UPDATES

ന്യൂസ് അപ്ഡേറ്റ്സ്

25 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ ത്രിപുരയില്‍ ആള്‍ക്കൂട്ട കൊലകള്‍ ഉണ്ടായിട്ടില്ല: മണിക് സര്‍ക്കാര്‍

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച പ്രചാരണങ്ങള്‍, ആള്‍ക്കൂട്ട കൊലകള്‍, ഗോരക്ഷ ഗുണ്ടായിസം തുടങ്ങിയവ ബിജെപിയുടെ കുടില തന്ത്രങ്ങളുടേയും പദ്ധതിയുടേയും ഭാഗമാണ് – കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍. വലിയ ഗൂഢാലോചനയാണിത്.

1993 മുതല്‍ 2018 വരെ തുടര്‍ച്ചയായ 25 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനിടെ ത്രിപുരയില്‍ ആള്‍ക്കൂട്ടം ആരെയും തല്ലിക്കൊല്ലുന്ന സംഭവമുണ്ടായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും പൊതുപ്രശ്‌നങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ തെറ്റുകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടേണ്ടത് ആവശ്യമായി വരുകയും ചെയ്യുമ്പോളാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും മണിക് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ത്രിപുരയിലെ ബിജെപി സര്‍ക്കാരും പശ്ചിമ ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരും ജനാധിപത്യ കശാപ്പ് നടത്തുന്നതായി ആരോപിച്ച്, ഇതിനെതിരെ പ്രതിഷേധവുമായി അഞ്ച് ഇടതുപാര്‍ട്ടികള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് മണിക് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്. ത്രിപുരയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് നാല് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് മണിക് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച പ്രചാരണങ്ങള്‍, ആള്‍ക്കൂട്ട കൊലകള്‍, ഗോരക്ഷ ഗുണ്ടായിസം തുടങ്ങിയവ ബിജെപിയുടെ കുടില തന്ത്രങ്ങളുടേയും പദ്ധതിയുടേയും ഭാഗമാണ് – കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍. വലിയ ഗൂഢാലോചനയാണിത്. ഈ ഭീകര പദ്ധതിയുടെ ഏറ്റവും വലിയ ഇരകള്‍ ന്യൂനപക്ഷ വിഭാഗങ്ങളും ദലിതരുമാണ്. ബിജെപിയെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ തങ്ങള്‍ക്കെതിരാകുന്നു എന്ന് മനസിലാകുമ്പോളുണ്ടാകുന്ന ഭീതിയില്‍ നിന്നാണ് ഇത്തരം പരിപാടികള്‍ അവര്‍ ശക്തിപ്പെടുത്തുന്നത്. ഗ്രാമങ്ങളിലെ ഗോത്രവര്‍ഗ, ഇതര വിഭാഗങ്ങളുടെ വരുമാന സ്രോതസായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ത്രിപുര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്ന് മണിക് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പട്ടിണി വീണ്ടും തലപൊക്കിയിരിക്കുന്നു. വ്യാപാരവും വ്യവസായവും പ്രതിസന്ധിയിലാണ് ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നതായും മണിക് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍