ.. ഈ ‘ജാഗ്രത’ എന്നു പറഞ്ഞാല്‍ ചുമ്മാ ഉറക്കമൊഴിച്ചിരുന്നാല്‍ മതിയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍